പാസ്പോർട്ട് പുതുക്കാൻ വൈകി; വാഹനാപകടത്തിൽ മരിച്ച മകനെ അവസാനമായി കാണാൻ കഴിയാതെ പ്രവാസി മലയാളി, കണ്ണീരോടെ ഉറ്റവർ

വാഹനാപകടത്തിൽ മരിച്ച എട്ടുവയസ്സുകാരനായ മകനെ അവസാനമായി ഒരു നോക്കു പോലും കാണാനാകാതെ പ്രവാസി മലയാളിക്ക് നേരിടേണ്ടിവന്നത് ഹൃദയഭേദകമായ അനുഭവം. നീർക്കുന്നം സ്വദേശിയായ അബ്ദുൽ സലാമിന്റെ മകൻ മുഹമ്മദ് സഹിൽ (8) പുന്നപ്രയിൽ നടന്ന വാഹനാപകടത്തിലാണ് മരിച്ചത്. റിയാദിൽ ജോലി ചെയ്യുന്ന അബ്ദുൽ സലാം, മകനെ അവസാനമായി കാണാൻ നാട്ടിലെത്താൻ ശ്രമിച്ചെങ്കിലും പാസ്‌പോർട്ടിന്റെ കാലാവധി കഴിഞ്ഞതിനാൽ യാത്ര സാധിച്ചിരുന്നില്ല. പുതുക്കൽ നടപടികൾ വൈകിയതോടെ മകന്റെ മൃതദർശനത്തിന് സമയത്ത് എത്താൻ കഴിഞ്ഞില്ല. സംഭവം കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഇരട്ടി വേദനയായി.

എന്നാൽ സാമൂഹ്യപ്രവർത്തകനായ ശിഹാബ് കൊട്ടുകാടിന്റെ ഇടപെടലിലൂടെ ഇന്ത്യൻ എംബസിയിൽ നിന്നും അടിയന്തരമായി പാസ്‌പോർട്ട് പുതുക്കി നൽകിയതോടെ അബ്ദുൽ സലാം ഒടുവിൽ ഒമാൻ എയർലൈൻസിലൂടെ നാട്ടിലെത്താനായി. സഹായത്തിനായി മുന്നോട്ട് വന്ന ഈസ്റ്റ് വെനീസ് അസോസിയേഷൻ (ഇവാ) വിമാന ടിക്കറ്റും മറ്റ് ഒരുക്കങ്ങളും നടത്തി. ട്രഷറർ നിസാർ മുസ്തഫ, അംഗം ഷാജഹാൻ എന്നിവർ ശിഹാബ് കൊട്ടുകാടുമായി ചേർന്ന് നടപടികൾ ഏകോപിപ്പിച്ചു. ഭാരവാഹികളായ ആന്റണി വിക്ടർ, സജാദ് സലിം, നിസാർ മുസ്തഫ, രാജേഷ് ഗോപിനാഥൻ, ഹാഷിം ചീയാംവെളി, സുരേഷ് കുമാർ, ആസിഫ് ഇഖ്ബാൽ, റിയാദ് ടാക്കീസ് പ്രതിനിധി ഷൈജു പച്ച എന്നിവർ അബ്ദുൽ സലാമിനെ യാത്രയയപ്പ് നൽകാൻ എയർപോർട്ടിൽ എത്തുകയും ചെയ്തു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ; അലേർട്ട് പ്രഖ്യാപിച്ചു

ഞായറാഴ്ച യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ പെയ്തതോടെ പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മഴ ശക്തി പ്രാപിച്ചതിനെ തുടർന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പുറപ്പെടുവിച്ചു. പുറത്തേക്ക് പോകുമ്പോൾ ജാഗ്രത പാലിക്കണമെന്നാണ് യെല്ലോ അലേർട്ടിന്റെ നിർദേശം. അതേസമയം, ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച പ്രദേശങ്ങളിലെ താമസക്കാരും സന്ദർശകരും അപകടകരമായ കാലാവസ്ഥ പ്രതീക്ഷിക്കണമെന്നും അധികൃതരുടെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും മുന്നറിയിപ്പ് നൽകി.

