അടുത്ത ആഴ്ച സ്കൂളുകൾ തുറക്കാനിരിക്കെ വ്യക്തമായ മാർഗ നിർദേശങ്ങൾ പുറത്തിറക്കി യുഎഇ പൊലീസ്. റോഡുകളിൽ തിരക്ക് വർദ്ധിക്കാൻ സാധ്യതയുള്ളതിനാലാണ് മുൻകൂട്ടി ഈക്കാര്യങ്ങൾ അറിയിച്ചത്. ഗതാഗത നിയമം പാലിച്ച് സുരക്ഷിതമായി വാഹനമോടിക്കണമെന്ന് രക്ഷിതാക്കളോടും സ്കൂൾ ബസ് ഡ്രൈവർമാരോടും അഭ്യർഥിച്ചു. ആദ്യദിവസങ്ങളിൽ ഉണ്ടായേക്കാവുന്ന തിരക്ക് മുന്നിൽ കണ്ടാണ് കുട്ടികളെ സ്കൂളിൾ വിടാനും തിരിച്ചെടുക്കാനും എത്തേണ്ടത്. സംയമനത്തോടെ കൈകാര്യം ചെയ്യേണ്ടതിനു പകരം തിരക്കു കൂട്ടി ഗതാഗത നിയമം തെറ്റിക്കുന്നവർക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്നും പൊലീസ് പറഞ്ഞു.
-സീബ്രാ ക്രോസ്
സ്കൂൾ പരിസരത്ത് വേഗം കുറച്ച് വാഹനമോടിക്കണമെന്നും സീബ്രാ ക്രോസിൽ കാൽ നട യാത്രക്കാർക്ക് മുൻഗണന നൽകണം. സ്കൂൾ ബസിന് അനുവദിച്ച പാർക്കിങിൽ നിർത്തിയ ശേഷമേ വിദ്യാർഥികളെ കയറ്റാനും ഇറക്കാനും പാടുള്ളൂ.
-സ്റ്റോപ് അടയാളം
കുട്ടികളെ കയറ്റാനും ഇറക്കാനും ബസ് നിർത്തിയിടുമ്പോൾ സ്റ്റോപ് അടയാളം ഇടണം. ഈ സമയത്ത് മറ്റു വാഹനങ്ങൾ 5 മീറ്റർ അകലത്തിൽ നിർത്തിയിടണം. സ്റ്റോപ് അടയാളമിട്ട് നിർത്തിയിട്ട ബസിനെ മറികടക്കുന്ന മറ്റു വാഹന ഡ്രൈവർമാർക്ക് 1000 ദിർഹം പിഴയും 10 ബ്ലാക്ക് പോയിന്റും ശിക്ഷയുണ്ട്.
-രക്ഷിതാക്കളോട്
നിശ്ചിത ബസ് സ്റ്റോപ്പിലും സമയത്തും വിദ്യാർഥികൾ എത്തി എന്ന് രക്ഷിതാക്കൾ ഉറപ്പാക്കണം. കുട്ടി വൈകുകയോ മുടങ്ങുകയോ ചെയ്യുന്ന ദിവസം ആ വിവരം മുൻകൂട്ടി ബസ് ഡ്രൈവറെയും അറ്റൻഡറെയും അറിയിക്കണം. നിശ്ചിത ബസിൽ മാത്രമേ കുട്ടികളെ കയറ്റാവൂ. വരിയിൽ നിന്ന് സമയബന്ധിതമായാണ് ബസിൽ കയറ്റേണ്ടത്. മറ്റു കുട്ടികളെ തള്ളുകയോ ഇടയ്ക്ക് കയറുകയോ ചെയ്യരുത്. ബസ് ഡ്രൈവറുടെയോ അറ്റൻഡറുടെയോ അനുമതിയില്ലാതെ വാഹനത്തിൽനിന്ന് ഇറങ്ങരുത്. ബസ് ഡ്രൈവറുടെയും അറ്റൻഡറുടെയും നിർദേശങ്ങൾ പാലിക്കണം.
-ഡ്രൈവർമാരോട്
ഡ്യൂട്ടി സമയത്ത് ഡ്രൈവർമാർ യൂണിഫോം ധരിക്കണം. ആശയവിനിമയം ഇംഗ്ലിഷ്, അറബിക് ഭാഷയിലാകണം. ശേഷിയിലേറെ കുട്ടികളെ ബസിൽ കയറ്റരുത്. വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്ററിൽ കവിയരുത്.
∙ മാനേജ്മെന്റിനോട്
ഗതാഗതത്തിനു ശീതികരിച്ചതും ജിപിഎസ് സംവിധാനവും സിസിടിവി ക്യാമറയും ഉള്ള ബസ് ആയിരിക്കണം. ബസിൽ ശുചിത്വം ഉറപ്പാക്കണം. എമർജൻസി എക്സിറ്റ് സംവിധാനം ഉണ്ടാകണം. ബസിനകത്ത് 10 മീറ്റർ ഇടവിട്ട് അഗ്നിശമന സംവിധാനം ഉണ്ടാകണം. ബസ്സിലും ഫസ്റ്റ് എയ്ഡ് ബോക്സ് നിർബന്ധം. സ്കൂൾ ബസിന്റെ നിറം മഞ്ഞയായിരിക്കണം. സ്കൂൾ ബസ് എന്ന് ഇംഗ്ലിഷ്, അറബിക് ഭാഷയിൽ എഴുതിയിരിക്കണം. ബസിൽ കുട്ടികളെ നിരീക്ഷിക്കുന്നതിന് ജീവനക്കാരെ ചുമതലപ്പെടുത്തണം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t