രക്ഷിതാക്കൾക്കും സന്ദർശകർക്കും വിലക്ക്; ഈ യാത്ര വിദ്യാർത്ഥികൾക്ക് മാത്രം, നിയമം തെറ്റിച്ചാൽ കർശന നടപടി!

അബുദാബി ∙ യുഎഇയിലെ സ്കൂൾ ബസുകളിൽ ഇനി വിദ്യാർത്ഥികൾക്ക് മാത്രമേ പ്രവേശനമുള്ളൂ. രക്ഷിതാക്കളെയും സന്ദർശകരെയും ബസിൽ കയറുന്നതിൽ നിന്ന് വിലക്കി. വിദ്യാർത്ഥികൾക്കായി മാത്രം പരിമിതപ്പെടുത്തിയ സ്കൂൾ ബസുകളിൽ രക്ഷിതാക്കളോ അധ്യാപകരോ ഒരു കാരണവശാലും കയറരുത് എന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. വിദ്യാർത്ഥികളെ നിരീക്ഷിക്കുന്നതിനായി സ്കൂളുകളിലും ബസുകളിലും ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.

ബസ് റൂട്ട്, ഗതാഗതം, വിദ്യാർത്ഥികളുടെ സുരക്ഷ എന്നിവ സംബന്ധിച്ച വിവരങ്ങൾക്കായി സ്കൂൾ അഡ്മിനിസ്ട്രേഷനെയാണ് ബന്ധപ്പെടേണ്ടത്. ഇത്തരം കാര്യങ്ങൾക്കായി ബസ് ഡ്രൈവർമാരെയോ സൂപ്പർവൈസർമാരെയോ നേരിട്ട് ബന്ധപ്പെടരുതെന്ന് വിദ്യാഭ്യാസ മന്ത്രാലയം രക്ഷിതാക്കളോട് അഭ്യർത്ഥിച്ചു.

ഈ ചട്ടങ്ങൾ ലംഘിക്കുന്നത് ശിശു സംരക്ഷണ നിയമങ്ങളുടെ ലംഘനമായി കണക്കാക്കും. സ്കൂൾ ഗതാഗത സംവിധാനത്തിൽ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. നിയമം ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

ഗൾഫിൽ ഒരു ജോലിയാണോ നിങ്ങളുടെ ലക്ഷ്യം? എങ്കിൽ കേരള സര്‍ക്കാരിന്റെ ഏറ്റവും പുതിയ റിക്രൂട്ട്‌മെന്റ്; ശമ്പളത്തിന് പുറമെ താമസം, ഫ്രീ ടിക്കറ്റും

ഗൾഫ് രാജ്യങ്ങളിൽ ജോലി ലക്ഷ്യമിടുന്നവർക്ക് സന്തോഷവാർത്ത. കേരള സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഒഡാപെക് (Overseas Development and Employment Promotion Consultants Ltd) ഒമാനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള അധ്യാപക തസ്തികകളിൽ പുതിയ റിക്രൂട്ട്‌മെന്റ് ആരംഭിച്ചു.

ലിംഗഭേദമില്ലാതെ അപേക്ഷിക്കാമെങ്കിലും സ്ത്രീകൾക്ക് മുൻഗണന നൽകിയിട്ടുണ്ട്. താൽപര്യമുള്ളവർ ഒഡാപെക് വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള ഇമെയിൽ വിലാസത്തിലേക്ക് അപേക്ഷ അയയ്ക്കണം.

അവസാന തീയതി: ഒക്ടോബർ 15

ഒഴിവുകൾ

ഒമാനിലെ സ്കൂളുകളിലെ താഴെപ്പറയുന്ന വിഷയങ്ങളിലാണ് അധ്യാപകരെ ആവശ്യമുള്ളത്:

ഇംഗ്ലീഷ് – 01

ഫിസിക്സ് – 01

മാത്‌സ് – 01

ഐസിടി (Information & Communication Technology) – 01

ഫിസിക്കൽ എജ്യുക്കേഷൻ – 01

ആകെ ഒഴിവുകൾ: 05

യോഗ്യത

ബന്ധപ്പെട്ട വിഷയത്തിൽ ബിരുദവും ബിഎഡും നിർബന്ധം.

പിജി യോഗ്യതയുള്ളവർക്ക് മുൻഗണന.

