Posted By christymariya Posted On

നിങ്ങളുടെ എഐ ജനറേറ്റഡ് ചിത്രങ്ങൾ ഇനി വാട്‌സ്‌ആപ്പിലും നിർമിക്കാം: അതും വളരെ എളുപ്പത്തിൽ, ചെയ്യേണ്ടത് ഇത്രമാത്രം

ചാറ്റ്‌ജിപിടിയുടെ ഇമേജ് എഡിറ്റിങ് ടൂളായ ഗിബ്ലി വളരെ കുറഞ്ഞ സമയം കൊണ്ട് ഇൻറർനെറ്റ് ലോകത്ത് തരംഗമായി മാറിയത് നമ്മൾ കണ്ടതാണ്. ഇൻസ്റ്റൻറ് മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്‌സ്‌ആപ്പിലേക്ക് ചാറ്റ്‌ജിപിടിയുടെ എഐ ഇമേജ് ജനറേഷൻ കഴിവുകൾ വ്യാപിപ്പിച്ചിരിക്കുകയാണ് ഓപ്പൺഎഐ ഇപ്പോൾ. ചാറ്റ്‌ജിപിടിയുടെ വെബ്‌, മൊബൈൽ ആപ്പുകൾ വഴി മാത്രം ലഭ്യമായിരുന്ന ഫീച്ചറാണ് ഇപ്പോൾ വാട്‌സ്‌ആപ്പിലും ലഭ്യമായിരിക്കുന്നത്.

ഇതുവഴി വളരെ കുറഞ്ഞ സമയത്തിനുള്ളിൽ എളുപ്പത്തിൽ സൗജന്യമായി നിങ്ങളുടെ എഐ ജനറേറ്റഡ് ചിത്രങ്ങൾ നിർമിക്കാനാവും. ഇതിനാവശ്യമായ നിർദ്ദേശങ്ങൾ നിങ്ങൾക്ക് നൽകാനാവും. ചാറ്റ്ബോട്ടിൻറെ വെബ് ആപ്പിലേക്കോ മറ്റോ പോകാതെ തന്നെ വാട്‌സ്‌ആപ്പിൽ നിന്ന് തന്നെ ഇത്തരം ചിത്രങ്ങൾ നിർമിക്കാൻ ഇത് ഉപയോക്താവിനെ അനുവദിക്കും.

സൗജന്യമായി എഐ ഇമേജുകൾ ആവശ്യാനുസരണം നിർമിക്കാൻ സാധിക്കുന്നതാണ് ചാറ്റ്‌ജിപിടിയുടെ ഈ ഫീച്ചർ. പുതിയ സവിശേഷത ഉപയോഗിച്ച് വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് എഐ ജനറേറ്റഡ് ഇമേജുകൾ നിർമിക്കാനും എഡിറ്റ് ചെയ്യാനും കഴിയും. എഐ ജനറേറ്റഡ് ഇമേജുകൾ സൗജന്യമായി നിർമിക്കാമെങ്കിലും, ഒരു സമയം ഒരു ചിത്രം മാത്രമേ നിർമിക്കാനാവൂ. അടുത്ത ചിത്രം നിർമിക്കുന്നതിന് 24 മണിക്കൂർ കഴിയണം. പുതിയ ഫീച്ചർ ഉപയോഗിച്ച് ചിത്രം നിർമിക്കാൻ ശ്രമിച്ചപ്പോൾ വെറും ഒരു മിനിറ്റിനുള്ളിൽ തന്നെ ലഭിച്ചിട്ടുണ്ട്. വാട്‌സ്‌ആപ്പിൽ ചാറ്റ്‌ജിപിടി ഇമേജ് ജനറേറ്റർ ഉപയോഗിച്ച് എങ്ങനെ ചിത്രങ്ങൾ നിർമിക്കാമെന്ന് പരിശോധിക്കാം.

വാട്ട്‌സ്ആപ്പിലെ ചാറ്റ്‌ജിപിടി ഇമേജ് ജനറേറ്റർ എങ്ങനെ ഉപയോഗിക്കാം?

ഓപ്പൺഎഐയുടെ ചാറ്റ്ബോട്ടുമായി ചാറ്റ് ചെയ്യുന്നതിന് നിങ്ങളുടെ നിങ്ങളുടെ സ്‌മാർട്ട്‌ഫോണിൽ +1 (800) 242-8478 എന്ന നമ്പർ സേവ് ചെയ്യുക.
നമ്പർ സേവ് ചെയ്‌തതിന് ശേഷം വാട്‌സ്‌ആപ്പ് തുറക്കുക.
തുടർന്ന് ചാറ്റ് സെഷനിൽ ചാറ്റ്‌ജിപിടി എന്ന് തിരയുക.
തുടർന്ന് ചാറ്റ്‌ജിപിടി ദൃശ്യമായാൽ അത് ക്ലിക്ക് ചെയ്‌തുകൊണ്ട് ചാറ്റ്‌ബോക്‌സ് തുറക്കുക.
ഇനി “Hi” പറഞ്ഞുകൊണ്ട് ചാറ്റ്ബോട്ടുമായി നിങ്ങളുടെ സംഭാഷണം ആരംഭിക്കാം.
തുടർന്ന് ഒരു ചിത്രം അപ്‌ലോഡ് ചെയ്‌ത് അതിനെ നിങ്ങൾക്ക് ആവശ്യമുള്ള രീതിയിൽ പുനഃക്രമീകരിക്കാൻ ആവശ്യപ്പെടുകയോ അല്ലെങ്കിൽ നിങ്ങൾ നൽകുന്ന വിവരണത്തിനനുസരിച്ച് ഒരു ചിത്രം നിർമിക്കാൻ ആവശ്യപ്പെടുകയോ ചെയ്യാം.
നിങ്ങൾ ആവശ്യപ്പെട്ട പ്രകാരം ചിത്രം നിർമിക്കാൻ സമയമെടുക്കുമെന്നതിനാൽ തന്നെ അൽപ്പ സമയം കാത്തിരിക്കുക. ഇതിനായുള്ള നിർദ്ദേശം ചാറ്റ്‌ബോട്ട് നൽകും. തുടർന്ന് ചിത്രം നിങ്ങളുടെ ചാറ്റിനുള്ളിൽ തന്നെ ദൃശ്യമാവുകയും ചെയ്യും.
ഇത് സേവ് ചെയ്‌ത് ഉപയോഗിക്കാം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *