യുഎഇയിൽ വീസ അപേക്ഷകർക്ക് സമയം ലാഭിക്കാം അധ്വാനം കുറയ്ക്കാം; ഔദ്യോഗിക ചാനൽ വഴി അപേക്ഷിച്ചവർക്ക് വിഡിയോ കോൾ സേവനം ഉപയോഗപ്പെടുത്താം, എല്ലാം വളരെ എളുപ്പം

എമിറേറ്റ്സിലെ വീസ സേവനങ്ങൾ കൂടുതൽ സുഗമമാക്കുന്നതിനായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ആരംഭിച്ച വിഡിയോ കോൾ സേവനത്തിന് മികച്ച സ്വീകാര്യത. 2025 വർഷത്തെ ആദ്യപകുതിയിൽ 52,212 വിഡിയോ കോളുകളാണ് ലഭിച്ചതെന്ന് ജിഡിആർഎഫ്എ ദുബായ് മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി അറിയിച്ചു. ഇതിൽ ഏറ്റവും കൂടുതൽ കോളുകൾ ലഭിച്ചത് എൻട്രി, റസിഡൻസി പെർമിറ്റ് സേവനങ്ങളുമായി ബന്ധപ്പെട്ടാണ് (42,433 കോളുകൾ). കൂടാതെ, എസ്റ്റാബ്ലിഷ്മെന്റ് കാർഡ് സേവനങ്ങൾക്ക് 5,782 കോളുകളും, സാമ്പത്തിക സേവനങ്ങൾക്ക് 2,850 കോളുകളും, പാസ്പോർട്ട് വിതരണ സേവനങ്ങളുമായി ബന്ധപ്പെട്ട് 1,147 കോളുകളും ലഭിച്ചുവെന്ന് അദ്ദേഹം വിശദീകരിച്ചു. താമസ കുടിയേറ്റ സേവനങ്ങളുമായി ബന്ധപ്പെട്ട സേവനങ്ങൾ കാര്യക്ഷമമാക്കാനും കാലതാമസം ഒഴിവാക്കാനുമായി 2023ലാണ് ജനറൽ ഡയറക്ടറേറ്റ് ഉപയോക്തൃ സൗഹൃദ വിഡിയോ കോൾ സേവനം ആരംഭിച്ചത്. ഓഫിസുകൾ സന്ദർശിക്കാതെ തന്നെ ഉദ്യോഗസ്ഥരുമായി തത്സമയം ആശയവിനിമയം നടത്തി ഇടപാടുകൾ കാര്യക്ഷമമായി പൂർത്തീകരിക്കാൻ ഈ സർവീസ് സഹായിക്കുന്നതാണ്.

ജനറൽ ഡയറക്ടറേറ്റിന്റെ വെബ്സൈറ്റിലൂടെയും മൊബൈൽ അപ്ലിക്കേഷനായ GDRFA DXBയിലൂടെയും ഈ സർവീസ് തേടാം. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 7.30 മുതൽ വൈകുന്നേരം ഏഴു വരെയും, വെള്ളിയാഴ്ച ദിവസങ്ങളിൽ അത് രാവിലെ 7.30 മുതൽ 12 വരെയും ഉച്ചയ്ക്ക് 2.30 മുതൽ ഏഴു വരെയും ലഭ്യമാണ്. ഒരു വിഡിയോ കോളിന്റെ ശരാശരി ദൈർഘ്യം ഒരു മിനിറ്റാണ്.

അപേക്ഷ സമർപ്പിച്ച ശേഷം 48 മണിക്കൂറിനുള്ളിലോ അല്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ പ്രതികരണത്തിന് ശേഷമോ ആണ് കോളിന്റെ സമയം നിശ്ചയിക്കപ്പെടുന്നത്. നിലവിൽ ദുബായിലെ വീസ സേവനങ്ങൾ ഏറ്റവും മികച്ച രീതിയിലാണ് ആളുകളിലേക്ക് എത്തിക്കുന്നത്. എന്നാൽ, വീസയുടെ അപേക്ഷാ ഫോമുകളിലെ അവ്യക്തത പ്രോസസിങ് സമയത്തെ മന്ദഗതിയിലാക്കുന്നു. ഈ നൂതന വിഡിയോ കോൾ സേവനത്തിന്റെ ആമുഖം ഈ പ്രശ്നം പരിഹരിക്കാൻ ലക്ഷ്യമിടുന്നു. ഇത് അപേക്ഷകർക്ക് കൂടുതൽ ആക്‌സസ് ചെയ്യാവുന്നതും സൗകര്യപ്രദവുമാണ്. വിഡിയോ കോൾ സേവനത്തിലൂടെ അപേക്ഷകർക്ക് ഇപ്പോൾ ഓഫിസുകൾ നേരിൽ സന്ദർശിക്കാതെ തന്നെ എമിഗ്രേഷൻ ഉദ്യോഗസ്ഥരുമായി ആശയ വിനിമയം നടത്താൻ സാധിക്കുമെന്ന് അധികൃതർ പറഞ്ഞു.

ഒപ്പം വീസ അപേക്ഷകർക്ക് പ്രോസസിങ് കാലതാമസം ഒഴിവാക്കാനും, തങ്ങളുടെ വീടുകളിൽ നിന്ന് അപേക്ഷാ പ്രക്രിയ പൂർത്തിയാക്കാനും, സമയവും അധ്വാനവും ലാഭിക്കാനും ഇതു വഴി സാധിക്കുന്നതാണ്. ജിഡിആർഎഫ്എ ദുബായുടെ ഈ സംരംഭം വീസാ അപേക്ഷാ പ്രക്രിയകളുടെ കാര്യക്ഷമത വർധിപ്പിക്കുക മാത്രമല്ല, താമസക്കാർക്കും സന്ദർശകർക്കും ഉപയോക്തൃ സൗഹൃദ സേവനങ്ങൾ നൽകാനുള്ള ദുബായുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു. വീസാ അപേക്ഷകൾ സുഗമമാക്കാനും പ്രോസസിങ് സമയം കുറയ്ക്കാനും സൗകര്യപ്രദമായഈ വിഡിയോ കോൾ സേവനം പ്രയോജനപ്പെടുത്താൻ വകുപ്പ് ഉപയോക്താക്കളോട് അഭ്യർഥിച്ചു. അന്വേഷണങ്ങൾക്ക് ടോൾഫ്രീ നമ്പറിൽ (800 5111) വിളിക്കാം ദുബായിലെ വീസ സംബന്ധമായ എല്ലാ അന്വേഷണങ്ങൾക്കും മേൽ നമ്പറിൽ വിളിക്കാവുന്നതാണ്. എന്നാൽ, വിഡിയോ കോൾ സേവനം ഔദ്യോഗിക ചാനൽ വഴി അപേക്ഷിച്ച സേവന അപേക്ഷകളുടെ മേലുള്ള നടപടികൾപൂർത്തീകരിക്കാനുള്ളതാണെന്ന് ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു. ഇത്തരത്തിൽ വീസ സംബന്ധമായ വിവിധ സേവനങ്ങൾക്കും അന്വേഷണങ്ങൾക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top