അബുദാബി: സെപ്റ്റംബർ 1 മുതൽ അബുദാബിയിലെ ദർബ് ടോൾ ഗേറ്റ് സമയത്തിലും പരിധിയിലും മാറ്റങ്ങൾ വരുത്തുന്നു. ഇത് സംബന്ധിച്ച അറിയിപ്പ് വ്യാഴാഴ്ച പുറത്തിറക്കി.
ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ പുറത്തിറക്കിയ അറിയിപ്പ് പ്രകാരം, തിങ്കൾ മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ വൈകുന്നേരങ്ങളിലെ ടോൾ സമയം വൈകീട്ട് 5 മുതൽ 7 വരെയായിരുന്നത് ഇനി മുതൽ ഉച്ചയ്ക്ക് 3 മുതൽ 7 വരെയാകും. രാവിലെ ടോൾ ഈടാക്കുന്ന സമയത്തിന് മാറ്റമൊന്നും ഉണ്ടാകില്ല. ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും ടോൾ സൗജന്യമായി തുടരും.
ദിവസേനയും പ്രതിമാസവുമുള്ള പരമാവധി ടോൾ തുക ഒഴിവാക്കുമെന്നും അധികൃതർ അറിയിച്ചു. നിലവിൽ, ഒരു സ്വകാര്യ വാഹനത്തിന് ഒരു ദിവസം പരമാവധി 16 ദിർഹമാണ് ഈടാക്കുന്നത്. പ്രതിമാസ നിരക്കുകൾ ആദ്യ വാഹനത്തിന് 200 ദിർഹവും, രണ്ടാമത്തേതിന് 150 ദിർഹവും, മൂന്നാമത്തേതിനും അതിനുമുകളിലുള്ളവയ്ക്കും 100 ദിർഹവുമാണ്.
എന്നാൽ, പുതിയ മാറ്റങ്ങൾ വരുന്നതോടെ ഒരു വാഹനം ഗേറ്റ് കടന്നുപോകുമ്പോഴെല്ലാം 4 ദിർഹം വീതം ഈടാക്കും. ഇതിന് ഇനി പരമാവധി പരിധി ഉണ്ടായിരിക്കില്ല. ഭിന്നശേഷിക്കാർ, വരുമാനം കുറഞ്ഞ കുടുംബങ്ങൾ, മുതിർന്ന പൗരന്മാർ, വിരമിച്ചവർ തുടങ്ങിയവർക്ക് നിലവിലുള്ള ഇളവുകൾ തുടരും.
ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും തിരക്കേറിയ സമയങ്ങളിൽ പ്രധാന റോഡുകളിലെ ഗതാഗതം സുഗമമാക്കുന്നതിനും വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ മാറ്റമെന്ന് അധികൃതർ വ്യക്തമാക്കി. 2021-ൽ ആരംഭിച്ച ദർബ്, അബുദാബിയിലെ എട്ട് പ്രധാന ടോൾ ഗേറ്റുകളുടെ ചുമതല വഹിക്കുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t