യുഎഇയിൽ പാർട്ട് ടൈം ജോലിക്ക് ശമ്പളം 10000 ദിർഹം’: സത്യമോ വ്യാജമോ? വിശദമായി അറിയാം

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ഓൺലൈൻ സൈറ്റുകളിലും പ്രചരിക്കുന്ന, ഉയർന്ന ശമ്പളം വാഗ്ദാനം ചെയ്യുന്ന പാർട്ട്-ടൈം ജോലി വിജ്ഞാപനങ്ങൾക്കെതിരെ ദുബായ് പോലീസ് ശക്തമായ മുന്നറിയിപ്പ് നൽകി. ഇത്തരം അറിയിപ്പുകളിൽ ഭൂരിഭാഗവും വ്യാജമാണെന്ന് പോലീസ് അറിയിക്കുന്നു. ആൻ്റി-ഫ്രോഡ് സെൻ്റർ നൽകുന്ന മുന്നറിയിപ്പ് പ്രകാരം, ഇത്തരം തട്ടിപ്പുകൾ സാധാരണക്കാരെ നിയമപരമായ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരുന്ന ഗുരുതരമായ അവസ്ഥയിലേക്ക് നയിക്കുന്നു. ദുബായ് പോലീസിൻ്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്ട്‌മെൻ്റ് വ്യക്തമാക്കുന്നത്. വ്യാജ വിജ്ഞാപനങ്ങൾ വഴി ബാങ്ക് അക്കൗണ്ടുകൾ തുറക്കുകയോ അജ്ഞാത സ്രോതസുകളിൽ നിന്നുള്ള ഫണ്ട് ട്രാൻസ്ഫറുകൾ നടത്തുകയോ ചെയ്യുന്നതിലൂടെ ആളുകൾ കള്ളപ്പണം വെളുപ്പിക്കൽ പോലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളിലേക്ക് തള്ളിവിടപ്പെടുന്നു. ഇത്തരം കേസുകളിൽ പലപ്പോഴും പിടിക്കപ്പെടുന്നത് സാധാരണക്കാരാണെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു. ഉയർന്ന ശമ്പളം വാഗ്ദാനം ചെയ്താണ് തട്ടിപ്പുകാർ ആളുകളെ വലയിലാക്കുന്നത്. പാർട്ട്-ടൈം ജോലിക്കായി മാസം 10,000 ദിർഹമോ അതിലധികമോ ശമ്പളം വാഗ്ദാനം ചെയ്യുന്നു. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ടെലിഗ്രാം പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലാണ് പ്രധാനമായും പരസ്യം. ആളുകളെ വലയിൽ വീഴ്ത്താനായി ‘എളുപ്പമുള്ള ജോലി’, ‘വീട്ടിൽ നിന്ന് പ്രവർത്തിക്കാം’ എന്നിങ്ങനെയുള്ള ആകർഷകമായ വാഗ്ദാനങ്ങൾ നൽകുന്നു. ജോലി സ്വീകരിക്കാൻ താൽപര്യമുണ്ടെങ്കിൽ, ആളുകൾ വ്യക്തിഗത വിവരങ്ങൾ (പാസ്‌പോർട്ട്, ബാങ്ക് വിവരങ്ങൾ ഉൾപ്പെടെ) നൽകാൻ നിർബന്ധിതരാകുന്നു. ദുബായ് പോലീസിന്‍റെ മുന്നറിയിപ്പ് പ്രകാരം, പാർട്ട്-ടൈം ജോലിയുടെ പേരിൽ ആളുകളെ ആകർഷിച്ച ശേഷം, തട്ടിപ്പുകാർ ഇരകളുടെ പേരിൽ ബാങ്ക് അക്കൗണ്ടുകൾ തുറക്കുകയും അജ്ഞാത സ്രോതസ്സുകളിൽ നിന്നുള്ള പണം മാറ്റാൻ നിർദ്ദേശിക്കുകയും ചെയ്യുന്നു. ഇതോടെ, ഇരകൾ അറിയാതെ തന്നെ ക്രിമിനൽ പ്രവർത്തനങ്ങളുടെ (കള്ളപ്പണം വെളുപ്പിക്കൽ) ഭാഗമാകുകയും അത് ഗുരുതരമായ നിയമനടപടികളിലേക്ക് നയിക്കപ്പെടുകയും ചെയ്യുന്നു.

