ഖോർഫക്കാൻ കോർണിഷ് ബീച്ചിൽ കണ്ടെത്തിയ എണ്ണച്ചോർച്ച, മുനിസിപ്പാലിറ്റിയുടെ അതിവേഗ ഇടപെടലിനെ തുടർന്ന് നിയന്ത്രണ വിധേയമാക്കി. മുനിസിപ്പാലിറ്റിയുടെ പരിസ്ഥിതി വകുപ്പാണ് എണ്ണ ചോർച്ച കണ്ടെത്തിയത്. തുടർന്ന്, ദുരന്തനിവാരണത്തിനായി ഉടൻ തന്നെ ടീമുകളെ വിന്യസിച്ചു. മുനിസിപ്പാലിറ്റി ഡയറക്ടറുടെ നേരിട്ടുള്ള നിർദേശപ്രകാരവും മറ്റ് വകുപ്പുകളുമായി ഏകോപിപ്പിച്ചും അതിവേഗത്തിലുള്ള പ്രതികരണം സാധ്യമായി. ബീച്ചിലെത്തുന്ന സഞ്ചാരികളെയും കടൽ ജീവികളെയും സംരക്ഷിക്കുന്നതിനായി വളരെ കാര്യക്ഷമമായാണ് ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതെന്ന് അധികൃതർ അറിയിച്ചു. ഈ പ്രവർത്തനങ്ങളിൽ സഹായം നൽകിയ ബീആ (Bee’ah) എന്ന സ്ഥാപനത്തെയും ഖോർഫക്കാൻ മുനിസിപ്പാലിറ്റി അഭിനന്ദിച്ചു. പരിസ്ഥിതി സംരക്ഷണം, ദുരന്തനിവാരണം തുടങ്ങിയ കാര്യങ്ങളിൽ സംയുക്തമായുള്ള പ്രവർത്തനങ്ങളുടെ പ്രാധാന്യം ഇത് വ്യക്തമാക്കുന്നുവെന്നും മുനിസിപ്പാലിറ്റി കൂട്ടിച്ചേർത്തു. ഇതാദ്യമായല്ല ഖോർഫക്കാൻ ഇത്തരം വെല്ലുവിളികൾ നേരിടുന്നത്. ജൂലൈയിൽ, അൽ ലുലൈയ്യ, അൽ സുബാറ ബീച്ചുകളെ ബാധിച്ച സമാനമായ എണ്ണ ചോർച്ചയും വലിയ നാശനഷ്ടങ്ങൾ വരുത്തുന്നതിന് മുമ്പ് വിജയകരമായി നിയന്ത്രിച്ചിരുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
പ്രതീക്ഷയോടെ യുഎഇയിലെത്തി, മൂന്നാം ദിവസം പ്രവാസി യുവാവിന് ദാരുണാന്ത്യം; ജോലിക്ക് കയറിയ ആദ്യദിവസം തന്നെ വിധി തട്ടിയെടുത്തു
ദുബായ്: മെച്ചപ്പെട്ട ജീവിതം സ്വപ്നം കണ്ട് യുഎഇയിൽ എത്തിയ ഈജിപ്ഷ്യൻ യുവാവ് അഹമ്മദ് ആദെൽ (31) വിമാനമിറങ്ങി മൂന്നാം ദിവസം ഹൃദയാഘാതം മൂലം മരണമടഞ്ഞു. കുടുംബത്തിന് തണലാകാൻ നടത്തിയ യാത്രയുടെ ലക്ഷ്യം പൂർത്തിയാക്കാൻ കഴിയാതെയാണ് അദ്ദേഹത്തിൻ്റെ മടക്കം.
സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിലായിരുന്ന അലക്സാണ്ട്രിയ സ്വദേശിയായ അഹമ്മദ്, തൻ്റെ ചെറിയ പലചരക്ക് കട നഷ്ടപ്പെട്ടതിനെ തുടർന്നാണ് പുതിയൊരു ജീവിതം തേടി യുഎഇയിലേക്ക് വന്നത്. ഭാര്യക്കും നാല് വയസ്സും 18 മാസവും പ്രായമുള്ള രണ്ട് മക്കൾക്കും വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിച്ചാണ് അദ്ദേഹം നിർമ്മാണ ജോലിക്ക് ചേർന്നത്.
എന്നാൽ, ജോലിക്ക് കയറിയ ആദ്യ ദിവസം തന്നെ അഹമ്മദ് കുഴഞ്ഞുവീഴുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് പിന്നീട് സ്ഥിരീകരിച്ചു. “ഒരു ദിവസം മാത്രമാണ് അവൻ ജോലി ചെയ്തത്, ജോലിയിൽ ഉറച്ചുനിൽക്കാൻ പോലും അവന് സമയം ലഭിച്ചില്ല,” ബന്ധുവായ ഇബ്രാഹിം മഹ്‌റൂസ് വേദനയോടെ പറഞ്ഞു.
അഹമ്മദിന്റെ മരണം കുടുംബത്തെയാകെ തളർത്തിക്കളഞ്ഞു. മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് ഭാര്യയുമായി സംസാരിച്ചപ്പോൾ ജോലിയിലെ സമ്മർദ്ദത്തെക്കുറിച്ച് അഹമ്മദ് സൂചിപ്പിച്ചിരുന്നു. “ഞാൻ വളരെ ക്ഷീണിതനാണ്, മറ്റൊരു ജോലി കണ്ടെത്താൻ ആഗ്രഹിക്കുന്നു,” എന്ന് അദ്ദേഹം ഭാര്യയോട് പറഞ്ഞതായി മഹ്‌റൂസ് ഓർത്തെടുത്തു.
