നിവിൻ പോളി നായകനായ ‘ആക്ഷൻ ഹീറോ ബിജു 2’ എന്ന സിനിമയുടെ നിർമ്മാണച്ചെലവുമായി ബന്ധപ്പെട്ട് താൻ കോടതിയിൽ വ്യാജരേഖകൾ സമർപ്പിച്ചിട്ടില്ലെന്ന് ചിത്രത്തിന്റെ നിർമ്മാതാക്കളിലൊരാളും യുഎഇയിലെ പ്രവാസി വ്യവസായിയുമായ കോട്ടയം തലയോലപ്പറമ്പ് സ്വദേശി പി.എസ്. ഷംനാസ്. കോടതിയിൽ സമർപ്പിച്ച എല്ലാ രേഖകളും യഥാർത്ഥമാണെന്നും അദ്ദേഹം വ്യക്തമാക്കി.
തനിക്കെതിരെ സംവിധായകനും നിർമ്മാതാക്കളിലൊരാളുമായ ഏബ്രിഡ് ഷൈനും നായകനും നിർമ്മാതാക്കളിലൊരാളുമായ നിവിൻ പോളിയും നൽകിയ കേസ് നിയമപരമായി നേരിടുമെന്നും അതിനായി നാട്ടിലേക്ക് പോവുകയാണെന്നും ഷംനാസ് അറിയിച്ചു. ഏബ്രിഡിനും നിവിനുമെതിരെ 1.90 കോടി രൂപയുടെ വഞ്ചനാക്കുറ്റത്തിനാണ് ഷംനാസ് കേസ് നൽകിയിട്ടുള്ളത്. ഇതിനെത്തുടർന്ന് വൈക്കം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുകയും ചെയ്തു. ഇതിനുശേഷമാണ് ഏബ്രിഡും നിവിനും തനിക്കെതിരെ കേസ് നൽകിയത്. തെറ്റിദ്ധരിപ്പിക്കുന്ന വിധം വ്യാജരേഖകൾ ഹാജരാക്കിയെന്ന വൈക്കം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ കണ്ടെത്തലിന്റെ വിശദാംശങ്ങൾ പരിശോധിച്ച് അഭിഭാഷകനുമായി ആലോചിച്ച ശേഷം തുടർനടപടികൾ തീരുമാനിക്കുമെന്നും ഷംനാസ് പറഞ്ഞു.
തർക്കവും കേസിന്റെ പിന്നാമ്പുറവും
താൻ നൽകിയ കേസിൽ നിവിൻ പോളിയെയും ഏബ്രിഡ് ഷൈനിനെയും ചോദ്യം ചെയ്യാൻ പൊലീസ് വിളിപ്പിച്ചിട്ടുണ്ടെങ്കിലും അവരിതുവരെ എത്തിയിട്ടില്ലെന്നാണ് അറിയാൻ കഴിഞ്ഞതെന്നും, തുടർനടപടി സ്വീകരിക്കേണ്ടത് പൊലീസാണെന്നും ഷംനാസ് കൂട്ടിച്ചേർത്തു. ‘ആക്ഷൻ ഹീറോ ബിജു 2’ന്റെ അവകാശം ഏബ്രിഡ് ഷൈൻ പ്രൊഡക്ഷൻസിന്റെ പേരിലായിരുന്നു. സിനിമയുടെ ചിത്രീകരണം 11 ദിവസം നടന്നിരുന്നു. പിന്നീട് ബജറ്റിന്റെ പേരിൽ തർക്കമുണ്ടാകുകയും ചിത്രീകരണം താൽക്കാലികമായി നിർത്തിവെക്കുകയുമായിരുന്നു.
ശേഷം താനറിയാതെ ചിത്രത്തിന്റെ വിദേശ വിതരണാവകാശം പോളി ജൂനിയർ പിക്ചേഴ്സ് ദുബായിലെ ഹോം സ്ക്രീൻ മോഷൻ പിക്ചേഴ്സിന് വിറ്റുവെന്ന് ഷംനാസ് പറയുന്നു. അതിന്റെ പേരിൽ തർക്കമുണ്ടാവുകയും സിനിമ അവർ തന്നെ ഏറ്റെടുക്കാമെന്ന് പറഞ്ഞ് തന്നോട് നിർമ്മാണത്തിൽ നിന്ന് മാറാൻ ആവശ്യപ്പെടുകയുമായിരുന്നു. ഇതേത്തുടർന്ന് ആവശ്യപ്പെട്ട പ്രകാരം കണക്കുകളും മറ്റ് കാര്യങ്ങളും കൈമാറി. എന്നാൽ തനിക്ക് ചെലവായ തുക ഒരു വർഷവും മൂന്ന് മാസവും പിന്നിട്ടിട്ടും അവർ നൽകാൻ തയ്യാറായില്ല. ഇതേത്തുടർന്നാണ് കേസ് കൊടുക്കേണ്ടി വന്നത്. ഇത് പ്രശ്നമാകുമെന്നറിഞ്ഞപ്പോൾ താൻ വ്യാജരേഖയുണ്ടാക്കി എന്ന് പറഞ്ഞാണ് അവർ തനിക്കെതിരെ കേസ് കൊടുത്തിരിക്കുന്നതെന്നും അതിൽ യാതൊരു വാസ്തവവുമില്ലെന്നും ഷംനാസ് വ്യക്തമാക്കി.
ഏബ്രിഡ് ഷൈൻ പ്രൊഡക്ഷൻസിന്റെ പേരിലാണ് ചിത്രം ഫിലിം ചേംബറിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. അത് മാറ്റാൻ ഏബ്രിഡ് ഷൈനിന്റെ മാത്രം അനുവാദം മതി, പോളി ജൂനിയറിന്റെ ആവശ്യമില്ല. ചിത്രം മൂന്ന് പേരും കൂടി നിർമ്മിക്കാനിരുന്നതാണെന്നും എന്നാൽ പണം മുടക്കണം എന്ന പേരിൽ തന്റെ പേരിലേക്ക് മാറ്റുകയായിരുന്നുവെന്നും ഷംനാസ് പറഞ്ഞു. ഷംനാസും നിവിൻ പോളിയും ഏബ്രിഡ് ഷൈനും ചേർന്ന് നേരത്തെ ‘മഹാവീർ’ എന്ന ചിത്രം നിർമ്മിച്ചിട്ടുണ്ട്. വർഷങ്ങളായി ഷാർജ കേന്ദ്രീകരിച്ച് വ്യവസായിയാണ് ഷംനാസ്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t