യുഎഇയിലെ കുടുംബത്തിലെ മൂന്നുപേരുടെ മരണം; പ്രതിക്ക് വധശിക്ഷ നൽകണം, വിചാരണ ഉടന്‍

യുഎഇയിലെ കുടുംബത്തില്‍ മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ പ്രതിയ്ക്ക് വധശിക്ഷ നല്‍കണമെന്ന് ബന്ധുക്കളുടെ ആവശ്യം. കേസില്‍ പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം പൂർത്തിയാക്കി. കേസ് കോടതിയിലേക്ക് മാറ്റിയതായും ആദ്യ വാദം കേൾക്കുന്ന തീയതി ഉടൻ പ്രഖ്യാപിക്കുമെന്നും അധികൃതർ അറിയിച്ചു. കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് വിചാരണ വേഗത്തിൽ പൂർത്തിയാകുമെന്നാണ് നിയമ വിദഗ്ധർ പ്രതീക്ഷിക്കുന്നത്. മരിച്ചവരുടെ കുടുംബം പ്രതിക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ‘കേസ് നിയമത്തിന്റെ കൈകളിലേക്ക് ഞങ്ങൾ വിടുന്നു’. യുഎഇ നീതിന്യായ വ്യവസ്ഥയിൽ തങ്ങൾക്ക് വിശ്വാസമുണ്ടെന്നും വിധിക്കായി കാത്തിരിക്കുകയാണെന്നും മരിച്ചവരുടെ മകനും സഹോദരനുമായ മാഹർ സലേം വഫായി പറഞ്ഞു. ഈ വർഷം മേയ് അഞ്ചിന് രാത്രി 11 മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. 66 വയസുള്ള അമ്മയും 36, 38 വയസുള്ള രണ്ട് പെൺമക്കളുമാണ് വെടിയേറ്റ് മരിച്ചത്. 47 വയസുള്ള മറ്റൊരു മകൾ പരിക്കുകളോടെ രക്ഷപ്പെട്ടു. മാതാവും നാല് സഹോദരിമാരും വീട്ടിലുണ്ടായിരുന്നപ്പോഴാണ് വാഹനം പോകുന്ന വഴി സംബന്ധിച്ച തർക്കം ആരംഭിച്ചത്. അയൽപ്പക്കത്ത് താമസിച്ചിരുന്ന 55 കാരനായ യെമൻ പൗരനാണ് കേസിലെ പ്രതി. ഇയാൾ തർക്കത്തെ തുടർന്ന് പെട്ടെന്ന് അക്രമാസക്തനാകുകയും ഒരു മുന്നറിയിപ്പുമില്ലാതെ വെടിയുതിർക്കുകയുമായിരുന്നെന്ന് കൊല്ലപ്പെട്ട സ്ത്രീയുടെ മകനും ഇരകളുടെ സഹോദരനുമായ മാഹർ സാലെം വഫായി പറഞ്ഞു. തർക്കം തുടങ്ങിയപ്പോൾ കൊല്ലപ്പെട്ടവർ അവിടെ നിന്ന് മാറാൻ ശ്രമിച്ചപ്പോള്‍ പിന്നാലെ വന്നാണ് വെടിയുതിര്‍ത്തത്. യാസ്മിൻ (38) ആയിരുന്നു ആദ്യം ആക്രമിക്കപ്പെട്ടത്. പ്രതി അവരുടെ പിന്നാലെ ഓടി തലയ്ക്ക് വെടിവച്ചു. മറ്റൊരു സഹോദരി അടുത്തേയ്ക്ക് വന്നപ്പോൾ അവരെയും വെടിവച്ചു. ഈ ഭീകരമായ രംഗം ഒഴിവാക്കാൻ ശ്രമിച്ച മാതാവിനും സഹായിക്കാൻ ഓടിയെത്തിയ മറ്റൊരു സഹോദരിക്കും വെടിയേറ്റു. കൊല്ലപ്പെട്ടവരിൽ ഒരാളുടെ 11 വയസുള്ള മകൻ ഈ സംഭവങ്ങൾക്ക് ദൃക്സാക്ഷിയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top