2025-ലെ ആദ്യ പാദത്തിൽ മാത്രം, ദുബായ് പോലീസിൻ്റെ eCrime ഡിവിഷന് സമാന തട്ടിപ്പുകളെക്കുറിച്ച് 20% കൂടുതൽ റിപ്പോർട്ടുകൾ ലഭിച്ചതായി ഔദ്യോഗിക സ്രോതസ്സുകൾ വ്യക്തമാക്കുന്നു. ഇതിനുപുറമെ, AI ബോട്ടുകൾ ഉപയോഗിച്ച് സംഭാഷണങ്ങൾ നടത്തി ഇരകളെ വഞ്ചിക്കുന്ന പുതിയ രീതികളും ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ദുബായ് പോലീസിൻ്റെ eCrime പ്ലാറ്റ്‌ഫോം അനുസരിച്ച്, തട്ടിപ്പ് സൂചിപ്പിക്കുന്ന പ്രധാന ലക്ഷണങ്ങൾ ഇവയാണ്: വ്യാജ കമ്പനി പേരുകൾ: പ്രശസ്ത ദുബായ് കമ്പനികളെപ്പോലെ തോന്നിക്കുന്ന വെബ്‌സൈറ്റുകൾ സൃഷ്ടിക്കുന്നു. ആദ്യം പണം ആവശ്യപ്പെടൽ: വിസ പ്രോസസിങ്ങിനോ, ട്രെയിനിങ്ങിനോ, ബാക്ക്ഗ്രൗണ്ട് ചെക്കിനോ വേണ്ടി ആദ്യം തന്നെ പണം നൽകാൻ ആവശ്യപ്പെടുന്നു. (ശരിയായ ദുബായ് തൊഴിലുടമകൾ ഇത്തരം ഫീസുകൾ ആവശ്യപ്പെടാറില്ല.) ഔദ്യോഗികമല്ലാത്ത ആശയവിനിമയം: വാട്ട്‌സ്ആപ്പ്, ടെലിഗ്രാം അല്ലെങ്കിൽ സൗജന്യ ഇമെയിൽ സർവീസുകൾ (Free Email Services) മാത്രം ആശയവിനിമയത്തിനായി ഉപയോഗിക്കുന്നു. അസാധാരണമായ വാഗ്ദാനങ്ങൾ: പാർട്ട്-ടൈം ജോലിക്കായി അസാധാരണമാംവിധം ഉയർന്ന ശമ്പളം, അല്ലെങ്കിൽ ‘പേപ്പർവർക്ക് കുറവാണ്’ തുടങ്ങിയ വാഗ്ദാനങ്ങൾ. വ്യക്തിഗത വിവരങ്ങൾ ചോർത്തൽ: പാസ്‌പോർട്ട്, ബാങ്ക് വിവരങ്ങൾ തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ ആവശ്യപ്പെട്ട്, അത് മറ്റ് തട്ടിപ്പുകൾക്കായി ഉപയോഗിക്കുന്നു.
ദുബായ് പോലീസ് നൽകുന്ന പ്രധാന നിർദേശങ്ങൾ- തട്ടിപ്പുകളിൽ അകപ്പെടാതിരിക്കാൻ ദുബായ് പോലീസ് ജനങ്ങൾക്ക് നൽകുന്ന നിർദേശങ്ങൾ ഇതാണ്: മനുഷ്യവിഭവ മന്ത്രാലയം (MOHRE) നൽകിയ ഔദ്യോഗിക ഓഫർ ലെറ്റർ ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക. ഇതിൻ്റെ സാധുത inquiry.mohre.gov.ae എന്ന വെബ്‌സൈറ്റിൽ പരിശോധിക്കുക. നാഷണൽ ഇക്കണോമിക് രജിസ്റ്റർ (NER) പ്ലാറ്റ്‌ഫോമിൽ കമ്പനി പേരും എമിറേറ്റും നൽകി തിരയുക. കമ്പനിക്ക് ആക്ടീവ് ട്രേഡ് ലൈസൻസ് ഉണ്ടോ എന്ന് ഉറപ്പാക്കുക. വിസയുടെ സാധുത ദുബായ് GDRFA വെബ്‌സൈറ്റിലോ (gdrfad.gov.ae) അല്ലെങ്കിൽ ICP സ്മാർട്ട് സർവീസസിലോ (smartservices.icp.gov.ae) ഫയൽ നമ്പർ, ദേശീയത, ജനന തീയതി എന്നിവ നൽകി പരിശോധിച്ച് ഉറപ്പുവരുത്തുക. ജോലി അപേക്ഷയ്ക്കോ വിസയ്‌ക്കോ വേണ്ടി ഒരിക്കലും പണം നൽകരുത്; എല്ലാ നിയമപരമായ ചെലവുകളും തൊഴിലുടമയാണ് സാധാരണയായി വഹിക്കുക. സംശയാസ്പദമായ ജോലിയുടെ സ്ക്രീൻഷോട്ടുകൾ, മെസ്സേജുകൾ എന്നിവ സൂക്ഷിക്കുകയും ഉടൻ അധികൃതർക്ക് റിപ്പോർട്ട് ചെയ്യുകയും ചെയ്യുക. തട്ടിപ്പുകാരുമായി കൂടുതൽ ഇടപഴകരുത്. സംശയാസ്പദമായ ജോലി വിജ്ഞാപനങ്ങൾ കണ്ടാൽ, eCrime.ae പ്ലാറ്റ്‌ഫോം വഴിയോ ദുബായ് പോലീസ് ആപ്പിലെ eCrime സെക്ഷൻ വഴിയോ ഉടൻ റിപ്പോർട്ട് ചെയ്യുക. 901-ലേക്ക് വിളിക്കുകയോ ദുബായ് പോലീസിൻ്റെ ഔദ്യോഗിക ചാനലുകൾ ഉപയോഗിക്കുകയോ ചെയ്യാം. “പൊതു ബോധവൽക്കരണം തട്ടിപ്പുകാർക്കെതിരായ ആദ്യ പ്രതിരോധമാണ്” എന്ന് ദുബായ് അധികൃതർ ഓർമിപ്പിക്കുന്നു. ഈ തട്ടിപ്പുകൾ യുഎഇയിലെ ജോലി തേടുന്നവർക്ക്, പ്രത്യേകിച്ച് വിദേശികൾക്കും പുതിയ തൊഴിലാളികൾക്കും വലിയ ഭീഷണിയാണ്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