ഇംഗ്ലീഷ് ഭാഷയിൽ പരിജ്ഞാനം ആവശ്യമാണ്.

അധ്യാപന പരിചയം: 2 മുതൽ 5 വർഷം വരെ.

പ്രായപരിധി നിശ്ചയിച്ചിട്ടില്ല.

ശമ്പളവും ആനുകൂല്യങ്ങളും

പ്രതിമാസം 300 ഒമാനി റിയാൽ (ഏകദേശം ₹65,000).

താമസം, മെഡിക്കൽ ഇൻഷുറൻസ്, ഇക്കോണമി ക്ലാസ് റിട്ടേൺ ടിക്കറ്റ് (വർഷത്തിലൊരിക്കൽ), 30 ദിവസത്തെ പെയ്ഡ് ലീവ് എന്നിവയും ലഭിക്കും.

അപേക്ഷിക്കേണ്ട വിധം

താൽപര്യമുള്ളവർ ഒഡാപെകിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് Job Openings → Oman Recruitment വിഭാഗം തിരഞ്ഞെടുക്കണം.

തുടർന്ന്, സിവി, പാസ്‌പോർട്ട് കോപ്പി, സർട്ടിഫിക്കറ്റ് കോപ്പി എന്നിവ സഹിതം താഴെപ്പറയുന്ന ഇമെയിൽ വിലാസത്തിലേക്ക് അപേക്ഷ അയക്കണം:
t[email protected]

സബ്ജക്ട് ലൈനിൽ “Teacher” എന്ന് രേഖപ്പെടുത്തണം.

അപേക്ഷകൾ ഒക്ടോബർ 15ന് മുമ്പ് ലഭിക്കണം. തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികളെ ഇമെയിൽ മുഖേന അറിയിക്കും.

കൂടുതൽ വിവരങ്ങൾക്ക് ഒഡാപെക് വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്, അല്ലെങ്കിൽ ഹെൽപ്‌ലൈൻ നമ്പറുകളായ
0471-2329440 / 41 / 42 / 43 / 45 എന്നവയിൽ ബന്ധപ്പെടാം.

അപേക്ഷിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് ക്ലിക്ക് ചെയ്യാം https://odepc.kerala.gov.in/job/englishphysicsmathsictphysical-education-teachers-required-for-oman

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

കാല്‍നട യാത്രക്കാർ സൂക്ഷിച്ചോ; യുഎഇയില്‍ രണ്ട് പേര്‍ അപകടത്തില്‍ മരിച്ച സംഭവത്തില്‍ കർശന നടപടി

ഷാർജയിൽ കാൽനട യാത്രക്കാർ നിയമം ലംഘിക്കുന്നതിനെതിരെ (Jaywalking) പോലീസ് കർശനനടപടി ആരംഭിച്ചു. ഒക്ടോബറിൽ എമിറേറ്റിൽ രണ്ട് കാൽനടയാത്രക്കാർ മരണപ്പെട്ടതിനെ തുടർന്നാണ് പരിശോധനകൾ ശക്തമാക്കിയത്. “നിർദേശിക്കപ്പെടാത്ത സ്ഥലങ്ങളിൽ നിന്ന് റോഡ് മുറിച്ചു കടക്കുന്നത് കാൽനട മരണങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നാണ്,” എന്ന് ഷാർജ പോലീസ് ട്രാഫിക് ആൻഡ് പട്രോൾസ് ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ കേണൽ മുഹമ്മദ് അലൈ അൽ നഖ്ബി പറഞ്ഞു.
യുഎഇ ഫെഡറൽ ട്രാഫിക് നിയമപ്രകാരം, നിർദേശിക്കപ്പെടാത്ത സ്ഥലങ്ങളിൽ നിന്ന് റോഡ് മുറിച്ചു കടക്കുന്നവർക്ക് 400 ദിർഹം പിഴ ചുമത്തും. നിയമലംഘനം ട്രാഫിക് അപകടത്തിന് കാരണമാവുകയാണെങ്കിൽ തടവും 5,000 മുതൽ 10,000 ദിർഹം വരെ പിഴയും ലഭിക്കും. അപകടം ഉണ്ടായാലും ഇല്ലെങ്കിലും, നിർദേശിക്കാത്ത സ്ഥലത്ത് നിന്ന് മുറിച്ചു കടന്നാൽ കുറഞ്ഞത് മൂന്ന് മാസം തടവും 10,000 ദിർഹത്തിൽ കുറയാത്ത പിഴയും വിധിക്കപ്പെടും.

