
യുഎഇയിൽ വിമാനത്തിൽ ബാഗേജ് എത്തിക്കാൻ ഡ്രൈവറില്ലാ ട്രാക്ടറുകൾ
വിമാനത്തിലേക്ക് ബാഗേജുകൾ എത്തിക്കാൻ ഉപയോഗിക്കുന്ന ട്രാക്ടറുകൾക്ക് ഇനി ഡ്രൈവറുണ്ടാകില്ല. ദുബൈ വേൾഡ് സെൻട്രൽ എന്ന ആൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളമാണ് നവീനമായ ഡ്രൈവറില്ലാ ഇലക്ട്രിക് ട്രാക്ടറുകൾ ഏർപ്പെടുത്തിയിരിക്കുന്നത്.
ആറ് സ്വയം നിയന്ത്രിത വാഹനങ്ങളാണ് ഏവിയേഷൻ സേവന കമ്പനിയായ ഡിനാറ്റ വിമാനത്താവളത്തിൽ സജ്ജീകരിച്ചിട്ടുള്ളത്. 60 ലക്ഷം ദിർഹം നിക്ഷേപത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
ലോകത്തെ ഏറ്റവും വലിയ വിമാനത്താവളമായി മാറുന്ന ആൽ മക്തൂമിൽ നൂതന സംവിധാനങ്ങൾ വിന്യസിക്കുന്നതിൻറെ ഭാഗമാണിത്. ഡ്രൈവറില്ലാ ട്രാക്ടറുകൾക്ക് ഒരേ സമയം നാല് ബാഗേജ് കണ്ടെയ്നറുകൾ വരെ കൊണ്ടുപോകാൻ സാധിക്കും. ആദ്യഘട്ടത്തിൽ ജീവനക്കാരുടെ മേൽനോട്ടത്തിൽ തന്നെയാണ് വാഹനം പ്രവർത്തിപ്പിക്കുക.
അടുത്ത വർഷം ആദ്യത്തോടെ സംവിധാനം പൂർണമായും മനുഷ്യ സാന്നിധ്യമില്ലാത്തതാകും. ‘ട്രാക്റ്റ് ഈസി’ വികസിപ്പിച്ച ‘ഇ.സെഡ്.ടോ’ മോഡൽ ട്രാക്ടറുകളാണ് വിമാനത്താവളത്തിൽ പുറത്തിറക്കിയത്. കാര്യക്ഷമതയും സുരക്ഷയും ഉറപ്പാക്കുന്നതിനൊപ്പം ജീവനക്കാരെ കൂടുതൽ മറ്റു സങ്കീർണമായ പ്രവർത്തനങ്ങളിൽ വിന്യസിക്കാൻ അവസരമൊരുക്കുകയും ചെയ്യുന്നതാണ് സംരംഭമെന്ന് ഡിനാറ്റ കമ്പനി പ്രസ്താവിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
Comments (0)