ലഹരിമരുന്ന് കടത്ത് കേസില്‍ പ്രധാന സൂത്രധാരന്‍ അറസ്റ്റില്‍. ഷാര്‍ജ പോലീസ് നടത്തിയ സുരക്ഷാ ഓപ്പറേഷനിലൂടെയാണ് അറസ്റ്റുചെയ്തത്. ഭാര്യയെയും മക്കളെയും മറയാക്കിയാണ് രാജ്യാന്തര ലഹരിമരുന്ന് കടത്തിയത്. കാനഡയിൽ നിന്നും സ്പെയിനിൽ നിന്നും യുഎഇയിലേയ്ക്ക് ലഹരിമരുന്ന് കടത്തിയിരുന്ന രാജ്യാന്തര ക്രിമിനൽ ശൃംഖലയെ തകർത്ത വലിയ ഓപറേഷന്റെ ഭാഗമായാണ് ഈ അറസ്റ്റ്. 2023 ഡിസംബർ 31 ന് നടന്ന അബുദാബി ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ വെടിക്കെട്ടുമായി ബന്ധപ്പെട്ട് പ്രത്യേക നിരീക്ഷണത്തിലായിരുന്നു ഇവർ. 131 കിലോ ലഹരിമരുന്നും സൈക്കോട്രോപിക് ലഹരിവസ്തുക്കളും 9,945 ലഹരി ഗുളികകളും അടങ്ങിയ വലിയൊരു കണ്ടെയ്‌നർ അധികൃതർ പിടിച്ചെടുത്തു. ഈ ഓപറേഷനിലൂടെ ഒരു അറബ് വംശജൻ ഉൾപ്പെടെ ഏഴ് പ്രതികളെയാണ പോലീസ് അറസ്റ്റ് ചെയ്തത്. കുടുംബത്തെ പരിചയാക്കി ക്രിമിനൽ പ്രവർത്തനങ്ങൾ നടത്തിവന്ന ഇയാളാണ് ഈ ശൃംഖലയുടെ പ്രധാന കണ്ണിയെന്ന് അധികൃതർ അറിയിച്ചു. പ്രതി ഭാര്യയോടും കുട്ടികളോടും ഒപ്പം പതിവായി യുഎഇയിലേക്ക് യാത്ര ചെയ്തിരുന്നതായി ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ പറഞ്ഞു. തങ്ങളുടെ പ്രവർത്തനങ്ങളിൽ സംശയം വരാതിരിക്കാൻ കുടുംബത്തെ ഉപയോഗിച്ച് പ്രാദേശിക സംഘങ്ങളുമായി ഇയാൾ കൂടിക്കാഴ്ചകൾ നടത്തിയിരുന്നു. ലഹരിവിരുദ്ധ സംഘങ്ങൾ ഇയാളുടെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും പിന്നീടുള്ള നീക്കങ്ങളിലൂടെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ചോദ്യം ചെയ്യലിൽ ഭാര്യയുമായി സഹകരിച്ച് ലഹരിമരുന്ന് കടത്തുന്നതിൽ താൻ പ്രധാന പങ്ക് വഹിച്ചുവെന്ന് ഇയാൾ സമ്മതിച്ചു. ലൊക്കേഷൻ അധിഷ്ഠിത സൈറ്റുകൾ ഉപയോഗിച്ചാണ് ഇവർ രാജ്യത്തിനുള്ളിൽ ലഹരിമരുന്ന് ഒളിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്തിരുന്നത്. കൂടുതൽ അന്വേഷണത്തിൽ ലഹരിമരുന്ന് കൈപ്പറ്റാനും കടത്താനും വിതരണം ചെയ്യാനും സഹായിച്ച ഏഷ്യൻ വംശജരായ മറ്റ് അഞ്ച് പ്രതികളെയും അറസ്റ്റ് ചെയ്തു. കാനഡയിലെ ടൊറന്റോ തുറമുഖത്ത് നിന്ന് സ്പെയിനിലെ മാലാഗയിലേക്കും അവിടെ നിന്ന് ഒരു യുഎഇ തുറമുഖത്തേക്കും നീളുന്ന ഒരു അതിസങ്കീർണമായ കടത്ത് മാർഗവും അധികൃതർ കണ്ടെത്തി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t