കാൽനടയാത്രക്കാർ നിശ്ചിത ക്രോസിങുകളും പാലങ്ങളും അടിപ്പാതകളും ഉപയോഗിക്കണമെന്നും ട്രാഫിക് സിഗ്നലുകൾ കർശനമായി പാലിക്കണമെന്നും കേണൽ അൽ നഖ്ബി അഭ്യർത്ഥിച്ചു. “സുരക്ഷ എന്നത് കാൽനടയാത്രക്കാരുടെയും വാഹനമോടിക്കുന്നവരുടെയും ഒരുപോലെ ഉത്തരവാദിത്തമാണ്. ബോധവത്കരണത്തോടൊപ്പം കർശനമായ നിരീക്ഷണത്തിലൂടെയാണ് നിയമലംഘനങ്ങൾ തടയാൻ ശ്രമിക്കുന്നത്,” അദ്ദേഹം കൂട്ടിച്ചേർത്തു. നിയമം ലംഘിക്കുന്നവരെ കണ്ടെത്താനായി ഇൻഡസ്ട്രിയൽ സോണുകളിലും ഹൈവേകളിലും പോലീസ് പട്രോളിംഗും സ്മാർട്ട് മോണിറ്ററിങ് സംവിധാനങ്ങളും ശക്തിപ്പെടുത്തിയിട്ടുണ്ട്. വാസിത്തിലും ഇൻഡസ്ട്രിയൽ ഏരിയ 10-ലും റോഡ് മുറിച്ചു കടക്കുന്നതിനിടെ 52 കാരിയായ പാകിസ്ഥാനി സ്ത്രീയും 31 കാരനായ അഫ്ഗാൻ പൗരനും മരണപ്പെട്ട സംഭവങ്ങൾക്ക് പിന്നാലെയാണ് ഷാർജ പോലീസ് പരിശോധന കർശനമാക്കിയത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

നെഞ്ചുവേദന ‘ഗ്യാസ് ‘ ആയി തള്ളിക്കളയല്ലേ! ഗൾഫിൽ പ്രവാസികളുടെ പെട്ടെന്നുള്ള മരണം കൂടുന്നു; കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മരിച്ചത് രണ്ട് മലയാളികൾ

ഗൾഫ് രാജ്യങ്ങളിലെ പ്രവാസികളിൽ പെട്ടെന്നുള്ള മരണങ്ങൾ ആശങ്കാജനകമായി വർധിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സൗദി അറേബ്യയിലെ ജിദ്ദയിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ രണ്ട് മലയാളികൾ മരണമടഞ്ഞു. ഈ ആഴ്ച മാത്രം ജിദ്ദയിൽ അഞ്ചോളം മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കുഴഞ്ഞുവീണും ഹൃദയാഘാതം സംഭവിച്ചുമാണ് മരണങ്ങൾ സംഭവിച്ചത്. മലപ്പുറം തിരൂർ വൈലത്തൂർ സ്വദേശി പൊൻമുണ്ടം കുന്നത്ത് അബ്ദുൽ സലാം, വർക്കല സ്വദേശി ദിൽദാർ എന്നിവരാണ് കഴിഞ്ഞ ദിവസങ്ങളിൽ മരിച്ച മലയാളികൾ.

അബ്ദുൽ സലാം നാട്ടിലേക്കു പോകാനിരിക്കെ വെള്ളിയാഴ്ച്ചയാണ് മരിച്ചത്. ശാരീരിക അസ്വസ്ഥതയെ തുടർന്ന് ജിദ്ദയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയപ്പോൾ ഇസിജി പരിശോധനയ്ക്കിടെ ഹൃദയാഘാതം സംഭവിച്ചതായി ഡോക്ടർമാർ തിരിച്ചറിഞ്ഞു. തുടർന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ മരണം സംഭവിച്ചു. ദിൽദാറും ശാരീരിക അസ്വസ്ഥതയെ തുടർന്ന് ആശുപത്രിയിൽ എത്തിയതായിരുന്നു. ഇസിജി എടുത്ത ശേഷം മരുന്ന് വാങ്ങുന്നതിനിടെയാണ് അദ്ദേഹം കുഴഞ്ഞുവീണ് മരിച്ചത്.

