ഒടുവിൽ മസ്‌കിന്റെ ആവശ്യത്തോട് പ്രതികരിച്ച് ട്വിറ്റര്‍; വ്യാജ അക്കൗണ്ടുകളെ കുറിച്ചുള്ള വിവരം നല്‍കും

വ്യാജ അക്കൗണ്ടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ കൈമാറണമെന്ന ഇലോണ്‍ മസ്‌കിന്റെ ആവശ്യത്തോട് വഴങ്ങാന്‍ തയ്യാറായി ട്വിറ്റര്‍. ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള നീക്കത്തിന് മുന്നോടിയായാണ് ഇലോണ്‍ മസ്‌ക് ട്വിറ്ററിലെ സ്പാം അക്കൗണ്ടുകളെ കുറിച്ചുള്ള കൃത്യമായ കണക്കുകള്‍ ആവശ്യപ്പെട്ടത്. ആവര്‍ത്തിച്ച് ചോദിച്ചിട്ടും അത് സംബന്ധിച്ച വിവരങ്ങള്‍ നല്‍കാന്‍ കമ്പനി തയ്യാറാവാതിരുന്നതോടെ കമ്പനി ഏറ്റെടുക്കുന്നതില്‍നിന്ന് പിന്‍മാറുമെന്ന് അദ്ദേഹം ഭീഷണി മുഴക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് ആവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കാന്‍ കമ്പനി തയ്യാറായത്. ഇതോടെ പ്രതിദിനം 50 കോടിയിലധികം ട്വീറ്റുകള്‍ പങ്കുവെക്കപ്പെടുന്ന വലിയൊരു സോഷ്യല്‍ മീഡിയ വെബ്‌സൈറ്റിലെ സുപ്രധാനമായ ചില വിവരങ്ങള്‍ ഇലോണ്‍ മസ്‌കിന് ട്വിറ്റര്‍ കൈമാറും. ട്വിറ്ററിലെ പ്രതിദിന ട്രാഫിക് സംബന്ധമായ വിവരങ്ങള്‍ ഇതില്‍ പെടും ഈ വിവരങ്ങള്‍ക്കായി നിരവധി കമ്പനികള്‍ ട്വിറ്ററിന് വന്‍തുക നല്‍കുന്നുണ്ട്.

4400 കോടി ഡോളറിന് ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുക്കുമെന്നാണ് പ്രഖ്യാപനം. ഏറ്റെടുത്തു കഴിഞ്ഞാല്‍ ട്വിറ്ററിലെ സ്പാം അക്കൗണ്ടുകളും വ്യാജ അക്കൗണ്ടുകളും നീക്കം ചെയ്യുമെന്നത് മസ്‌കിന്റെ പ്രഖ്യാപനങ്ങളിലൊന്നാണ്. ട്വിറ്ററിന്റെ 22.9 കോടി അക്കൗണ്ടുകളില്‍ അഞ്ച് ശതമാനം മാത്രമാണ് വ്യാജ അക്കൗണ്ടുകളും സ്പാം അക്കൗണ്ടുകളുമെന്നാണ് ട്വിറ്ററിന്റെ അവകാശവാദം. എന്നാല്‍ കൃത്യമായ എണ്ണം എത്രയാണെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാന്‍ കമ്പനി തയ്യാറായിരുന്നില്ല. ഇതേ തുടര്‍ന്ന് ഇലോണ്‍ മസ്‌ക് ട്വിറ്ററിന്റെ ഉപഭോക്താക്കളുടെ എണ്ണത്തില്‍ സംശയമുന്നയിക്കുകയും ഏറ്റെടുക്കലില്‍ നിന്ന് പിന്‍മാറുമെന്ന് നിയമപരമായി തന്നെ ഭീഷണി മുഴക്കുകയുമായിരുന്നു.

ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് മസ്‌കിന്റെ അഭിഭാഷകര്‍ ഇക്കാര്യം അറിയിച്ച് കമ്പനിയ്ക്ക് കത്തയച്ചത്. ഏറ്റെടുക്കല്‍ കരാര്‍ പ്രകാരം ചോദിച്ച വിവരങ്ങള്‍ നല്‍കാന്‍ കമ്പനി ബാധ്യസ്ഥരാണെന്നും അല്ലാത്ത പക്ഷം ഈ കരാറില്‍നിന്ന് പിന്‍മാറാന്‍ മസ്‌കിന് അവകാശമുണ്ടെന്നും കത്തില്‍ പറയുന്നു. ഇലോണ്‍ മസ്‌കിന് വിവരങ്ങള്‍ കൈമാറുന്നതിന് സഹകരിക്കുമെന്നും ലയന ഉടമ്പടി പ്രകാരം ഇടപാടുകള്‍ നടക്കുമെന്നും ട്വിറ്റര്‍ ഗാര്‍ഡിയനോട് പ്രതികരിച്ചു. സ്പാം അക്കൗണ്ടുകള്‍ എന്നും വ്യാജ അക്കൗണ്ടുകള്‍ എന്നും ബോട്ട് അക്കൗണ്ടുകള്‍ എന്നുമെല്ലാം വിളിക്കുന്ന മനുഷ്യരുടെ നിയന്ത്രണത്തിലല്ലാത്ത അക്കൗണ്ടുകള്‍ ട്വിറ്ററിലുണ്ട്. ഉപഭോക്താക്കളിലേക്ക് ഓട്ടോമാറ്റിക്ക് ആയി പരസ്യങ്ങളും മറ്റ് തട്ടിപ്പ് സന്ദേശങ്ങളും അയക്കാന്‍ ഇത്തരം അക്കൗണ്ടുകള്‍ ഉപയോഗിക്കപ്പെടുന്നുണ്ട്. ഇത് കൂടാതെ പൊതുവിഷയങ്ങളിലും രാഷ്ട്രീയ വിഷയങ്ങളിലും സ്വാധീനം ചെലുത്തുന്നതിനായുള്ള പ്രചാരണ പരിപാടികള്‍ക്കും ഇത്തരം അക്കൗണ്ടുകള്‍ ഉപയോഗിക്കപ്പെടുന്നുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top