ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശിനി അതുല്യ ശേഖറിന്റെ (30) കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കേസിന്റെ വിചാരണ ഈ മാസം 8ന് കൊല്ലം കോടതിയിൽ ആരംഭിക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു. കേരള ക്രൈംബ്രാഞ്ചാണ് കേസന്വേഷിക്കുന്നത്. അതുല്യയുടെ ഭർത്താവ് സതീഷിനെ വിചാരണ ചെയ്യും. ഇതോടെ എല്ലാ സത്യവും പുറത്തുവരുമെന്നാണ് വിശ്വാസമെന്നും ഷാർജയിലെ ബന്ധുക്കൾ പറഞ്ഞു. ഇതിനിടെ കേസിന് പുതിയ വഴിത്തിരിവായി കഴിഞ്ഞദിവസം അതുല്യയുടെ മരണം കൊലപാതകമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നിരുന്നു. കൊല്ലത്ത് നടത്തിയ റീ-പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ക്രൈം ബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് കേസ് അന്വേഷണം തുടരുകയാണ്. യുഎഇയിൽ നിന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിക്കാത്തതുകൊണ്ട് ക്രൈം ബ്രാഞ്ച് അതുല്യയുടെ മരണം ആത്മഹത്യയായിട്ടാണ് പരിഗണിക്കുന്നത്. അതുല്യയുടെ മരണത്തിന് കാരണക്കാരനായ ഭർത്താവ് സതീഷ് ശിവങ്കരൻ പിള്ളക്കെതിരേ ആത്മഹത്യാ പ്രേരണ, പീഡനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. അതേസമയം, അതുല്യയുടെ മരണമുണ്ടാക്കിയ നടുക്കം ഇതുവരെ യുഎഇ പ്രവാസി മലയാളികളിൽ നിന്ന് വിട്ടുമാറിയിട്ടില്ല.
അതുല്യയുടെ ഭർത്താവ് ദുബായ് ജുമൈറയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന സതീഷ് മർദ്ദിക്കുന്നതിന്റെ കൂടുതൽ ദൃശ്യങ്ങൾ കേരളത്തിലെ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഈ വിഡിയോകൾ മരണത്തിന് ദിവസങ്ങൾക്ക് മുൻപ് റെക്കോർഡ് ചെയ്തതാണെന്ന് അതുല്യയുടെ ബന്ധുക്കൾ പറയുന്നു. അതിൽ സതീഷ് അതുല്യയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതും കാണാം. പത്തുവർഷമായി താൻ പീഡനങ്ങൾ സഹിക്കുകയാണെന്ന് അതുല്യ വിഡിയോയിൽ പറയുന്നുണ്ട്. വിഡിയോയിൽ സതീഷ് മോശമായ ഭാഷ ഉപയോഗിക്കുന്നതും അതുല്യയെ ശാരീരികമായി ഉപദ്രവിക്കുന്നതും കാണാം. തനിക്ക് എവിടെയും പോകാൻ കഴിയില്ലെന്നും അവളെ കുത്തിക്കൊല്ലുമെന്നും സതീഷ് ഭീഷണിപ്പെടുത്തുന്നതും വിഡിയോയിലുണ്ട്. മർദ്ദനത്തിന് ശേഷം കരയുന്ന അതുല്യയുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
Leave a Reply