ഖോർഫക്കാൻ ഉൾപ്പെടെയുള്ള ചില മേഖലകളിൽ അസ്ഥിരമായ കാലാവസ്ഥ അനുഭവപ്പെട്ടതായി റിപ്പോർട്ട്. കടൽ പ്രക്ഷുബ്ധമായി തിരമാലകൾ ഉയർന്നതായും കനത്ത മഴയെ തുടർന്ന് പല റോഡുകളിലും വെള്ളം കയറിയതായും അധികൃതർ അറിയിച്ചു. അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം കാറ്റഗറി 1 ചുഴലിക്കാറ്റായി മാറാനിടയുണ്ടെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

നിയമം തെറ്റിച്ചാൽ ₹22 ലക്ഷം വരെ പിഴ: യുഎഇയിൽ എഞ്ചിനീയറിംഗ് കൺസൾട്ടൻസി ഓഫീസുകൾക്ക് പുതിയ നിയമം

ദുബായ്: എഞ്ചിനീയറിംഗ് കൺസൾട്ടൻസി ഓഫീസുകളുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനായി ദുബായിൽ പുതിയ നിയമം നിലവിൽ വന്നു. ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പുറത്തിറക്കിയ 2025-ലെ നമ്പർ (14) നിയമം അനുസരിച്ച്, എമിറേറ്റിലെ എല്ലാ എഞ്ചിനീയറിംഗ് കൺസൾട്ടൻസി പ്രവർത്തനങ്ങൾക്കും ദുബായ് മുനിസിപ്പാലിറ്റിയിൽ നിന്ന് ശരിയായ അംഗീകാരവും രജിസ്ട്രേഷനും നിർബന്ധമാക്കി.

നിയമപരമായ ലൈസൻസില്ലാതെ എഞ്ചിനീയറിംഗ് കൺസൾട്ടൻസി പ്രവർത്തനങ്ങൾ ദുബായിൽ നടത്തുന്നത് നിയമം നിരോധിക്കുന്നു. ആർക്കിടെക്ചറൽ, സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, പെട്രോളിയം, കെമിക്കൽ തുടങ്ങിയ എല്ലാ എഞ്ചിനീയറിംഗ് മേഖലകളെയും ഈ നിയമം ഉൾക്കൊള്ളുന്നു.

പ്രധാന നിയമങ്ങളും നിയന്ത്രണങ്ങളും:

ലൈസൻസ് നിർബന്ധം: സാധുവായ ട്രേഡ് ലൈസൻസും ദുബായ് മുനിസിപ്പാലിറ്റിയിൽ രജിസ്ട്രേഷനും ഇല്ലാതെ ഒരു വ്യക്തിക്കോ ഓഫീസിനോ എഞ്ചിനീയറിംഗ് കൺസൾട്ടൻസി ഓഫീസായി പ്രവർത്തിക്കാനോ സ്വയം ചിത്രീകരിക്കാനോ കഴിയില്ല.

പരിധിക്കപ്പുറം പ്രവർത്തിക്കരുത്: ലൈസൻസിൽ അനുവദിച്ച പരിധിക്കപ്പുറം പ്രവർത്തിക്കുന്നതോ, രജിസ്റ്റർ ചെയ്യാത്ത എഞ്ചിനീയർമാരെ നിയമിക്കുന്നതോ, ലൈസൻസില്ലാത്ത കമ്പനികളുമായി കരാറിൽ ഏർപ്പെടുന്നതോ കർശനമായി നിരോധിച്ചിരിക്കുന്നു.

കൺസൾട്ടൻസി ഓഫീസുകളുടെ തരംതിരിവ്:

പുതിയ നിയമം ബാധകമാകുന്ന എഞ്ചിനീയറിംഗ് കൺസൾട്ടൻസി ഓഫീസുകളെ തരംതിരിക്കുന്നുണ്ട്.

