ഷാർജയിൽ മരിച്ച കേരളപുരം സ്വദേശി വിപഞ്ചിക മണിയന്റെ (33) സംസ്കാരം ഇന്നു കുണ്ടറയിൽ നടത്തും. ഇന്നലെ രാത്രി പതിനൊന്നോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലാണ്. ഇന്നു വീണ്ടും പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം മാതൃസഹോദരന്റെ വീടായ കേരളപുരം പൂട്ടാണിമുക്ക് സൗപർണികയിൽ എത്തിച്ച് വൈകിട്ടോടെ സംസ്കാരം നടത്തും. ഷാർജയിലായിരുന്ന അമ്മ ഷൈലജ, സഹോദരൻ വിനോദ് എന്നിവരും മറ്റു ബന്ധുക്കളും മൃതദേഹത്തിനൊപ്പം നാട്ടിലെത്തി. ഭർത്താവ് നിതീഷിന്റെയും വീട്ടുകാരുടെയും പീഡനത്തെ തുടർന്നാണ് വിപഞ്ചിക ജീവനൊടുക്കിയതെന്നു ബന്ധുക്കളുടെ ആരോപണം ഉയർന്നതോടെയാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ നീണ്ടത്. ഭർത്താവ് നിതീഷും വിപഞ്ചികയുടെ ബന്ധുക്കളുമായി ധാരണയായതോടെ മകൾ വൈഭവിയുടെ മൃതദേഹം 17നു ദുബായിൽ സംസ്കരിച്ചിരുന്നു.
കഴിഞ്ഞ 9നാണ് കൊല്ലം ചന്ദനത്തോപ്പ് രജിത ഭവനിൽ മണിയന്റെയും ഷൈലജയുടെയും മകൾ വിപഞ്ചിക, മകൾ വൈഭവി എന്നിവരെ ഷാർജ അൽ നഹ്ദയിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 2020 നവംബറിലായിരുന്നു വിപഞ്ചികയും കോട്ടയം പനച്ചിക്കാട് പൂവൻതുരുത്ത് വലിയവീട്ടിൽ നിതീഷുമായുള്ള വിവാഹം. വിവാഹം ആഡംബരമായി നടത്തിയില്ലെന്നും സ്ത്രീധനം കുറഞ്ഞെന്നും കാർ ലഭിച്ചില്ലെന്നും ആരോപിച്ച് മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി കാണിച്ചുള്ള ആത്മഹത്യക്കുറിപ്പു ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത ശേഷം വിപഞ്ചിക ആത്മഹത്യ ചെയ്യുകയായിരുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t