Tag: Google

  • അബോര്‍ഷന്‍ ക്ലിനിക്ക് സന്ദര്‍ശിക്കുന്നവരുടെ ലൊക്കേഷന്‍ ഹിസ്റ്ററി നീക്കം ചെയ്യാന്‍ ഗൂഗിള്‍

    അബോര്‍ഷന്‍ ക്ലിനിക്ക് സന്ദര്‍ശിക്കുന്നവരുടെ ലൊക്കേഷന്‍ ഹിസ്റ്ററി നീക്കം ചെയ്യാന്‍ ഗൂഗിള്‍

    ഗര്‍ഭച്ഛിദ്രത്തിനായുള്ള ക്ലിനിക്കുകള്‍ സന്ദര്‍ശിക്കുന്ന ഉപഭോക്താക്കളുടെ ലൊക്കേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ ഗൂഗിള്‍ നീക്കം ചെയ്യും. ഈ വിവരങ്ങള്‍ നിയമവിരുദ്ധമായി ഗര്‍ഭം ഇല്ലാതാക്കുന്ന വ്യക്തികള്‍ക്കെതിരെ അധികാരികള്‍ നടപടിയെടുക്കാന്‍ കാരണമാവുമെന്ന ആശങ്കയെ തുടര്‍ന്നാണിത്.

    ഗര്‍ഭഛിദ്രത്തിന് ഭരണഘടനാപരമായ പരിരക്ഷലഭിക്കില്ലെന്ന് കഴിഞ്ഞമാസം യുഎസ് സുപ്രീം കോടതി വ്യക്തമാക്കിയതോടെ ഗര്‍ഭചിദ്രങ്ങള്‍ക്ക് യുഎസ് സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഉപഭോക്താക്കളുടെ സെര്‍ച്ച് ഹിസ്റ്ററി ജിയോ ലോക്കേഷന്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ആളുകളുടെ ഗര്‍ഭച്ഛിദ്രവുമായി ബന്ധപ്പെട്ട പദ്ധതികള്‍ മനസിലാക്കുന്നതിനായി ഉപയോഗിച്ചേക്കാം എന്ന് കമ്പനി ആശങ്കപ്പെടുന്നു.

    അനുചിതമായും അമിതമായും സര്‍ക്കാര്‍ ഉപഭോക്താക്കളുടെ ഡാറ്റ ആവശ്യപ്പെടുന്നത് പ്രോത്സാഹിപ്പിക്കില്ലെന്ന് ഗൂഗിള്‍ വ്യക്തമാക്കിയിട്ടുണ്ട്.

    ഗൂഗിള്‍ അക്കൗണ്ടിന്റെ ലോക്കേഷന്‍ ഹിസ്റ്ററി ഉപഭോക്താവ് ആക്റ്റിവേറ്റ് ചെയ്താല്‍ മാത്രമേ പ്രവര്‍ത്തിച്ചുതുടങ്ങുകയുള്ളൂ. അല്ലാത്തപക്ഷം ഡിഫോള്‍ട്ട് ആയി അത് ഓഫ് ആയിരിക്കും.

    പുതിയ നീക്കത്തിന്റെ ഭാഗമായി ഫെര്‍ട്ടിലിറ്റി സെന്ററുകള്‍, അബോര്‍ഷന്‍ ക്ലിനിക്കുകള്‍, അഡിക്ഷന്‍ ട്രീറ്റ്‌മെന്റ് സ്ഥാപനങ്ങള്‍ പോലുള്ളവ സന്ദര്‍ശിക്കുന്ന വിവരങ്ങള്‍ ഗൂഗിള്‍ ലോക്കേഷന്‍ ഹിസ്റ്ററിയില്‍ നിന്ന് നീക്കം ചെയ്യും.

    അതേസമയം എങ്ങനെയാണ് ഉപഭോക്താക്കള്‍ ഇത്തരം സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുന്നുണ്ടോ എന്ന് മനസിലാക്കുകയെന്നും അവ ഗൂഗിളിന്റെ സെര്‍വറുകളില്‍ നിന്ന് നീക്കം ചെയ്യപ്പെടുമോ എന്നും കമ്പനി വ്യക്തമാക്കിയില്ല.