എമിറേറ്റിൽ സ്ഥാപിച്ച പ്രാദേശിക കമ്പനികൾ.

തുടർച്ചയായി മൂന്ന് വർഷമെങ്കിലും പ്രവർത്തിപരിചയമുള്ള യുഎഇ ആസ്ഥാനമായുള്ള ഓഫീസുകളുടെ ബ്രാഞ്ചുകൾ.

തുടർച്ചയായി പത്ത് വർഷമെങ്കിലും പ്രവർത്തിപരിചയമുള്ള വിദേശ ഓഫീസുകളുടെ ബ്രാഞ്ചുകൾ.

പ്രാദേശിക, വിദേശ ഓഫീസുകൾ സംയുക്തമായി രൂപീകരിക്കുന്ന സംരംഭങ്ങൾ.

കുറഞ്ഞത് പത്ത് വർഷം പ്രവർത്തിപരിചയമുള്ള രജിസ്റ്റർ ചെയ്ത എഞ്ചിനീയർമാരുടെ ഉടമസ്ഥതയിലുള്ള ഉപദേശം നൽകുന്ന എഞ്ചിനീയറിംഗ് അഡ്വൈസറി ഓഫീസുകൾ.

ഏകീകൃത ഇലക്ട്രോണിക് സംവിധാനം:

ദുബായ് മുനിസിപ്പാലിറ്റി ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച്, ‘ഇൻവെസ്റ്റ് ഇൻ ദുബായ്’ പ്ലാറ്റ്‌ഫോമുമായി ബന്ധിപ്പിച്ച ഒരു ഏകീകൃത ഇലക്ട്രോണിക് സംവിധാനം സ്ഥാപിക്കും. ഇത് രജിസ്ട്രേഷൻ അപേക്ഷകൾ, ക്ലാസിഫിക്കേഷൻ, പ്രൊഫഷണൽ കോമ്പറ്റൻസി സർട്ടിഫിക്കറ്റുകൾ എന്നിവ കൈകാര്യം ചെയ്യും.

ലംഘിച്ചാൽ കനത്ത പിഴയും മറ്റ് ശിക്ഷകളും
നിയമലംഘനം നടത്തുന്നവർക്ക് Dh100,000 (ഏകദേശം 22.5 ലക്ഷം ഇന്ത്യൻ രൂപ) വരെ പിഴ ചുമത്തും. ഒരു വർഷത്തിനുള്ളിൽ ആവർത്തിച്ചുള്ള നിയമലംഘനങ്ങൾക്ക് പിഴ വർധിക്കും. പിഴ കൂടാതെ മറ്റ് ശിക്ഷാ നടപടികളും ഉണ്ടാകാം:

ഒരു വർഷം വരെ കൺസൾട്ടൻസി ഓഫീസുകൾ സസ്‌പെൻഡ് ചെയ്യുക.

ഓഫീസുകളുടെ ക്ലാസിഫിക്കേഷൻ താഴ്ത്തുക അല്ലെങ്കിൽ രജിസ്ട്രിയിൽ നിന്ന് നീക്കം ചെയ്യുക.

വാണിജ്യ ലൈസൻസുകൾ റദ്ദാക്കുക.

ജീവനക്കാരെ സസ്പെൻഡ് ചെയ്യുക, സർട്ടിഫിക്കറ്റുകൾ റദ്ദാക്കുക.

നിയമം പ്രാബല്യത്തിൽ വന്ന് ഒരു വർഷത്തിനുള്ളിൽ എഞ്ചിനീയറിംഗ് കൺസൾട്ടൻസി ഓഫീസുകളും ജീവനക്കാരും തങ്ങളുടെ പദവി പുതിയ നിയമത്തിനനുസരിച്ച് ക്രമീകരിക്കണം. നിയമം പ്രസിദ്ധീകരിച്ച് ആറ് മാസത്തിന് ശേഷം പ്രാബല്യത്തിൽ വരും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

Comments

Leave a Reply

Your email address will not be published. Required fields are marked *