കോവിഡ്-ശേഷം പ്രവാസികളിൽ പെട്ടെന്നുള്ള മരണങ്ങൾ വർധിച്ചതായി സാമൂഹ്യപ്രവർത്തകർ വ്യക്തമാക്കുന്നു. അമിത മാനസിക സമ്മർദ്ദം, ജോലിയില്ലായ്മ, വ്യായാമക്കുറവ്, ഉറക്കക്കുറവ്, ഭക്ഷണത്തിലെ അനിയന്ത്രിതത്വം, ആരോഗ്യ പരിശോധനയിൽ അവഗണന എന്നിവയാണ് പ്രധാന കാരണങ്ങളെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. രോഗലക്ഷണങ്ങൾ വ്യക്തമായിട്ടും മരുന്ന് കഴിക്കാനോ ഡോക്ടറുടെ നിർദ്ദേശം പാലിക്കാനോ പലരും തയാറാകുന്നില്ലെന്ന് ജിദ്ദയിലെ പ്രശസ്ത ഡോക്ടർ വിനീത പിള്ള മനോരമ ഓൺലൈനിനോട് പറഞ്ഞു.

“ഹൃദയാഘാതത്തിന്റെ സൂചനയുണ്ടെന്ന് പറഞ്ഞാലും പലരും ‘നാട്ടിൽ പോയി ചികിത്സിക്കാം’ എന്ന നിലപാടിലാണ്. നെഞ്ചുവേദന വന്നാൽ അത് ‘ഗ്യാസ്’ ആണെന്ന് കരുതി അവഗണിക്കരുത്. ചെറുതായി തോന്നുന്ന വേദനകൾ പോലും ഗുരുതര രോഗത്തിന്റെ മുന്നറിയിപ്പ് ആയിരിക്കാം,” — ഡോ. വിനീത പിള്ള മുന്നറിയിപ്പ് നൽകി.

തനിക്കു സമീപകാലത്ത് ചികിത്സയ്‌ക്ക് എത്തിയ ഒരു രോഗിയെ കുറിച്ച് പറഞ്ഞ ഡോക്ടർ പറഞ്ഞു: “ചെറിയ നെഞ്ചുവേദനയ്ക്കു എന്തിന് ഇസിജി, രക്തപരിശോധന തുടങ്ങിയ പരിശോധനകൾ എന്ന് വാദിച്ച രോഗിയെ നിർബന്ധിച്ച് പരിശോധനയ്ക്ക് വിധേയനാക്കുമ്പോഴാണ് ഹൃദയാഘാതത്തിന്റെ ലക്ഷണം കണ്ടെത്തിയത്.”

പ്രവാസികൾക്ക് പൊതുവേ ഇൻഷുറൻസ് ലഭ്യമായതിനാൽ സമീപത്തെ ആശുപത്രികളിൽ പരിശോധന നടത്താൻ ബുദ്ധിമുട്ടില്ലെന്നും, നെഞ്ചുവേദന പോലുള്ള ലക്ഷണങ്ങൾ വന്നാൽ തൽക്ഷണം പരിശോധന നടത്തേണ്ടത് അത്യാവശ്യമാണെന്നും ഡോക്ടർ ഉപദേശിച്ചു.

“മരുന്നുകൾ ശരീരത്തെ ആരോഗ്യത്തോടെ നിലനിര്‍ത്താനാണ്. ഷുഗറിനും കൊളസ്ട്രോളിനും മരുന്ന് കഴിക്കാൻ പലരും മടിക്കുന്നു; ഒരിക്കൽ തുടങ്ങിയാൽ ജീവിതകാലം മുഴുവൻ കഴിക്കേണ്ടിവരുമെന്ന തെറ്റിദ്ധാരണയാണ് കാരണം. ആരോഗ്യത്തെക്കുറിച്ച് അവബോധം വളർത്തണമെന്നും മുന്നറിയിപ്പുകൾ ഗൗരവത്തിൽ എടുക്കണമെന്നും ഡോ. വിനീത പിള്ള പറഞ്ഞു.”

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

Comments

Leave a Reply

Your email address will not be published. Required fields are marked *