ദുബായ് ആസ്ഥാനമായ പ്രമുഖ സാമ്പത്തിക പ്രസിദ്ധീകരണമായ ഫിനാൻസ് വേൾഡ് പുറത്തിറക്കിയ ‘ടോപ് 100 എക്‌സ്പാറ്റ് ലീഡേഴ്‌സ്’ പട്ടികയിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിക്ക് ഒന്നാം സ്ഥാനം. യുഎഇയെ ഒരു ഗ്ലോബൽ പവർ ഹൗസാക്കി മാറ്റിയ പ്രമുഖ നേതാക്കളെ ഉൾപ്പെടുത്തിയാണ് ഈ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. യുഎഇയിൽ നൂതനമായ റീട്ടെയിൽ വൈവിധ്യവത്ക്കരണം യാഥാർത്ഥ്യമാക്കിയത് യൂസഫലിയാണെന്ന് ഫിനാൻസ് വേൾഡ് വിലയിരുത്തി. അദ്ദേഹത്തിൻ്റെ നേതൃത്വത്തെ മികച്ചതാക്കുന്ന ഘടകങ്ങളായി പ്രസിദ്ധീകരണം ചൂണ്ടിക്കാട്ടുന്നത്: ഉൽപ്പന്നങ്ങൾക്ക് ഉറപ്പാക്കിയ വിലസ്ഥിരതാ നയങ്ങൾ, ഉപഭോക്തൃ സേവനങ്ങൾ മെച്ചപ്പെടുത്തിയത്, അടിസ്ഥാന സൗകര്യം, സുസ്ഥിരത പദ്ധതികൾ, ഡിജിറ്റൽവത്കരണം, വ്യാപാര വിപുലീകരണം എന്നിവയുടെ മികവ്. യുഎഇ ഭരണാധികാരികളുമായി അടുത്ത ആത്മബന്ധം പുലർത്തുന്ന യൂസഫലിയുടെ മാനുഷിക ഇടപെടലുകള്‍, സാമൂഹിക പ്രതിബദ്ധതയോടു കൂടിയ പ്രവര്‍ത്തനങ്ങള്‍, സാമൂഹിക ഉന്നമന ശ്രമങ്ങള്‍, യുഎഇയുടെ ആരോഗ്യ-വിദ്യാഭ്യാസ മേഖലയ്ക്ക് നൽകിവരുന്ന പിന്തുണ എന്നിവയാണ് റാങ്കിങിന് പരിഗണിച്ചത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
ക്രൂര കൊലപാതകം; ‘ശരീരത്തിൽ 45 കുത്തേറ്റ മുറിവുകൾ’: യുഎഇയിൽ നിന്നെത്തിയ യുവാവ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി
ദുബായിൽ നിന്നും നാട്ടിലേക്ക് മടങ്ങിയ കെട്ടിട നിർമ്മാണ തൊഴിലാളി, ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചു. ബാംഗ്ലൂരിലാണ് സംഭവം. സെപ്റ്റംബർ 28-ന് വൈകുന്നേരമാണ് ഉള്ളാൾ മെയിൻ റോഡിലെ വാടക അപ്പാർട്മെന്റിൽ സംഭവം നടന്നത്. തമിഴ്നാട്ടിലെ വില്ലുപുരം സ്വദേശിയായ ധർമശീലൻ രമേഷിനെ സീലിംഗ് ഫാനിൽ തൂങ്ങി മരിച്ച നിലയിലും, ഭാര്യയും തമിഴ്നാട്ടിലെ കല്ലക്കുറിച്ചി സ്വദേശിനിയായ മഞ്ജുവിനെ രക്തത്തിൽ കുളിച്ച നിലയിലുമാണ് പൊലീസ് കണ്ടെത്തിയത്. മഞ്ജുവിന്റെ ശരീരത്തിൽ 45 കുത്തേറ്റ മുറിവുകൾ ഉണ്ടായിരുന്നു, കൂടാതെ കഴുത്തറുത്ത നിലയിലുമായിരുന്നു. ദുബായിൽ നിർമ്മാണ തൊഴിലാളിയായി ജോലി ചെയ്തിരുന്ന രമേഷ് ഓഗസ്റ്റിൽ നാട്ടിലേക്ക് തിരിച്ചെത്തുകയായിരുന്നു. 2022-ൽ വിവാഹിതരായ ദമ്പതികൾക്ക് കുട്ടികളില്ല. കഴിഞ്ഞ ഒന്നര വർഷമായി മഞ്ജു ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്തു വരികയായിരുന്നു.
