യുഎഇയിൽ വിസിറ്റിങ് വിസയിലെത്തിയ 23കാരന്‍ മരിച്ചു. ദുബായിൽ വന്നിട്ട് ആദ്യമായി ലഭിച്ച ജോലിക്ക് പോകാനിരുന്ന 23 വയസുകാരനാണ് മരിച്ചത്. ബാത്‌റൂമിൽ മരിച്ച നിലയില്‍ കാണുകയായിരുന്നു. പ്രമുഖ സാമൂഹ്യപ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരിയാണ് ഇക്കാര്യം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്. കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ- ഇക്കഴിഞ്ഞ ദിവസം നാട്ടിലേക്ക് കയറ്റിവിട്ട രണ്ട് മൃതദേഹങ്ങളിൽ ഒന്നിന്റെ അവസ്ഥ ആരുടേയും കരളലിയിപ്പിക്കുന്നതാണ്. സ്വന്തംനാടും വീടും വിട്ട്, ഉറ്റവരെയും ഉടയവരെയും പിരിഞ്ഞ് കുടുംബംനോക്കാൻ നല്ലൊരു ജീവിതം സ്വപ്നംകണ്ട് എഴു കടലും താണ്ടി ഇരുപതിമൂന്ന് വയസ്സ് മാത്രം പ്രായമുള്ള ഒരു സാധു ചെറുപ്പക്കാരൻ വിസിറ്റിംഗ് വിസയിൽ ഇവിടെ വന്നതാണ്.ഒരുപാട് സ്ഥലങ്ങളിൽ ഒരു ജോലിക്ക് വേണ്ടി അലഞ്ഞു നടന്നു.ഒടുവിൽ ഒരു കമ്പനിയിൽ ഇന്റർവ്യൂ നടത്തി നല്ലൊരു ജോലിയും കിട്ടി. അങ്ങനെ ഒരുപാട് പ്രയത്നങ്ങൾക്ക് ശേഷം കിട്ടിയ ആ ജോലിക്ക് പ്രവേശിക്കുവാനായി ആദ്യദിവസം തന്നെ ജോലിക്ക് പോകുവാനായി കുളിച്ചൊരുങ്ങുവാനായിട്ട് ബാത്‌റൂമിൽ കയറിയതാണ്. നേരമേറെ കഴിഞ്ഞിട്ടും പുറത്ത് വരാതിരുന്നതിനെ തുടർന്ന് റൂമിലുള്ളവർ ബാത്‌റൂമിൽ തുറന്നു നോക്കിയപ്പോഴാണ് ആ സാധു ചെറുപ്പക്കാരൻ ബാത്‌റൂമിൽ മരിച്ചു കിടക്കുന്നത് കണ്ടത്.എങ്ങനെ സഹിക്കും. എന്തെല്ലാം സ്വപ്നങ്ങൾ ഉണ്ടായിരുന്നു. ഒരു ജോലി കിട്ടിയെന്നറിഞ്ഞതിൽ നാട്ടിൽ കുടുംബക്കാരും പെരുത്ത് സന്തോഷത്തിലായിരുന്നു. ഒരൊറ്റ നിമിഷം കൊണ്ട് എല്ലാം ആകെ തകർന്നില്ലേ ആ കുടുംബത്തിന്. ഓരോ മനുഷ്യന്റെയും അവസ്ഥ ഇതൊക്കെയാണ്. അടുത്ത നിമിഷം എന്താണ് സംഭവിക്കുക എന്നർക്കും മുൻകൂട്ടി നിച്ഛയിക്കാൻ കഴിയില്ലല്ലോ. എല്ലാം സർവ്വശക്തന്റെ നിയന്ത്രണത്തിലാണ്. നാം ഓരോരുത്തരും ആലോചിക്കേണ്ട കാര്യമാണ്. പടച്ചവൻ ആ കുടുംബത്തിന് എല്ലാം സഹിക്കാനുള്ള മനഃശക്തി നൽകുമാറാകട്ടെ.
