ആകാശത്ത് നാടകീയ രംഗങ്ങള്‍, പാസ്പോര്‍ട്ട് കീറി തിന്ന് യാത്രക്കാരന്‍; കൂട്ടുകാരന്‍ ശുചിമുറിയിലേക്ക് ഓടി, പിന്നീട് സംഭവിച്ചത്

ആകാശമധ്യേ വിമാനത്തിനുള്ളിലുണ്ടായ അത്യന്തം നാടകീയമായ സംഭവങ്ങളെത്തുടർന്ന്, ലണ്ടനിലേക്ക് പറന്ന റയൻഎയർ (Ryanair) വിമാനം പാരിസിൽ അടിയന്തര ലാൻഡിങ് നടത്തി. ഇറ്റലിയിലെ മിലാനിൽ നിന്ന് പുറപ്പെട്ട വിമാനത്തിലാണ് സഹയാത്രികരെ പരിഭ്രാന്തരാക്കിയ സംഭവങ്ങൾ അരങ്ങേറിയത്. വിമാനം പറന്നുയർന്ന് 15 മിനിറ്റിനുള്ളിലാണ് സംഭവങ്ങളുടെ തുടക്കം. സീറ്റ് ബെൽറ്റ് അഴിച്ചിടാൻ ജീവനക്കാർ നിർദേശം നൽകിയതിന് പിന്നാലെ, വിമാനത്തിന്റെ മുൻവശത്തെ സീറ്റിലിരുന്ന യാത്രക്കാരൻ എഴുന്നേറ്റുനിന്ന് തന്റെ പാസ്പോർട്ടിലെ പേജുകൾ കീറി വായിലിട്ട് ചവയ്ക്കാൻ തുടങ്ങി. ഇതോടെ, മറ്റു യാത്രക്കാർ പരിഭ്രാന്തരായി. ഇദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്ന മറ്റൊരാൾ ഉടൻ തന്നെ തന്റെ പാസ്പോർട്ട് കൈക്കലാക്കിയ ശേഷം ശുചിമുറിയിലിട്ട് ഫ്ലഷ് ചെയ്യാൻ ശ്രമിച്ചു. സംഭവിക്കുന്നതെന്താണെന്ന് മനസിലാകാതിരുന്ന വിമാന ജീവനക്കാർ ശുചിമുറിയുടെ വാതിൽ തുറക്കാൻ യുവാവിനോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ഈ ഘട്ടത്തിൽ, “ഇവരെന്താണ് കാട്ടിക്കൂട്ടുന്നതെന്ന് ഞങ്ങൾക്ക് മനസ്സിലാകുന്നില്ല” എന്ന് എയർഹോസ്റ്റസ് നടത്തിയ അനൗൺസ്‌മെന്റ് മറ്റു യാത്രക്കാരെ കൂടുതൽ പരിഭ്രാന്തിയിലാക്കി. ഇതോടെ, സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് വിമാനം വഴിതിരിച്ചുവിട്ട് പാരിസിൽ അടിയന്തര ലാൻഡിങ് നടത്തുകയായിരുന്നു. വിമാനം പാരിസിൽ ലാൻഡ് ചെയ്ത ഉടൻ ഫ്രഞ്ച് അധികൃതർ ഇവരെ അറസ്റ്റ് ചെയ്തു. ഇവരുടെ സാധനസാമഗ്രികൾ വിശദമായി പരിശോധിക്കുകയും ചെയ്തു. ഈ പരിശോധനകൾ കാരണം രണ്ട് മണിക്കൂറിന് ശേഷമാണ് വിമാനം ലണ്ടനിലേക്ക് യാത്ര തുടർന്നത്. അതേസമയം, വിമാനത്തിനുള്ളിൽ ഇരുവരും ഇത്തരത്തിൽ അസാധാരണമായി പെരുമാറിയതിന്റെ കാരണം വ്യക്തമാക്കുന്ന തൃപ്തികരമായ മറുപടി ലഭിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. കനത്ത പിഴയും യാത്രാ വിലക്കും ഉൾപ്പെടെയുള്ള നിയമനടപടികൾ ഇവർ നേരിടേണ്ടിവരും. ഈ അപ്രതീക്ഷിത സംഭവങ്ങൾ വിമാന യാത്രകളിൽ ഇത്തരം അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യേണ്ടതിന്റെ പ്രാധാന്യം ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

