യുഎഇയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ മലയാളി യുവതി അതുല്യയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതി ഭർത്താവ് സതീഷ് ശങ്കറിന്റെ ജാമ്യം നീട്ടി. കൊല്ലം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം രണ്ടാഴ്ചത്തേക്കു കൂടി നീട്ടിയത്. അതുല്യയുടെ ശരീരത്തിലെ മുറിവുകളുടെ ചിത്രങ്ങളും സതീഷിന്റെ ആക്രമണത്തിന്റെ വിഡിയോയും കോടതിയിൽ സമർപ്പിച്ചു.
എന്നാൽ, ഈ ചിത്രങ്ങൾ എപ്പോൾ എടുത്തതാണെന്നു തെളിയിക്കാൻ പ്രോസിക്യൂഷനു സാധിച്ചില്ല. ഷാർജയിൽ നടത്തിയ അതുല്യയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ശരീരത്തിൽ മുറിവുള്ളതായി പറയുന്നില്ല. അതുല്യ ആത്മഹത്യ ചെയ്യുന്നതിനു മുൻപുണ്ടായ മുറിവുകളാണോ ഇതെന്നു പ്രതിഭാഗം സംശയം പ്രകടിപ്പിച്ചു. ഈ വാദം ശരിവച്ച കോടതി, ചിത്രങ്ങളുടെ ആധികാരികത തെളിയിക്കുന്ന ഫൊറൻസിക് റിപ്പോർട്ട് ഹാജരാക്കാൻ പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടു. കേസ് രണ്ടാഴ്ചയ്ക്കു ശേഷം വീണ്ടും പരിഗണിക്കുമ്പോൾ റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദേശിച്ചു. കഴിഞ്ഞ ജൂലൈ 19നാണു ഷാർജയിലെ ഫ്ലാറ്റിൽ അതുല്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t