എയർ ഇന്ത്യ എക്സ്പ്രസിന്‍റെ യാത്രക്കാരോടുള്ള അവഗണന തുടരുന്നു. ഇന്ന് (ശനി) പുലർച്ചെ രണ്ട് മണിയ്ക്ക് അബുദാബിയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് ഐഎക്സ് 348 വിമാനം ആറര മണിക്കൂർ വൈകി രാവിലെ എട്ടരയ്ക്കാണ് പുറപ്പെട്ടത്. ഇതുമൂലം സ്ത്രീകളും കുട്ടികളും രോഗികളും ഗർഭിണികളും അടിയന്തര ആവശ്യങ്ങൾക്ക് പോകുന്നവരും സന്ദർശക വിസ കാലാവധി കഴിഞ്ഞ് മടങ്ങുന്നവരുമുൾപ്പെടെ നൂറിലേറെ യാത്രക്കാരാണ് അബുദാബി രാജ്യാന്തര വിമാനത്താവളത്തിൽ വലഞ്ഞത്. ‘ഓപറേഷനൽ പ്രശ്നങ്ങൾ’ ആണ് വിമാനം വൈകുന്നതിന്‍റെ കാരണമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ യാത്രക്കാരെ അറിയിച്ചത്. യാത്രക്കാർക്ക് വിമാനക്കമ്പനി എസ്എംഎസ് വഴി അറിയിപ്പ് നൽകിയിരുന്നു. ഇതനുസരിച്ച്, അടുത്ത ഏഴ് ദിവസത്തിനുള്ളിൽ സൗജന്യമായി ടിക്കറ്റ് മാറ്റിയെടുക്കാനോ, അല്ലെങ്കിൽ പുറപ്പെടുന്നതിന് രണ്ട് മണിക്കൂർ മുൻപ് വരെ മുഴുവൻ പണം തിരികെ വാങ്ങാനോ സംവിധാനമൊരുക്കിയിട്ടുണ്ട്. യാത്രക്കാരുടെ ഈ ദുരിതം വലിയ പ്രതിഷേധത്തിന് കാരണമായി. എയർ ഇന്ത്യ എക്സ്പ്രസിന്റെ ഭാഗത്തുനിന്ന് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നെന്നും ഇത് യാത്രക്കാരോടുള്ള ഉത്തരവാദിത്തമില്ലായ്മയാണ് കാണിക്കുന്നതെന്നും യാത്രക്കാരിലൊരാളായ കോഴിക്കോട് വടകര സ്വദേശി ജിതിൻ രാജ് പറഞ്ഞു. യാതൊരു മുന്നറിയിപ്പുമില്ലാതെ വിമാനം വൈകുന്നത് യാത്രക്കാരുടെ സമയവും പണവും പാഴാക്കുന്നതിന് പുറമേ, അവരെ മാനസികമായി ബുദ്ധിമുട്ടിലാക്കുകയും ചെയ്യുന്നുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t