യുഎഇയിലെ ‘കച്ച പാര്‍ക്കിങ്’: മലയാളികൾ ഉൾപ്പെടെ ഒട്ടേറെ പേർക്ക് പിഴ

‘കച്ച’ പാർക്കിങ്ങിന് കർശന നടപടിയുമായി അബുദാബി. നൂറുകണക്കിന് വാഹനങ്ങൾക്ക് 500 ദിർഹം വീതം പിഴ ചുമത്തി. പാർക്കിങ് പ്രശ്നം രൂക്ഷമായ അബുദാബിയിൽ, ഒഴിഞ്ഞ സ്ഥലങ്ങളിൽ (കച്ച പാർക്കിങ്) വാഹനം നിർത്തിയ നൂറുകണക്കിന് വാഹനങ്ങൾക്ക് ഗതാഗത വകുപ്പിന്റെ പാർക്കിങ് വിഭാഗമായ മവാഖിഫ് 500 ദിർഹം വീതം പിഴ ചുമത്തി. പിഴ ലഭിച്ചവരിൽ ഒട്ടേറെ മലയാളികളും ഉൾപ്പെടുന്നു. മുസഫ വ്യവസായ മേഖല, താമസ കേന്ദ്രമായ ഷാബിയ എന്നിവിടങ്ങളിലെ കച്ച പാർക്കിങ്ങിൽ നിർത്തിയിട്ട വാഹനങ്ങൾക്കാണ് അധികൃതർ പിഴ ചുമത്തിയത്. ചിലരുടെ വാഹനം പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. മുസഫ ഇൻഡസ്ട്രിയൽ ഏരിയ തലസ്ഥാന നഗരിയിലെ പ്രധാന വ്യവസായ മേഖലയാണ്. എമിറേറ്റിലെ ഭൂരിഭാഗം വ്യവസായങ്ങളും ഇവിടെ കേന്ദ്രീകരിച്ചിരിക്കുന്നതിനാൽ, ബിസിനസ് ആവശ്യങ്ങൾക്കും മറ്റുമായി ആയിരങ്ങളാണ് ദിവസേന ഇവിടെ എത്തുന്നത്. ഇവർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യാൻ മതിയായ സ്ഥലം ഒരുക്കിയിട്ടില്ലെന്നും സൗകര്യം നൽകാതെ പിഴ ഈടാക്കുന്നത് ഉചിതമല്ലെന്നും വാഹന ഉടമകൾ അഭിപ്രായപ്പെട്ടു. വിവിധ ആരാധനാലയങ്ങളിൽ പ്രാർഥനയ്ക്ക് എത്തിയവരും പാർക്കിങ് ഇല്ലാത്തതിനാൽ വാഹനം കച്ച പാർക്കിങ്ങിൽ നിർത്തിയിട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം പിഴ ലഭിച്ചവരിൽ ഉൾപ്പെടുന്നു. മലയാളി സംഘടനയുടെ ഓണാഘോഷത്തിൽ പങ്കെടുക്കാൻ ഞായറാഴ്ച വ്യവസായ മേഖലയിൽ എത്തിയ പലർക്കും പിഴ ചുമത്തി. ഭക്ഷണം കഴിക്കാനും ചായ കുടിക്കാനുമായി ഹോട്ടലിനു സമീപം പാർക്ക് ചെയ്തവർക്കും, അബുദാബി മലയാളി സമാജത്തിൻ്റെ വാർഷിക ജനറൽ ബോഡിയിൽ പങ്കെടുക്കാൻ എത്തിയ ഒട്ടേറെ പേർക്കും പിഴ ചുമത്തിയ സന്ദേശം ലഭിച്ചു. തുറസായ സ്ഥലങ്ങളിൽ വാഹനം പാർക്ക് ചെയ്താൽ 500 ദിർഹം ഫൈൻ ലഭിക്കുമെന്ന മുന്നറിയിപ്പ് സന്ദേശം നിലവിൽ മലയാളികൾ വാട്സാപ്പ് ഗ്രൂപ്പുകൾ വഴി പ്രചരിപ്പിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നുണ്ട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

സത്യസന്ധതയ്ക്കുള്ള അംഗീകാരം; കളഞ്ഞുകിട്ടിയ പഴ്‌സ് തിരിച്ചേൽപ്പിച്ച വിദ്യാർത്ഥിയ്ക്ക് സ്‌നേഹോപഹാരവുമായി യുഎഇ പോലീസ്

കളഞ്ഞു കിട്ടിയ പഴ്‌സ് തിരിച്ചേൽപ്പിച്ച വിദ്യാർത്ഥിക്ക് ആദരവുമായി യുഎഇ പോലീസ്. പണവും ചെക്കും ഉൾപ്പെടെ രണ്ട് ലക്ഷം ദിർഹം അടങ്ങിയ പഴ്‌സ് തിരിച്ചേൽപ്പിച്ച വിദ്യാർത്ഥിയെയാണ് അൽ ഖിസൈസ് പോലീസ് സ്റ്റേഷൻ അധികൃതർ സ്‌കൂളിലെത്തി ആദരിച്ചത്. ഇസ്സ അബ്ബാസ് മുഹമ്മദ് അബ്ദുല്ല എന്ന സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥിയെയാണ് പോലീസ് ആദരിച്ചത്. അൽ ഖിസൈസ് പോലീസ് സ്റ്റേഷൻ ഡെപ്യൂട്ടി ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ അഹമ്മദ് അൽ ഹാഷിമി, കേണൽ നാസർ അബ്ദുൽ അസീസ് അൽ ഖാജ തുടങ്ങിയവർ ചേർന്ന് വിദ്യാർത്ഥിക്ക് സ്‌നേഹോപഹാരം സമ്മാനിക്കുകയും ചെയ്തു. വാലറ്റ് വീണ് കിട്ടിയ ഉടൻ ഈ വിദ്യാർത്ഥി പോലീസിനെ ബന്ധപ്പെട്ടു. പിന്നീട് വിദ്യാർത്ഥി പഴ്‌സും പണവും സുരക്ഷിതമായി പോലീസിനെ തിരികെ ഏൽപ്പിക്കുകയും ചെയ്തു. ഇസ്സയുടെ പ്രവർത്തനം സത്യസന്ധതയുടെയും ഉത്തരവാദിത്വത്തിന്റെയും ശക്തമായ ഉദാഹരണമാണ് എന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. തനിക്ക് സ്‌നേഹോപഹാരവുമായി എത്തിയ ദുബായ് പോലീസിന് ഇസ്സ നന്ദി അറിയിക്കുകയും ചെയ്തു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

Comments

Leave a Reply

Your email address will not be published. Required fields are marked *