
കണ്ടന്റ് ക്രിയേറ്റർമാരുടെ ശ്രദ്ധയ്ക്ക്, ഇനി എല്ലാത്തിനും യൂട്യൂബ് പണം തരില്ല; ജൂലൈ 15 മുതൽ പുതിയ മാറ്റം
നമ്മുടെ ഇടയിൽ കണ്ടന്റ് ക്രിയേറ്റർമാർ ധാരാളമാണ്. പത്തു പേരെ എടുത്താൽ അതിൽ അഞ്ച് പേരെങ്കിലും യൂട്യൂബർമാരായിരിക്കും. യൂട്യൂബിലൂടെ കണ്ടന്റ് ക്രിയേറ്റ് ചെയ്ത് അതിലൂടെ വരുമാനം കണ്ടെത്തുന്നവരുടെ എണ്ണം വർധിച്ചുവരികയാണ്. എന്നാലിതാ കണ്ടന്റ് ക്രിയറ്റർമാരെ ബാധിക്കുന്ന ചില തീരുമാനവുമായി എത്തിയിരിക്കുകയാണ് യൂട്യൂബ്. ജൂലൈ 15 മുതൽ യുട്യൂബിലെ നിയമങ്ങളെല്ലാം മാറുകയാണ്.
ഇനി മുതൽ യൂട്യൂബിൽ വീഡിയോ ഇട്ട് അതിൽനിന്ന് വരുമാനം സമ്പാദിക്കുന്നവർ ഒന്ന് ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. കാരണം വീഡിയോകളുടെ കാര്യത്തിലുളള പോളിസികളിലാണ് വ്യത്യാസം വന്നിരിക്കുന്നത്. ഇനി മുതൽ സ്വന്തം ഐഡിയയിൽ ഉളള വീഡിയോ മാത്രം മതി. ആവർത്തിച്ചുളള ഉള്ളടക്കങ്ങളും യഥാർഥമല്ലാത്ത ഉള്ളടക്കങ്ങളും ധന സമ്പാദനത്തിന് അനുവദിക്കില്ല എന്ന് യുട്യൂബ് വ്യക്തമാക്കുന്നു.
ഈ പ്ലാറ്റ്‌ഫോമിൽ ചില കണ്ടന്റ് ക്രിയേറ്റർമാർ ആവർത്തന വിരസവും കൃത്രിമവുമായ വിഡിയോകൾ വലിയ തോതിൽ നിർമിച്ച് അപ്‌ലോഡ് ചെയ്യുന്നതായി കമ്പനി കണ്ടെത്തിയിട്ടുണ്ട്.ഇത്തരം കണ്ടന്റുകളുടെ എണ്ണം അനുദിനം വർധിക്കുന്ന സാഹചര്യത്തിലാണ് യൂട്യൂബിന്റെ ഈ പുതിയ നീക്കം. യൂട്യൂബിൽ കണ്ടന്റ് അപ്‌ലോഡ് ചെയ്ത് പണം നേടുന്നവരെ ഇത് നേരിട്ട് ബാധിക്കും. ഒറിജിനൽ അല്ലാത്ത കണ്ടന്റുകൾ തിരിച്ചറിഞ്ഞാലായിരിക്കും നടപടി സ്വീകരിക്കുക. കണ്ടന്റിന്റെ നിലവാരം മെച്ചപ്പെടുത്താൻ എഐ ഉപയോഗിക്കുന്നത് മറ്റ് നയപരമായ ആവശ്യകതകൾ പാലിക്കുകയാണെങ്കിൽ ഇപ്പോഴും മോണിറ്റൈസേഷന് യോഗ്യമാണെന്ന് യൂട്യൂബ് വ്യക്തമാക്കി. അതായത് യാതൊരു പ്രയത്നവുമില്ലാതെ എഐ ഉപയോഗിച്ച് നിർമിച്ച സ്പാം വിഡിയോകൾ നിറഞ്ഞ ചാനലുകളെയാകും ഇത്തരത്തിൽ ബാധിക്കുക.
നിർമിത ബുദ്ധിയുടെ (എഐ) കഴിവുകൾ മുതലെടുത്ത് വ്യാജ കണ്ടന്റുകൾ വ്യാപകമായി അപ്‌ലോഡ് ചെയ്ത് പണമുണ്ടാക്കാനുള്ള ശ്രമങ്ങളെ തുടക്കത്തിലേ ഇല്ലാതാക്കാനാണ് ആൽഫബെറ്റിന് കീഴിലുള്ള യൂട്യൂബ് ശ്രമിക്കുന്നത്.
യൂട്യൂബ് പാർട്ണർ പ്രോഗ്രാം (YPP) വഴി വരുമാനം നേടുന്നവർ എളുപ്പ മാർഗങ്ങളിൽ വിഡിയോ അപ്‌ലോഡ് ചെയ്ത് പണമുണ്ടാക്കാൻ ശ്രമിച്ചാൽ വെട്ടിലായേക്കുമെന്നാണ് സൂചന. കണ്ടൻ്റ് ക്രിയേറ്റർമാർക്കുള്ള വ്യക്തമായ നിബന്ധനകൾ ഏതാനും ദിവസത്തിനുള്ളിൽ പുറത്തുവിടും.യഥാർത്ഥ വിഡിയോകൾക്കൊപ്പം എഐ നിർമിച്ച വിഡിയോകളും കലർത്തി അപ്‌ലോഡ് ചെയ്യുന്ന ഈ രീതിയെയും തങ്ങളാൽ കഴിയും വിധം തടയാൻ പുതിയ നീക്കത്തിന് ഉദ്ദേശ്യമുണ്ടെന്ന സൂചനയാണ് ലഭിക്കുന്നത്. അതേസമയം, ഇത്തരം കണ്ടന്റ് ഉപയോഗിച്ച് പണം നേടാനുള്ള സമീപനത്തിൽ യൂട്യൂബിന് ഭാവിയിൽ മാറ്റം വന്നേക്കാമെന്നും വാദങ്ങളുണ്ട്.
Comments (0)