വിദേശ വനിതയ്ക്ക് നഷ്ടമായ വിലയേറിയ മോതിരം കണ്ടെത്തി തിരികെ നൽകി ദുബായ് പോലീസ്. ജുമൈറ ലേക്സ് ടവേഴ്സിലെ (ജെഎൽടി) ഒരു പാർക്കിംഗ് ഏരിയയിൽ അബദ്ധത്തിൽ നഷ്ടപ്പെട്ട റഷ്യൻ പൗരയുടെ മോതിരമാണ് പോലീസ് കണ്ടെത്തി സുരക്ഷിതമായി കൈമാറിയത്. ദുബായ് പോലീസിന്റെ സമയബന്ധിത ഇടപെടലിനും പ്രൊഫഷണൽ സമീപനത്തിനും യുവതി നന്ദി അറിയിച്ചു. 2016 മുതൽ യുഎഇയിൽ താമസിക്കുന്ന അക്സിനിയ സെയ്ത്സേവയാണ് സംഭവത്തെക്കുറിച്ച് വിശദീകരിച്ചത്. 2025 ഏപ്രിലിലാണ് സംഭവം നടന്നത്. ജെഎൽടിയിലെ ഒരു ക്ലസ്റ്ററിലെ പാർക്കിംഗ് ഏരിയയിൽ വാഹനം പാർക്ക് ചെയ്തിരിക്കുമ്പോൾ, കാറിൽ ഇരുന്ന സമയത്ത് മോതിരം കൈയിൽ നിന്ന് ഊരിമാറ്റി മടിയിൽ വെച്ചിരുന്നു. പിന്നീട് വാഹനത്തിൽ നിന്ന് ഇറങ്ങുമ്പോൾ മോതിരം മടിയിൽ നിന്ന് ഊർന്ന് നിലത്തേക്ക് വീണെങ്കിലും ഇത് ശ്രദ്ധയിൽപ്പെട്ടില്ല. ബ്യൂട്ടി സലൂണിൽ പോയി ഏകദേശം രണ്ടര മണിക്കൂറുകൾക്ക് ശേഷം തിരികെ എത്തിയപ്പോഴാണ് മോതിരം നഷ്ടപ്പെട്ട വിവരം ഓർമ്മ വന്നത്. തുടർന്ന് പാർക്കിംഗ് ഏരിയയിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ, അതേ സ്ഥലത്ത് പാർക്ക് ചെയ്തിരുന്ന മറ്റൊരു വാഹനത്തിലെ ഒരാൾ നിലത്തുണ്ടായിരുന്ന മോതിരം എടുത്ത് പോക്കറ്റിൽ വയ്ക്കുന്നതായി വ്യക്തമായി.
ഇതിനെ തുടർന്ന് ബർഷ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെ, പോലീസ് ഉടൻ തന്നെ സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിക്കുകയും ബന്ധപ്പെട്ട വാഹനം തിരിച്ചറിയുകയും ചെയ്തു. തുടർന്ന് വാഹന ഉടമയെ ബന്ധപ്പെടുകയും മോതിരം തിരികെ നൽകണമെന്ന് നിർദേശിക്കുകയും ചെയ്തു. പോലീസ് ഇടപെടലിന്റെ ഫലമായി മോതിരം സുരക്ഷിതമായി തിരികെ ലഭിച്ചതായി അക്സിനിയ വ്യക്തമാക്കി. രാത്രി വൈകിയ സമയത്തും പോലീസ് കാണിച്ച കരുതലും ഉത്തരവാദിത്തബോധവും ഏറെ അഭിനന്ദനാർഹമാണെന്ന് യുവതി പറഞ്ഞു. ദുബായ് പോലീസിന്റെ വേഗതയും പ്രതിബദ്ധതയും തന്നെ ആകർഷിച്ചുവെന്നും അവർ കൂട്ടിച്ചേർത്തു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നുള്ള മെട്രോ ഫീഡർ ബസിൽ യാത്രയ്ക്കിടെ നഷ്ടപ്പെട്ട വിലപ്പെട്ട രേഖകളടങ്ങിയ ബാഗ് പ്രവാസിക്ക് മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി നൽകി പൊലീസ്. നെടുമ്പാശ്ശേരി എയർപോർട്ടിലെ പൊലീസ് ലെയ്സൺ ഓഫീസറും എസ്ഐയുമായ സാബു വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സിസിടിവി ദൃശ്യങ്ങളും ഡിജിറ്റൽ തെളിവുകളും പിന്തുടർന്ന് നടത്തിയ കൃത്യമായ അന്വേഷണത്തിലൂടെ ബാഗ് വീണ്ടെടുത്തത്. ഫോർട്ട് കൊച്ചിയിൽ നിന്നാണ് ബാഗ് കണ്ടെത്തിയത്.