  • ഗൂഗിളിനെ നേരിടാൻ സ്വന്തം സെർച്ച് എന്‍ജിനുമായി ആപ്പിൾ

    ഗൂഗിളിനെ നേരിടാൻ സ്വന്തം സെർച്ച് എന്‍ജിനുമായി ആപ്പിൾ

    സെർച്ച് എൻജിൻ മേഖലയിലേക്ക് ആപ്പിളും വരുന്നു. വാർത്ത നിങ്ങൾക്ക് അത്ഭുതമായി തോന്നിയേക്കാം. പക്ഷെ പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഇത് സത്യമാണ്. നിലവിൽ സേർച്ച് എൻജിൻ മേഖലയിൽ ഗൂഗിളിന് കാര്യമായ എതിരാളികളില്ല. ഈ മേഖലയിലേക്കാണ് ഐഫോൺ നിർമാതാക്കളായ ആപ്പിളും എത്തുന്നത്. ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകുന്നതായിരിക്കും ആപ്പിളിന്റെ സെർച്ച് എൻജിൻ എന്നും പ്രതീക്ഷിക്കുന്നു. ആപ്പിൾ പുതിയ ഉപയോക്തൃ കേന്ദ്രീകൃത വെബ് സെർച്ചിങ് അവതരിപ്പിക്കാൻ സാധ്യതയുണ്ട്. എന്നാൽ, 2023 ജനുവരിയിൽ ഇത് സംബന്ധിച്ച് ആപ്പിൾ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് കരുതുന്നത്. 2023 ഡബ്ല്യുഡബ്ല്യുഡിസി യിൽ ആപ്പിൾ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്ന കാര്യങ്ങളുടെ ലിസ്റ്റിൽ സെർച്ച് എന്‍ജിനും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ടെക് ബ്ലോഗർ റോബർട്ട് സ്‌കോബിൾ പറയുന്നു. ഒരു സെർച്ച് എൻജിൻ തുടങ്ങുന്നതിനെക്കുറിച്ച് ആപ്പിൾ ഒന്നിലധികം തവണ ചർച്ച നടത്തിയിട്ടുമുണ്ട്.

    ഡബ്ല്യുഡബ്ല്യുഡിസി 2023 എക്കാലത്തെയും ഏറ്റവും വലിയൊരു ഉൽപന്ന ലോഞ്ചായിരിക്കുമെന്നും സെർച്ച് എൻജിൻ മിക്കവാറും ജനുവരിയിൽ പ്രഖ്യാപിക്കുമെന്നും റോബർട്ട് സ്‌കോബിൾ പറഞ്ഞു. ആ വർഷം തന്നെ ആപ്പിൾ ഏറ്റവും പുതിയ ഐഒഎസ് 16, ഐപാഡ് ഒഎസ് 16, വാച്ച്ഒഎസ്, മാക്ഒഎസ് 13 എന്നിവ പുറത്തിറക്കുമെന്നും പ്രതീക്ഷിക്കുന്നു. പുതിയ സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഓൾവെയ്സ്–ഓൺ ഡിസ്പ്ലേ (AoD) ഫീച്ചർ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു. സാംസങ്, വൺപ്ലസ് തുടങ്ങി ബ്രാൻഡുകൾ ഇതിനകം തന്നെ ഓൾവെയ്സ്-ഓൺ ഡിസ്‌പ്ലേകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. 2022 സെപ്‌റ്റംബറിൽ ലോഞ്ച് ചെയ്യാനിരിക്കുന്ന ഐഫോൺ 14 സീരീസിൽ ആപ്പിൾ ഈ ഫീച്ചർ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

    ഐഫോൺ 14 പ്രോ മോഡലുകൾ 120Hz റിഫ്രഷ് റേറ്റുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ പതിപ്പുകൾക്ക് 1Hz മുതൽ 120Hz വരെ റിഫ്രഷ് റേറ്റ് ക്രമീകരിക്കാൻ കഴിയുമെന്ന് റിപ്പോർട്ടിലുണ്ട്. ഇത് ഒരു നിശ്ചിത അളവ് ബാറ്ററി ലാഭിക്കാൻ സഹായിക്കും. ഇതിനാൽ എഒഡി ഫീച്ചർ പ്രവർത്തനക്ഷമമാകുമ്പോൾ റിഫ്രഷ് റേറ്റ് സ്വയമേവ 1Hz ആയി കുറയും. ഡബ്ല്യുഡബ്ല്യുഡിസിയിൽ എം2 മാക്ബുക്, എം2 മാക്ബുക് എയർ, എം2 മാക്ബുക് മിനി എന്നിവ ആപ്പിൾ പുറത്തിറക്കുമെന്ന് ടിപ്സ്റ്റർ ലീക്സ്ആപ്പിൾ പ്രോ പറയുന്നു.