യുഎഇ ആകാശത്ത് ഈ വര്‍ഷത്തെ അവസാന മൂന്ന് മാസങ്ങളിൽ ദൃശ്യമാകുന്നത്

2025ന്റെ അവസാന പാദത്തിൽ യുഎഇയിൽ താമസിക്കുന്നവർക്ക് അപൂർവമായ ആകാശവിസ്മയം കാത്തിരിക്കുന്നു. തുടർച്ചയായ മൂന്ന് മാസങ്ങളിൽ മൂന്ന് സൂപ്പർമൂണുകൾ കാണാനാകുമെന്ന് ദുബായ് അസ്‌ട്രോണമി ഗ്രൂപ്പ് അറിയിച്ചു. ഇതിൽ ഈ വർഷത്തെ ഏറ്റവും വലിയ സൂപ്പർമൂണും ഉൾപ്പെടുന്നു. ഭൂമിയോട് ഏറ്റവും അടുത്തെത്തുന്ന സമയത്ത് പൗർണ്ണമിയുമായെത്തുന്ന സൂപ്പർമൂൺ സാധാരണയിൽ നിന്ന് 14 ശതമാനം വലുപ്പത്തിലും 30 ശതമാനം അധിക തിളക്കത്തിലും പ്രത്യക്ഷപ്പെടും. തെളിഞ്ഞ ചക്രവാളമുള്ള എവിടെയിരുന്നും വ്യക്തമായി കാണാനാകുന്നതിനാൽ, ആകാശ നിരീക്ഷകർക്ക് ഇത് അപൂർവാനുഭവമാകുമെന്ന് ഗ്രൂപ്പ് ഓപ്പറേഷൻസ് മാനേജർ ഖദീജ അൽ ഹരീരി വ്യക്തമാക്കി.

സൂപ്പർമൂണുകളോടൊപ്പം മൂന്ന് പ്രധാന ഉൽക്കാവർഷങ്ങളും (Meteor Showers) ആകാശത്ത് ദൃശ്യമാകും. ഒക്ടോബർ 7-ന് Hunter’s Moon, നവംബർ 5-ന് Beaver Moon, ഡിസംബർ 5-ന് Cold Moon എന്നിങ്ങനെ തുടർച്ചയായി അപൂർവ ചാന്ദ്രസംഭവങ്ങൾ പ്രതീക്ഷിക്കാം. പ്രകൃതിയുടെ ഈ അത്ഭുതക്കാഴ്ചകൾ യുഎഇയിലെ ആകാശ നിരീക്ഷകരും ഫോട്ടോഗ്രാഫർമാരും ഒരുപോലെ ആവേശത്തോടെ കാത്തിരിക്കുകയാണ്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

