
ഐഫോണാണോ ഉപയോഗിക്കുന്നത്? ഫോണിൽ നിന്ന് യുട്യൂബ് ആപ്പ് അൺഇൻസ്റ്റാൾ ചെയ്യണമെന്ന് ഗൂഗിൾ; ഇതാണ് കാരണം
നിങ്ങളുടെ ഫോണിലെ യുട്യൂബ് ആപ്പ് വീണ്ടും വീണ്ടും ക്രാഷ് ആകുന്നുണ്ടോ? ആശങ്കപ്പെടേണ്ട നിങ്ങളുടെ മാത്രമല്ല മറ്റു ഐഫോൺ ഉപയോക്താക്കളും ഇത്തരം പ്രശ്‌നം നിലവിൽ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇക്കാര്യം ഗൂഗിൾ തിരിച്ചറിയുകയും പ്രശ്‌നം പരിഹരിക്കുന്നതിന് ആവശ്യമായ നടപടി നിർദേശിക്കുകയും ചെയ്തിട്ടുണ്ട്. ആപ്പ് സ്റ്റോർ വഴി ആപ്പ് വീണ്ടും ഇൻസ്റ്റാൾ ചെയ്യാനാണ് കമ്പനിയുടെ നിർദേശം.ഐഒഎസ്, ആൻഡ്രോയിഡ് ഉപയോക്താക്കളും നിലവിൽ ഈ പ്രശ്‌നം നേരിടുന്നതായി റിപ്പോർട്ടിൽ പറയുന്നു. ആപ്പ് തുറന്നാൽ ഉടൻ തന്നെ അത് ക്രാഷ് ആവുകയോ, പ്രതികരിക്കാതിരിക്കുകയോ ചെയ്യുന്നതായാണ് പരാതി. താല്ക്കാലിക പരിഹാരമായാണ് നിലവിലുള്ള ആപ്പ് ഫോണിൽ നിന്ന് അൺഇൻസ്റ്റാൾ ചെയ്തതിന് ശേഷം വീണ്ടും ഇൻസ്റ്റാൾ ചെയ്യുന്നതിനായി ഗൂഗിൾ നിർദേശിച്ചിരിക്കുന്നത്. ഇപ്രകാരം ചെയ്തതോടെ ആപ്പ് സാധാരണരീതിയിൽ പ്രവർത്തിച്ചതായി ഉപയോക്താക്കൾ പറയുന്നുണ്ട്.
നിലവിൽ ആപ്പുമായി ബന്ധപ്പെട്ടുയരുന്ന പ്രശ്‌നം സോഫ്റ്റ് വെയറിന്റെ മുൻവേർഷനുമായി ബന്ധപ്പെട്ടതാണെന്ന സംശയമുണ്ട്. ഇതിനായി ഒരു സ്ഥിരം പരിഹാരം ഗൂഗിൾ നിർദേശിച്ചിരിക്കുകയാണ്. ഐഫോണുകളിൽ യുട്യൂബ് ആപ്പ് ഉപയോഗിക്കുന്നവർ ഫോണിൽ നിന്ന് ആ ആപ്പ് നീക്കം ചെയ്തതിന് ശേഷം ആപ്പ് സ്റ്റോറിൽ നിന്ന് വീണ്ടും റീഇൻസ്റ്റാൾ ചെയ്യണമെന്നാണ് നിർദേശം.
മുമ്പ് നിർദ്ദേശിച്ച അതേ പ്രക്രിയ പിന്തുടരാൻ ഗൂഗിൾ ഇപ്പോൾ ഉപയോക്താക്കളോട് ആവശ്യപ്പെടുന്നു. ഏറ്റവും പുതിയ സോഫ്റ്റ്വെയർ പതിപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കാൻ ഗൂഗിൾ ഇപ്പോൾ ആപ്പ് ഇല്ലാതാക്കി സ്വമേധയാ വീണ്ടും ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടുന്നു. ”പ്രശ്‌നം പരിഹരിച്ചു! നിങ്ങൾ ഒരു iOS ഉപകരണം ഉപയോഗിക്കുകയാണെങ്കിൽ, ദയവായി ആപ്പ് വീണ്ടും ഇൻസ്റ്റാൾ ചെയ്യുക. ഞങ്ങൾ ഇത് പരിശോധിക്കുന്നതുവരെ നിങ്ങൾ ക്ഷമിച്ചതിന് നന്ദി,” ഗൂഗിൾ പറഞ്ഞു.
Comments (0)