നവംബർ 17 തിങ്കളാഴ്ച രാവിലെ പത്തനംതിട്ട റാന്നി സ്വദേശി എബ്രഹാം മാത്യുവും കുടുംബവും നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് ആലുവയിലേക്ക് പോകുന്നതിനായി മെട്രോ ഫീഡർ ബസിൽ കയറിയപ്പോഴാണ് സംഭവം. യാത്രയ്ക്കിടെ എബ്രഹാമിന്റെ വിലപ്പെട്ട രേഖകൾ ഉൾപ്പെട്ട ബാഗ് ബസിൽ വെച്ച് നഷ്ടപ്പെട്ടു. ആലുവയിൽ എത്തിച്ചേർന്നതോടെയാണ് ബാഗ് നഷ്ടപ്പെട്ട വിവരം ശ്രദ്ധയിൽപ്പെട്ടത്.
വിവരം ലഭിച്ചതിന് പിന്നാലെ പൊലീസ് ഫീഡർ ബസിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. സഹയാത്രികനായ ഒരാൾ ബാഗ് കൈക്കലാക്കി ആലുവയിൽ ഇറങ്ങിപ്പോകുന്നതായി ദൃശ്യങ്ങളിൽ വ്യക്തമായി. തുടർന്ന് വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചതോടെ, ഇയാൾ ഒരു സുഹൃത്തിനെ യാത്രയാക്കാൻ എത്തിയതും വിമാനത്താവളത്തിൽ നിന്നുതന്നെയാണ് ബസിൽ കയറിയതെന്നും കണ്ടെത്തി.
ഇയാൾ വിമാനത്താവളത്തിലെത്തിയ വാഹനത്തിന്റെ ഡ്രൈവറെ കണ്ടെത്തിയെങ്കിലും യാത്രക്കാരനെ വ്യക്തിപരമായി അറിയില്ലെന്നായിരുന്നു മറുപടി. എന്നാൽ, ഇയാളെ വാഹനത്തിൽ കയറ്റിയ ലൊക്കേഷൻ അന്വേഷണത്തിൽ നിർണായകമായി. ഈ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ പ്രതിയുടെ ഫോൺ സ്വിച്ച് ഓഫ് ആയതായി കണ്ടെത്തി. തുടർന്ന് നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിൽ ഇയാൾ ഫോർട്ട് കൊച്ചിയിലുണ്ടെന്ന സൂചന ലഭിച്ചു. ഇയാളുടെ സുഹൃത്തുക്കളെ കണ്ടെത്തി അവരുടെ സഹായത്തോടെ പ്രതിയെ ഫോർട്ട് കൊച്ചി പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. നഷ്ടപ്പെട്ടതിന് 12 മണിക്കൂറിനുള്ളിൽ തന്നെ, വൈകിട്ട് 7 മണിയോടെ ബാഗ് ഉടമയ്ക്ക് തിരികെ ലഭിച്ചു. സമയബന്ധിതവും ഉത്തരവാദിത്തപരവുമായ അന്വേഷണത്തിന് നേതൃത്വം നൽകിയ എസ്ഐ സാബു വർഗീസിനെ കൊച്ചി മെട്രോയ്ക്ക് വേണ്ടി ലോക്നാഥ് ബെഹ്റയും കേരള പൊലീസിന് വേണ്ടി ആലുവ റൂറൽ എസ്പി എം. ഹേമലതയും പ്രശസ്തിപത്രം നൽകി അഭിനന്ദിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
യുഎഇയിൽ ടെന്റ് സ്ഥാപിക്കുന്നതിന് പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് യുഎഇ; കൂടുതൽ അറിയാം
റമസാൻ മാസത്തെ സമൂഹ നോമ്പുതുറകൾക്കായി സ്ഥാപിക്കുന്ന കൂടാരങ്ങൾക്കായി യുഎഇ അധികൃതർ പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി. പൊതുജന സുരക്ഷ മുൻനിർത്തിയാണ് ഇത്തവണ കർശന നിബന്ധനകൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഓരോ എമിറേറ്റിലെയും മുനിസിപ്പാലിറ്റിയുടെയും സിവിൽ ഡിഫൻസ് അതോറിറ്റിയുടെയും മുൻകൂർ അനുമതി നിർബന്ധമാണെന്ന് അധികൃതർ അറിയിച്ചു.