യുഎഇയിൽ ഐഫോൺ 17 പുറത്തിറങ്ങി: ദുബായ് മാളുകളിൽ നീണ്ട ക്യൂ, ബാരിക്കേഡുകൾ
ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഐഫോൺ 17 ഇന്ന് പുറത്തിറങ്ങുമ്പോൾ, യുഎഇയില്‍ രാവിലെ അഞ്ച് മണി മുതൽ നീണ്ട ക്യൂകൾ രൂപപ്പെട്ടിരുന്നു. ദുബായ് മാളിൽ, പരിസരത്ത് ചുറ്റും നിരകൾ നിറഞ്ഞിരിക്കുന്നു, മുൻനിര ആപ്പിൾ സ്റ്റോറിന് രണ്ട് നിലകൾ മാത്രം താഴെയുള്ള ഫൗണ്ടനു സമീപം പോലും ആളുകൾ കാത്തിരിക്കുന്നു. അതേസമയം, മാൾ ഓഫ് ദി എമിറേറ്റ്‌സിൽ, അപ്പോയിന്റ്‌മെന്റുള്ള ഉപഭോക്താക്കളെ മാത്രമേ അകത്തേക്ക് കടത്തിവിടുന്നുള്ളൂ. വർഷങ്ങളായി ആദ്യമായി, ലോഞ്ച് ദിവസം യുഎഇ ആപ്പിൾ സ്റ്റോറുകളിൽ ഐഫോൺ 17, ഐഫോൺ 17 എയർ, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്‌സ് എന്നിവയുൾപ്പെടെയുള്ള ഐഫോൺ 17 ലൈനിന്റെ നേരിട്ടുള്ള വാങ്ങലുകൾ ആപ്പിൾ അനുവദിക്കുന്നില്ല. ഈ വർഷം, ഓൺലൈനായി മുൻകൂട്ടി ഓർഡർ ചെയ്തതിനുശേഷം മാത്രമേ സ്റ്റോറിൽ നിന്ന് ഫോൺ ശേഖരിക്കാൻ കഴിയൂ. ദുബായ് മാളിന് മുന്നിലുള്ള നിരയില്‍ മലയാളിയായ സയ്യിദ് ഫവാസുമുണ്ട്. സയ്യിദ് ഐഫോൺ 17 പ്രോ മാക്സിൽ ഓറഞ്ച് നിറത്തിലുള്ള രണ്ടെണ്ണം ബുക്ക് ചെയ്തു. ഈ വർഷവും തന്റെ ഫോൺ അപ്‌ഗ്രേഡ് ചെയ്യാനുള്ള അവസരം നഷ്ടപ്പെടുത്താൻ കഴിയില്ലെന്ന് പറഞ്ഞ് പുലർച്ചെ 5.30 ന് തന്നെ അദ്ദേഹം ക്യൂവിൽ എത്തി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t
യുഎഇയിൽ നിന്ന് കേരളത്തിലെ ഈ വിമാനത്താവളത്തിലേക്ക് വെറും 249 ദിർഹം; ഫ്ലാഷ് സെയിലുമായി എയർ അറേബ്യ
യുഎഇയിൽ നിന്ന് കേരളത്തിലേയ്ക്ക് യാത്ര ചെയ്യുന്നവർക്ക് സന്തോഷ വാർത്ത. ഫ്ലാഷ് സെയിലുമായി എയര്‍ അറേബ്യ. അബുദാബി, ഷാർജ എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങളിൽ എയർ അറേബ്യ ഫ്ലാഷ് സെയിൽ പ്രഖ്യാപിച്ചു. എയർലൈൻ കമ്പനിയുടെ വെബ്സൈറ്റ് പറയുന്നത് പ്രകാരം, വൺവേ ടിക്കറ്റ് നിരക്കുകൾ വെറും 149 ദിർഹം മുതലാണ് ആരംഭിക്കുന്നത്. ജൂലൈ 28 നും ഓഗസ്റ്റ് മൂന്നിനും ഇടയിൽ നടത്തുന്ന ബുക്കിങുകൾക്ക് മാത്രമേ ഓഫർ ലഭിക്കുകയുള്ളൂ. ഓഗസ്റ്റ് 15 മുതൽ ഒക്ടോബർ 31 വരെയുള്ള യാത്രകൾക്കായാണ് ബുക്ക ചെയ്യാൻ സാധിക്കുക. അബുദാബിയിൽ നിന്ന് കോഴിക്കോടേക്ക് 249 ദിർഹത്തിനും മുംബൈ, കൊച്ചി, ചെന്നൈ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് 275 ദിർഹം, അഹമ്മദാബാദിലേക്ക് 299 ദിർഹം എന്നിങ്ങനെ യാത്ര ചെയ്യാം. അതേസമയം, അബുദാബിയിൽ നിന്ന് മസ്കത്തിലേക്ക് 399 ദിർഹം കുവൈത്തിലേക്ക് 398 ദിർഹം സലാലയിലേക്ക് 578 ദിർഹം യാത്ര ചെയ്യാം. ഇനി ഷാർജയിൽ നിന്നാണ് പറക്കുന്നതെങ്കിൽ മസ്‌കത്തിലേക്കും ബഹ്‌റൈനിലേക്കും വെറും 149 ദിർഹത്തിനും റിയാദ്, ദമ്മാം, കുവൈത്ത് തുടങ്ങിയ പ്രധാന ജിസിസി നഗരങ്ങളിലേക്ക് 199 ദിർഹത്തിനും പറക്കാം. അബുദാബിയിൽ നിന്ന് 12 എയർബസ് എ320 വിമാനങ്ങളാണ് എയർ അറേബ്യയുടേതായി സർവീസ് നടത്തുന്നത്. യുഎഇയിലെ ചെലവ് കുറഞ്ഞ എയർലൈനുകളിൽ ഒന്നാണ് എയർ അറേബ്യ. കൂടാതെ, തായ്‌ലൻഡിലെ ബാങ്കോക്കിലേക്കുള്ള തങ്ങളുടെ വിമാന സർവീസുകൾ വിപുലീകരിക്കുന്നതായി എയർ അറേബ്യ പ്രഖ്യാപിച്ചിട്ടുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t
Leave a Reply