
ഇനിയെല്ലാം ഡിജിറ്റലാണ് മക്കളെ! യുഎഇയിലെ ഈ എമിറ്റേറ്സിൽ ഡ്രൈവിങ് ലൈസൻസിനായുള്ള പരിശീലനവും യോഗ്യതാ നിർണയവും ഡിജിറ്റലാക്കി
പുതിയ സംവിധാനമനുസരിച്ച് ദുബായിൽ ഡ്രൈവിങ് ലൈസൻസ് നേടുന്നതിനുള്ള പരിശീലനവും യോഗ്യതാ നിർണയവും ഇനി പൂർണ്ണമായും ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലായിരിക്കും. റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അവതരിപ്പിച്ച ‘തദ്രീബ്’ എന്ന പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെയാണ് ഈ മാറ്റം നടപ്പിലാക്കുന്നത്. പ്രതിവർഷം 2.5 ലക്ഷത്തിലധികം ആളുകൾക്ക് ഇത് പ്രയോജനപ്പെടും. കൂടാതെ, ദുബായിലെ എല്ലാ ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ടുകളെയും ബന്ധിപ്പിച്ച് ഇതൊരു ഏകീകൃത സംവിധാനമായി പ്രവർത്തിക്കും.
പുതിയ പ്ലാറ്റ്‌ഫോം അനുസരിച്ച് ഡ്രൈവർമാരുടെ എല്ലാ വിവരങ്ങളും ഒരു കേന്ദ്രീകൃത ഡാറ്റാബേസിൽ ലഭ്യമാകും. അത്യാധുനിക നിർമിത ബുദ്ധിയുടെ (എഐ) സഹായത്തോടെയാണ് ഇതിന്റെ പ്രവർത്തനം. 27-ൽ അധികം പരിശീലന കേന്ദ്രങ്ങളെയും 3,400-ൽ അധികം ഇൻസ്ട്രക്ടർമാരെയും 3,000-ൽ അധികം വാഹനങ്ങളെയും ഈ സംവിധാനം ബന്ധിപ്പിക്കുന്നു. ജിയോ ട്രാക്കിങ് സംവിധാനം ഉപയോഗിച്ച് ഓരോ വാഹനത്തിന്റെയും സഞ്ചാരപാത നിരീക്ഷിക്കാൻ സാധിക്കും. പ്രതിവർഷം 60 ലക്ഷം മണിക്കൂറിലധികം പരിശീലനം നൽകാൻ ശേഷിയുള്ള ഈ പ്ലാറ്റ്‌ഫോം പൂർണ്ണമായും പേപ്പർ രഹിതമായിരിക്കും.
മികച്ച നിലവാരത്തിലുള്ള പരിശീലനം ഉറപ്പാക്കുക, മികച്ച ഡ്രൈവർമാരെ വാർത്തെടുക്കുക, അപകടങ്ങൾ കുറയ്ക്കുക എന്നിവയാണ് ‘തദ്രീബ്’ പ്ലാറ്റ്‌ഫോമിന്റെ പ്രധാന ലക്ഷ്യങ്ങൾ. ഈ സംവിധാനം വന്നതോടെ ലൈസൻസിനായുള്ള പെർമിറ്റുകൾ ലഭിക്കുന്നതിനുള്ള കാത്തിരിപ്പ് സമയം പകുതിയായി കുറയ്ക്കാനും പ്രവർത്തനച്ചെലവ് കുറയ്ക്കാനും സാധിച്ചു. പരിശീലകർ നിഷ്കർഷിച്ചിട്ടുള്ള കാര്യങ്ങൾ 97% വരെ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ഈ സംവിധാനം സഹായിച്ചിട്ടുണ്ട്. ഡ്രൈവർ ടെസ്റ്റിങ് രംഗത്തെ ആഗോള സംഘടനയായ സിഐഇസിഎ അംഗീകരിക്കുന്ന ലോകത്തിലെ ആദ്യത്തെ ഏകീകൃത പ്ലാറ്റ്‌ഫോമാണ് ‘തദ്രീബ്’. ഈ വർഷത്തെ പ്രിൻസ് മൈക്കിൾ ഇന്റർനാഷണൽ റോഡ് സേഫ്റ്റി അവാർഡും ഈ പ്ലാറ്റ്‌ഫോമിന് ലഭിച്ചിട്ടുണ്ട്. ഭാവിയിൽ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കൂടുതൽ ഉപയോഗിച്ച് യാത്രകൾ കൂടുതൽ മെച്ചപ്പെടുത്താനും പരിശീലനം വ്യക്തിഗതമാക്കാനും പ്ലാറ്റ്‌ഫോം ലക്ഷ്യമിടുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
Comments (0)