അഹമ്മദിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ 11 ദിവസമെടുത്തു. ഈജിപ്ഷ്യൻ ഇൻഫ്ലുവൻസറായ ഹുസൈൻ അൽ ഗോഹാരിയുടെ ഇടപെടലുകളാണ് ഈ നടപടികൾ വേഗത്തിലാക്കിയത്. മുൻപ് ബോഡിബിൽഡിങ് ചാമ്പ്യനായിരുന്ന അഹമ്മദിന് മറ്റ് ആരോഗ്യപ്രശ്നങ്ങളോ ദുശ്ശീലങ്ങളോ ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ വ്യക്തമാക്കി. അദ്ദേഹത്തിൻ്റെ മൃതദേഹം അലക്സാണ്ട്രിയയിലെ കുടുംബ കല്ലറയിൽ സംസ്കരിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
പ്രായം വെറും സംഖ്യ മാത്രം, യുഎഇയിൽ 13,000 അടി ഉയരത്തിൽ നിന്നും സ്‌കൈഡെവിംഗ് ചെയ്ത് മലയാളിയായ 71 കാരി
ദുബായിൽ 13,000 അടി ഉയരത്തിൽ നിന്നും സ്‌കൈഡൈവിംഗ് ചെയ്ത് മലയാളിയായ 71 കാരി. ഇടുക്കി ജില്ലയിലെ കൊന്നത്താടിക്കാരിയായ ലീല ജോസാണ് പ്രായം ഒരാഗ്രഹത്തിനും തടസമല്ലെന്ന് തെളിയിച്ചത്. ലീല സ്‌കൈഡൈവ് ചെയ്യുന്ന വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. മകനെ കാണാനായി ദുബായിൽ പോയപ്പോഴാണ് ലീല ജോസ് 13,000 അടി ഉയരത്തിൽ നിന്നും സ്‌കൈഡൈവിംഗ് നടത്തിയത്. തന്റെ ആഗ്രഹം പറഞ്ഞപ്പോൾ ആദ്യം ആരും അത് കാര്യമായെടുത്തില്ലെന്നും എന്നാൽ ആ ആഗ്രഹം സാധിച്ചപ്പോൾ എല്ലാവരും അത്ഭുതപ്പെട്ടെന്നും ലീലാ ജോസഫ് പറയുന്നു.
കേരളത്തിൽ നിന്ന് സ്‌കൈ ഡൈവിംഗിനായി ഔദ്യോഗികമായി രജിസ്റ്റർ ചെയ്ത ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന നേട്ടവും ലീല ജോസഫ് സ്വന്തമാക്കി. സുഹൃത്തുക്കൾ തമ്മിലുള്ള ഒരു സാധാരണ സംഭാഷണത്തിനിടെയാണ് താൻ തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്. തന്റെ ആഗ്രഹം ആദ്യം പറഞ്ഞപ്പോൾ ആരും അത് കാര്യമായി എടുത്തില്ല. പ്രായത്തിന്റെ കാര്യം പറഞ്ഞ് പലരും തന്നെ നിരുത്സാഹപ്പെടുത്തി. പക്ഷേ, സ്‌കൈഡൈവിംഗ് ചെയ്യണമെന്ന് താൻ ആത്മാർത്ഥമായി ആഗ്രഹിച്ചു. കഴിഞ്ഞ മാസം മകനെ കാണാനായി ദുബായിലേക്ക് പോയപ്പോൾ, മകൻ അവിടെ തനിക്കായി ഡൈവിംഗ് സ്ലോട്ട് ബുക്ക് ചെയ്തിട്ടുണ്ടെന്ന് അറിഞ്ഞത്. അക്ഷരാർത്ഥത്തിൽ ലീല ഞെട്ടിപ്പോയി. സ്‌കൈഡൈവിംഗിനായി അവിടെ എത്തിയപ്പോൾ ടീം സ്തബ്ധരായി. കാരണം വന്നിരിക്കുന്നത് 71 വയസുള്ള ഒരു സ്ത്രീയാണെന്നത് അവരെ ഞെട്ടിപ്പിച്ചു കളഞ്ഞു. എന്നാൽ, 13,000 അടി മുകളിൽ നിന്നും ലീല സ്‌കൈഡൈവിംഗ് നടത്തി. മേഘങ്ങൾക്കിടയിലൂടെ താഴേക്ക് ഊർന്നിറങ്ങി 6,000 അടിയെത്തിയപ്പോൾ പാരച്യൂട്ട് തുറന്നു. പിന്നാലെ കാറ്റിൽ തട്ടി പതുക്കെ താഴെ ഭൂമിയിലേക്ക് അവർ പറന്ന് ഇറങ്ങി. അങ്ങനെ ചരിത്രത്തിലേക്ക് തന്നെ ലീല പറന്നിറങ്ങി. ഇനിയും കൂടുതൽ ഉയരത്തിൽ നിന്നും ചാടണമെന്നും ഗിന്നസ് റെക്കോർഡ് നേടണമെന്ന് ആഗ്രഹമുണ്ടെന്നും ഇനിയും മോഹങ്ങളേറെയുണ്ടെന്നും ലീല പറയുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
Leave a Reply