അതിദാരുണം: യുഎഇയിൽ വാഹനാപകടത്തിൽ പിതാവിനും 7 മാസം പ്രായമുള്ള കുഞ്ഞിനും ദാരുണാന്ത്യം

ഷാർജ: ഖോർ ഫക്കാനിലുണ്ടായ വാഹനാപകടത്തിൽ എമിറാത്തി പൗരനായ പിതാവിനും ഏഴ് മാസം പ്രായമുള്ള മകനും ദാരുണാന്ത്യം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മാതാവ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ (ICU) തുടരുകയാണ്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് കുടുംബം സഞ്ചരിച്ച കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപകടത്തിൽ പിതാവിന് മാരകമായി പരിക്കേൽക്കുകയും മാതാവിനും കുഞ്ഞിനും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയാണ് പിഞ്ചുകുഞ്ഞ് മരണത്തിന് കീഴടങ്ങിയത്. ഫജ്ർ നമസ്കാരത്തിന് ശേഷം പിതാവിനെ ഖബറടക്കിയതിന് പിന്നാലെ, മണിക്കൂറുകൾക്ക് ശേഷം കുഞ്ഞിൻ്റെ മൃതദേഹവും അൽ-ഷർഖ് സെമിത്തേരി മസ്ജിദിൽ വെച്ച് നടന്ന പ്രാർത്ഥനകൾക്ക് ശേഷം പിതാവിൻ്റെ അരികിലായി മറവ് ചെയ്തു. കുടുംബാംഗങ്ങളും സുഹൃത്തുക്കളും നാട്ടുകാരും ഉൾപ്പെടെ നിരവധി പേർ അന്ത്യകർമ്മങ്ങളിൽ പങ്കെടുത്തു.

വൈദ്യസഹായം നൽകിയിട്ടും കുഞ്ഞിൻ്റെ ജീവൻ രക്ഷിക്കാനായില്ല. മാതാവിൻ്റെ ആരോഗ്യനില സ്റ്റേബിളായി തുടരുന്നുണ്ടെങ്കിലും നിരീക്ഷണത്തിലാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അവർ അടുത്ത കുറച്ച് ദിവസങ്ങൾ കൂടി തീവ്രപരിചരണ വിഭാഗത്തിൽ തുടരേണ്ടി വരുമെന്ന് ഡോക്ടർമാർ പറഞ്ഞു.

കണ്ണീരിലാഴ്ത്തി ദുരന്തം:

മാതാവിൻ്റെ വേഗത്തിലുള്ള രോഗമുക്തിക്കായി നാട്ടുകാർ അസ്ർ നമസ്കാരത്തിന് ശേഷം പ്രത്യേക പ്രാർത്ഥനകളും നടത്തി. ഖോർ ഫക്കാനിലെ ഈ അടുത്ത സൗഹൃദ സമൂഹത്തെയാകെ ഈ ദുരന്തം പിടിച്ചുലച്ചതായി പ്രദേശവാസികൾ പറയുന്നു. “ഈ ദുരന്തം ഇവിടെയുള്ള എല്ലാവരെയും ഞെട്ടിച്ചു കളഞ്ഞു. കുടുംബത്തോട് ഏറെ സ്നേഹമുള്ള, എല്ലാവർക്കും പ്രിയങ്കരനും മാന്യനുമായ വ്യക്തിയായിരുന്നു പിതാവ്. അച്ഛനെയും കുഞ്ഞിനെയും ഒരുമിച്ച് അടക്കുന്നത് കണ്ടപ്പോൾ എല്ലാവരുടെയും ഹൃദയം തകർന്നുപോയി,” അന്ത്യകർമ്മങ്ങളിൽ പങ്കെടുത്ത ഒരു അയൽവാസി പറഞ്ഞു.

അപകടത്തിൻ്റെ കാരണം കണ്ടെത്താൻ അന്വേഷണം തുടരുകയാണ്. വളവുകളുള്ള തീരദേശ റോഡുകളിൽ, പ്രത്യേകിച്ച് രാത്രികാല യാത്രകളിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് പ്രദേശവാസികൾ അധികൃതരോട് അഭ്യർത്ഥിച്ചു.