ദുബായിൽ നിന്ന് തിരിച്ചെത്തിയ ശേഷം ഇരുവരും രണ്ടാഴ്ചത്തോളം തമിഴ്നാട്ടിൽ ഒരുമിച്ച് കഴിഞ്ഞിരുന്നു. തുടർന്ന് മഞ്ജു ജോലിക്കായി ബെംഗളൂരുവിലേക്ക് മടങ്ങുകയായിരുന്നു. സംഭവം പുറത്തറിഞ്ഞത് മഞ്ജുവിന്റെ പിതാവ് ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ്. അകത്തുനിന്ന് പൂട്ടിയിരുന്ന മുറിയിൽ മറുപടി ലഭിക്കാത്തതിനാൽ അദ്ദേഹം ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് വാതിൽ തുറക്കുകയായിരുന്നു. മകൾ രക്തത്തിൽ കുളിച്ച നിലയിലും മരുമകൻ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
യുഎഇയിലെ ഈ എമിറേറ്റിൽ 13 തടവുകാർക്ക് മോചനം
13 തടവുകാരെ ഷാർജ പൊലീസ് മോചിപ്പിച്ചു. സാമ്പത്തിക കേസുകളിൽ ജയിലിൽ കഴിയുന്നവരാണ് മോചിതരായത്. എമിറേറ്റിലെ ജയിലുകളിൽ കഴിയുന്ന തടവുകാരുടെ പുനരധിവാസവും കുടുംബങ്ങളുമായുള്ള പുന:സംയോജനവും ലക്ഷ്യമിട്ട് ആരംഭിച്ച ഫറജ് ഫണ്ടുമായി കൈകോർത്ത് കട ബാധ്യതകൾ ഷാർജ പൊലീസ് തീർത്തതോടെയാണ് മോചനം സാധ്യമായത്.
പുനിറ്റീവ് ആൻഡ് കറക്ഷനൽ ഇൻസ്റ്റിറ്റ്യൂഷൻ ഡിപാർട്ട് നടത്തിയ 21ാമത് ഫാമിലി ഫോറത്തിൽ ഷാർജ പൊലീസാണ് തടവുകാരുടെ മോചനം സംബന്ധിച്ച് വെളിപ്പെടുത്തിയത്. കുടുംബ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും സാമൂഹിക സന്തുലിതാവസ്ഥ കൈവരിക്കുന്നതിനും ഷാർജ പൊലീസിന്‍റെ പ്രതിബദ്ധതയാണ് കുടുംബ ഫോറങ്ങളിലൂടെ പ്രതിഫലിക്കുന്നതെന്ന് ബ്രിഗേഡിയർ ജനറൽ ഡോ. അഹമ്മദ് അൽ നൂർ പറഞ്ഞു. നിയമപരമായ നപടികളിൽ മാത്രം ഒതുങ്ങുന്നതല്ല കുടുംബ ഫോറങ്ങളുടെ പ്രവർത്തനങ്ങളെന്നും മാനസികവും സാമൂഹികവും മാനുഷികവുമായ തലങ്ങളിലേക്കു കൂടി വ്യാപിച്ചുകിടക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജയിലിൽ നിന്നുള്ള മോചനം പുതിയ ജീവിതം തുടങ്ങാൻ തടവുകാർക്ക് അവസരം നൽകും. മികച്ച ഭാവി കെട്ടിപ്പടുക്കുവാനും കുടുബപരവും സാമൂഹികവുമായ ഐക്യം ശക്തിപ്പെടുത്താനും ഇത് മോചനം സഹായകമാവും. കുടുംബങ്ങളുമൊത്ത് അൽപനേരം ചെലവിടാനും ഫോറം അനുവദിച്ചിരുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
Leave a Reply