‘‘ നീ നൽകുന്ന എല്ലാ വേദനയും ഞാൻ ഏറ്റുവാങ്ങുന്നു. എന്റെ ഹൃദയം തകർന്നുപോകട്ടെയെന്ന് ഞാൻ ആഗ്രഹിക്കുന്നു. തകരുന്ന ഓരോ തുണിയിലും നീയാവട്ടെ തെളിയാൻ, എന്റെ ഉള്ളം മുഴുവൻ നിനക്കുവേണ്ടി ജീവിക്കാനാണ്. വേദനയുടെ പാതയിൽ ഞാൻ വീണ്ടും നടക്കുന്നു. നിന്റെ ഓർമകളിൽ ഞാൻ ജീവിതം കണ്ടെത്തുന്നു. തളർന്നെങ്കിലും വീണുവെങ്കിലും നിന്റെ സ്നേഹത്തിൽ ഞാൻ വീണ്ടും ഉയരുന്നു. മുറിവുകൾ താങ്ങുമ്പോഴും ഞാൻ മിണ്ടാതെ നിൽക്കുന്നു. കാരണം, അവ എന്റെ ആത്മാവിന്റെ ഗാനം ആകുന്നു. എന്നെ തകർക്കൂ, എന്റെ ഉള്ളം കീറിയിടൂ, എന്റെ ഹൃദയത്തിൽ നിനക്കൊരു വേദി നിർമിക്കാം. എന്റെ സ്വപ്നങ്ങൾക്കും കരച്ചിലും നിന്റെ സ്നേഹത്തിന്റെ മധുരവും വേദനയും, എന്റെ ഓരോ അധരം ചിരിക്കാൻ പഠിക്കുന്നു. കാരണം നീയാണ് എന്റെ ഹൃദയത്തിന്റെ നിത്യപ്രകാശം…’’-അബുദാബി മുസഫയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ കണ്ണൂർ തളാപ്പ് അരയക്കണ്ടി സ്വദേശിനി ഡോ. ധനലക്ഷ്മി(54)യുടെ ഫെയസ്ബുക്ക് കുറിപ്പാണിത്.
ഇത്തരത്തിൽ ജീവിതാനുഭവങ്ങൾ കാവ്യാത്മകമായും സമകാലിക വിഷയങ്ങൾ ശക്തമായ ഭാഷയിലും എഴുതിയ ഒട്ടേറെ പോസ്റ്റുകൾ ഈ ജനപ്രിയ ഡോക്ടറുടെ സമൂഹമാധ്യമ പേജുകളിൽ കാണാം. ജീവിതത്തെ വളരെ മനോഹരമായി ആസ്വദിച്ചിരുന്ന ഡോക്ടറുടെ വിയോഗം യുഎഇ മലയാളി സമൂഹത്തിന് വിശ്വസിക്കാനേ ആകുന്നില്ല. എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയും അബുദാബി ലൈഫ് കെയർ ആശുപത്രിയിലെ ദന്ത ഡോക്ടറുമായ ധനലക്ഷ്മി അബുദാബിയിലെ കലാ സാമൂഹിക സാംസ്കാരിക, കായിക രംഗത്ത് സജീവ സാന്നിധ്യമായിരുന്നു. എപ്പോഴും ചിരിച്ച മുഖത്തോടെയല്ലാതെ ഡോക്ടറെ ആരും കണ്ടിട്ടില്ല. ഒരിക്കൽ പരിചയപ്പെട്ടവരാരും അവരെ മറക്കുകയുമില്ല. അത്രയ്ക്കും ഹൃദയാവർജകമായ പെരുമാറ്റമായിരുന്നു ഡോക്ടറുടേതെന്ന് അബുദുബായിലെ സാമൂഹിക സാംസ്കാരിക പ്രവർത്തകർ പറയുന്നു.
10 വർഷത്തിലേറെയായി യുഎഇയിൽ പ്രവാസിയായ ഡോ. ധനലക്ഷ്മിയെ മുസഫയിലെ താമസയിടത്തിൽ ഇന്നലെ(തിങ്കൾ) രാത്രിയായിരുന്നു മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടുദിവസമായി ഫോണിൽ വിളിച്ചുകിട്ടാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ അന്വേഷിച്ചപ്പോഴാണ് വിവരമറിഞ്ഞത്. ജോലിസ്ഥലത്തും അവർ ഇന്നലെ പോയിരുന്നില്ല. മുൻപ് കണ്ണൂർ ധനലക്ഷ്‌മി ആശുപത്രിയിലും സേവനമനുഷ്ഠിച്ചിരുന്നു. കണ്ണൂരിലെ ആനന്ദകൃഷ്ണ ബസ് സർവീസ് ഉടമസ്ഥനായിരുന്ന പരേതനായ നാരായണന്റെയും ചന്ദ്രമതിയുടെയും മകളാണ്. മൃതദേഹം ബിനിയാസ് മോർച്ചറിയിലേക്ക് മാറ്റി. നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t