ചന്ദ്രദർശനത്തെ ആശ്രയിച്ച് ഫെബ്രുവരി 17 അല്ലെങ്കിൽ 18 നാണ് റമസാൻ വ്രതം ആരംഭിക്കാനിടയുള്ളത്. ഇതോടെ വിവിധ സംഘടനകളും വ്യക്തികളും ഒരുക്കുന്ന സമൂഹ നോമ്പുതുറകൾക്ക് വേണ്ടിയുള്ള ഒരുക്കങ്ങൾ സജീവമായിരിക്കുകയാണ്.
പുതിയ മാർഗനിർദേശങ്ങൾ പ്രകാരം, കൂടാര നിർമാണത്തിന് തീപിടിക്കാത്തതും ഉയർന്ന നിലവാരമുള്ളതുമായ വസ്തുക്കൾ മാത്രമേ ഉപയോഗിക്കാവൂ. കൂടാരങ്ങളുടെ വലുപ്പത്തിന് അനുസരിച്ച് ആവശ്യമായ അഗ്നിശമന ഉപകരണങ്ങൾ നിർബന്ധമായി ഒരുക്കണം. ടെന്റിനകത്തെ ഇലക്ട്രിക്കൽ വയറിങ് അംഗീകൃത സാങ്കേതിക വിദഗ്ധർ മുഖേന മാത്രമേ നടത്താവൂ. കൂടാരത്തിനകത്തെ താപനില നിയന്ത്രിക്കുന്നതിനായി എയർകണ്ടീഷനുകൾ സുരക്ഷിത അകലത്തിൽ സ്ഥാപിക്കണമെന്നും നിർദേശമുണ്ട്. സുരക്ഷാ കാരണങ്ങളാൽ ടെന്റിനകത്ത് പാചകം പൂർണമായും നിരോധിച്ചിട്ടുണ്ട്. ഭക്ഷണം അംഗീകൃത കേറ്ററിങ് കേന്ദ്രങ്ങളിൽ നിന്ന് മാത്രമേ എത്തിക്കാവൂ.
കൂടാരങ്ങൾ സ്ഥാപിക്കുമ്പോൾ റോഡുകൾക്കും കാൽനട യാത്രക്കാർക്കും ഗതാഗതത്തിനും തടസ്സമുണ്ടാകരുതെന്നും അധികൃതർ വ്യക്തമാക്കി. അടിയന്തര സാഹചര്യങ്ങളിൽ എമർജൻസി വാഹനങ്ങൾക്ക് എളുപ്പത്തിൽ പ്രവേശിക്കാൻ കഴിയുന്ന വിധത്തിലായിരിക്കണം ടെന്റ് ക്രമീകരണമെന്നും നിർദേശങ്ങളിൽ പറയുന്നു. നിബന്ധനകൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധനകൾ ശക്തമാക്കുമെന്നും നിയമലംഘനങ്ങൾ കണ്ടെത്തിയാൽ നടപടി സ്വീകരിക്കുമെന്നും ബന്ധപ്പെട്ട വകുപ്പുകൾ മുന്നറിയിപ്പ് നൽകി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Leave a Reply