ആരോ​ഗ്യമേഖലയിൽ അവസരം; മെഡിക്കൽ ഓഫീസർ, ഓഫീസ് സെക്രട്ടറി തുടങ്ങി വിവിധ തസ്തികകളിൽ നിയമനം; ശമ്പളവും ആനുകൂല്യങ്ങളും അറിയാം

ദേശീയ ആരോഗ്യ മിഷന് (NHM) കീഴിൽ തിരുവനന്തപുരം ജില്ലയിലെ വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. മെഡിക്കൽ ഓഫീസർ, ഓഫീസ് സെക്രട്ടറി, മിഡ് ലെവൽ സർവീസ് പ്രൊവൈഡർ എന്നിവയാണ് നിലവിൽ ഒഴിവുകൾ വന്ന തസ്തികകൾ.

പ്രധാന യോഗ്യതകളും ശമ്പളവും

മെഡിക്കൽ ഓഫീസർ

യോഗ്യത: എം.ബി.ബി.എസ് അല്ലെങ്കിൽ തത്തുല്യം. ഒപ്പം കേരള മെഡിക്കൽ കൗൺസിലിലോ ടി.സി.പി.എമ്മിലോ സ്ഥിരം രജിസ്ട്രേഷനും ഉണ്ടായിരിക്കണം.

ശമ്പളം: പ്രതിമാസം ₹ 50,000.

പ്രായപരിധി: 62 വയസ്സിന് താഴെ.

ഓഫീസ് സെക്രട്ടറി

യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് അടിസ്ഥാന യോഗ്യത. അല്ലെങ്കിൽ, ബിരുദവും PGDCA/DCA യോഗ്യതയും, ഓഫീസ് ജോലികളിൽ 5 വർഷത്തെ പ്രവർത്തി പരിചയവും ഉണ്ടായിരിക്കണം.

ശമ്പളം: പ്രതിമാസം ₹ 24,000.

പ്രായപരിധി: 40 വയസ്സിന് താഴെ.

മിഡ് ലെവൽ സർവീസ് പ്രൊവൈഡർ

യോഗ്യത: ബി.എസ്.സി നഴ്സിംഗ് യോഗ്യതയും കേരള നഴ്സിംഗ് കൗൺസിലിൽ അംഗീകൃത രജിസ്ട്രേഷനും. അല്ലെങ്കിൽ ജി.എൻ.എം (GNM), രജിസ്ട്രേഷൻ, ഒപ്പം ഒരു വർഷത്തെ പ്രവർത്തി പരിചയവും ആവശ്യമാണ്.

ശമ്പളം: പ്രതിമാസം ₹ 20,500 (പരിശീലനം പൂർത്തിയാക്കിയാൽ ₹ 1000 സ്ഥിര നിക്ഷേപം ലഭിക്കും).

പ്രായപരിധി: 40 വയസ്സിന് താഴെ.

അപേക്ഷിക്കേണ്ട രീതിയും സമയപരിധിയും

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ആരോഗ്യകേരളത്തിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ഓൺലൈനായി അപേക്ഷ നൽകണം.

ഓൺലൈൻ അപേക്ഷ നൽകാനുള്ള അവസാന തീയതി: ഒക്ടോബർ 17.

അപേക്ഷാ ഫീസ്: ₹ 350.

ഓൺലൈൻ അപേക്ഷയുടെ പ്രിൻ്റൗട്ടും, അപേക്ഷാ ഫീസ് അടച്ചതിൻ്റെ ഡിമാൻ്റ് ഡ്രാഫ്റ്റും സഹിതം ഒക്ടോബർ 21-ന് മുൻപായി താഴെക്കൊടുത്തിട്ടുള്ള വിലാസത്തിൽ എത്തിക്കണം. അപേക്ഷാ കവറിന് പുറത്ത് ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കുന്നതെന്ന് വ്യക്തമായി എഴുതിയിരിക്കണം.

അപേക്ഷ അയക്കേണ്ട വിലാസം:
‘The District Programme Manager,
Arogyakeralam (NHM), DPM Office, W&C Hospital Compound Thycaud
Thiruvananthapuram 14′

അപേക്ഷയെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് ക്ലിക്ക് ചെയ്യാം https://nhmtvm.com/

വിഞ്ജാപനം വായിക്കാൻ ക്ലിക്ക് ചെയ്യാം https://arogyakeralam.gov.in/wp-content/uploads/2020/04/DPMSU-TVPM-1875-PRO-2022-DPMSU_I-2.pdf

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

Comments

Leave a Reply

Your email address will not be published. Required fields are marked *