യുഎഇയിൽ അടുത്ത ദിവസങ്ങളിൽ താപനിലയിൽ കുറവ് വരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എൻസിഎം) അറിയിച്ചു. നാല് മുതൽ അഞ്ച് ഡിഗ്രി വരെ താപനില കുറഞ്ഞതിന് ശേഷം വീണ്ടും വർധിക്കാൻ സാധ്യതയുണ്ട്. അബുദാബിയിലും ദുബായിലും കഴിഞ്ഞ ദിവസങ്ങളിൽ കനത്ത പൊടിക്കാറ്റും മൂടൽമഞ്ഞും ഇടവിട്ടുള്ള മഴയും താപനിലയിൽ കാര്യമായ കുറവും അനുഭവപ്പെട്ടിരുന്നു.ശക്തമായ കാറ്റുമൂലമുണ്ടായ പൊടിക്കാറ്റ് ഞായറാഴ്ചയും തിങ്കളാഴ്ചയും ഈ പ്രദേശങ്ങളിൽ കാഴ്ചാപരിധി കുറയ്ക്കുകയും ചെയ്തു. വടക്ക് പടിഞ്ഞാറൻ കാറ്റ് കാരണം ഇന്ന്(ബുധൻ ) താപനില 4-5°സെൽഷ്യസ് കുറയുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിലെ കാലാവസ്ഥാ നിരീക്ഷകൻ ഡോ. അഹമ്മദ് ഹബീബ് പറഞ്ഞു. പ്രത്യേകിച്ച് അബുദാബിയിൽ ഇത് പ്രകടമാകും. തീരദേശ മേഖലകളിലെല്ലാം താപനില കുറയുമെങ്കിലും പടിഞ്ഞാറൻ മേഖലയിലും ദുബായ് ഉൾപ്പെടെയുള്ള മറ്റ് ഭാഗങ്ങളിലും ഇതിന്റെ സ്വാധീനം കൂടുതലായിരിക്കും.
ഈ ആഴ്ച ദുബായിലെ മർഗം, അബുദാബിയിലെ അൽ ദഫ്‌റ, അൽ ഐനിലെ ഉമ്മുൽ ഗഫ, അൽ ഫാഖ, ഉമ്മുൽ സുമൂൽ, ഖത്തം അൽ ഷിഖ്‌ല തുടങ്ങിയ പ്രദേശങ്ങളിൽ മിതമായതും കനത്തതുമായ മഴ ലഭിച്ചിരുന്നു. അധികൃതർ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പുറപ്പെടുവിച്ച് ജാഗ്രത പാലിക്കാൻ നിർദ്ദേശവും നൽകിയിരുന്നു. ഈ കാലാവസ്ഥാ മാറ്റങ്ങൾ അടുത്ത ദിവസങ്ങളിലും ഇടവിട്ട് തുടരുമെന്നും ഈ മാസം 25-26 തീയതികളിൽ കൂടുതൽ സജീവമായ കാലാവസ്ഥാ പ്രതിഭാസങ്ങൾ പ്രതീക്ഷിക്കുന്നതായും വിദഗ്ധർ പറയുന്നു.
എല്ലാ വർഷവും ഈ സമയത്ത് സാധാരണയായി സംഭവിക്കുന്ന ഒരു പ്രതിഭാസമാണിതെന്നും വ്യക്തമാക്കി. ഈ ആഴ്ചയുടെ അവസാനത്തോടെ യുഎഇയുടെ ഉൾപ്രദേശങ്ങളിലും ദഫ്‌റയുടെ തെക്കൻ ഭാഗങ്ങളിലും ശക്തമായ മഴയ്ക്കും ചിലപ്പോൾ ആലിപ്പഴത്തിനും സാധ്യതയുള്ള സംവഹന മേഘങ്ങൾ രൂപപ്പെടും. ദുബായിയുടെ പ്രാന്തപ്രദേശങ്ങളായ മർമൂം, എക്സ്പോ സിറ്റിയുടെ ചില ഭാഗങ്ങൾ, ലിവായുടെ തെക്കൻ ഭാഗങ്ങൾ, അബുദാബിയിലെ അൽ ദഫ്‌റയുടെ വിദൂര പ്രദേശങ്ങൾ എന്നിവിടങ്ങളിലും മഴ ലഭിക്കാൻ സാധ്യതയുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t