വാനരവസൂരി (എംപോക്സ്) കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകി. രോഗബാധിതരുമായി അടുത്ത സമ്പർക്കം പുലർത്തിയവർക്കും സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടവർക്കുമാണ് രോഗവ്യാപന സാധ്യത കൂടുതലെന്ന് അധികൃതർ വ്യക്തമാക്കി. യാത്രകളിലും വലിയ ഒത്തുചേരലുകളിലും ആവശ്യമായ ആരോഗ്യസുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുന്നത് രോഗവ്യാപനം തടയാൻ സഹായിക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
രോഗബാധിതരുമായി അടുത്ത് ഇടപഴകിയവർ 21 ദിവസം വീടുകളിൽ ക്വാറന്റീനിൽ കഴിയണമെന്ന് ആരോഗ്യ മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരെ സുഖം പ്രാപിക്കുന്നതുവരെ ആശുപത്രിയിൽ ഐസലേഷനിൽ പ്രവേശിപ്പിക്കും. സ്വകാര്യ ആശുപത്രികളിൽ എത്തുന്ന സംശയാസ്പദ രോഗികളുടെ വിവരങ്ങൾ സർക്കാരിനെ അറിയിക്കുകയും സർക്കാർ ഐസലേഷൻ കേന്ദ്രങ്ങളിലേക്ക് മാറ്റുകയും വേണം.
അബുദാബി എമിറേറ്റിൽ അൽ റഹ്ബ ഹോസ്പിറ്റൽ, അൽ ഐൻ ഹോസ്പിറ്റൽ, ലിവ ഹോസ്പിറ്റൽ എന്നിവിടങ്ങളിലെ ഐസലേഷൻ സെന്ററുകളിലേക്കാണ് രോഗികളെ മാറ്റുന്നതെന്ന് അധികൃതർ അറിയിച്ചു. ശരീരത്തിൽ കുമിളകൾ പ്രത്യക്ഷപ്പെടുന്നതുമുതൽ അവ ഉണങ്ങി പുതിയ തൊലി രൂപപ്പെടുന്നതുവരെ രോഗം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരാൻ സാധ്യതയുണ്ട്.
രോഗം പകരുന്നത് എങ്ങനെ
സമീപ സമ്പർക്കം:
രോഗബാധിതരുമായോ വന്യമൃഗങ്ങളുമായോ അടുത്ത് ഇടപഴകുന്നതിലൂടെ എംപോക്സ് വൈറസ് പകരാം. സ്രവങ്ങൾ, ശ്വസന കണികകൾ, വൈറസ് ബാധിച്ച വസ്തുക്കൾ എന്നിവയിലൂടെയും രോഗം പകരാൻ സാധ്യതയുണ്ട്.
ശ്വസന കണികകൾ:
രോഗബാധിതൻ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ പുറപ്പെടുന്ന ശ്വസന കണികകളിലൂടെ വൈറസ് പടരാം.
ശാരീരിക സമ്പർക്കം:
രോഗബാധിതരുടെ തൊലിപ്പുറത്തുള്ള കുമിളകൾ, വ്രണങ്ങൾ, ശരീരസ്രവങ്ങൾ എന്നിവയുമായി നേരിട്ട് സമ്പർക്കം പുലർത്തുന്നതിലൂടെ രോഗം പകരും. ഗർഭിണിയിൽ നിന്ന് ഗർഭസ്ഥ ശിശുവിലേക്കും രോഗം പകരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം:
പങ്കാളിയല്ലാത്തവരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരിൽ രോഗബാധ കൂടുതലായി കണ്ടെത്തുന്നുണ്ട്. ചുംബനം, ആലിംഗനം തുടങ്ങിയ അടുത്ത സമ്പർക്കത്തിലൂടെയും വൈറസ് പടരാം. ബാച്ച്‌ലേഴ്സ് താമസ കേന്ദ്രങ്ങളിൽ കഴിയുന്നവരിലാണ് രോഗബാധ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത്.
ഉപയോഗിച്ച വസ്തുക്കൾ:
രോഗി ഉപയോഗിച്ച വസ്ത്രങ്ങൾ, കിടക്കവിരികൾ, തോർത്ത്, പാത്രങ്ങൾ തുടങ്ങിയവ ഉപയോഗിക്കുന്നതിലൂടെയും രോഗം മറ്റുള്ളവരിലേക്ക് പകരാം.
മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക്:
രോഗബാധിതരായ മൃഗങ്ങളുടെ (പ്രധാനമായും കുരങ്ങുകൾ, അണ്ണാൻ, എലികൾ) കടി അല്ലെങ്കിൽ പോറൽ ഏൽക്കുന്നതിലൂടെ വൈറസ് മനുഷ്യരിലേക്ക് പകരാം. മൃഗങ്ങളുടെ മാംസം ശരിയായി പാകം ചെയ്യാതെ കഴിക്കുന്നതും അപകടകരമാണെന്ന് മുന്നറിയിപ്പുണ്ട്.
പ്രതിരോധ മാർഗങ്ങൾ
രോഗലക്ഷണങ്ങളുള്ളവരിൽ നിന്ന് അകലം പാലിക്കുക, കൈകൾ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക, രോഗബാധിതർ ഉപയോഗിച്ച വസ്ത്രങ്ങളോ വസ്തുക്കളോ തൊടാതിരിക്കുക തുടങ്ങിയ മുൻകരുതലുകൾ അനിവാര്യമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
ലക്ഷണങ്ങൾ
പനി, ശരീരവേദന, വിറയൽ, കഠിനമായ തലവേദന, ക്ഷീണം, ചർമ്മത്തിൽ കുമിളകൾ രൂപപ്പെടുക എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. സാധാരണ മൂന്ന് ദിവസത്തെ പനിക്കുശേഷം ശരീരത്തിൽ തടിപ്പുകൾ രൂപപ്പെടുകയും അവ ദ്രാവകം നിറഞ്ഞ കുമിളകളായി മാറി പൊട്ടി ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യും. സാധാരണയായി രണ്ട് മുതൽ നാല് ആഴ്ചകൾക്കുള്ളിൽ രോഗം ഭേദമാകുമെങ്കിലും കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ എന്നിവരിൽ രോഗം ഗുരുതരമാകാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകി. ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
എയർപോർട്ടിൽ നിന്ന് യാത്ര തുടങ്ങി, ബാഗ് വഴിയിൽ നഷ്ടപ്പെട്ടു; സിസിടിവി സഹായത്തോടെ മണിക്കൂറുകൾക്കകം പ്രവാസിയുടെ ബാഗ് കണ്ടെത്തി നൽകി പൊലീസ്
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നുള്ള മെട്രോ ഫീഡർ ബസിൽ യാത്രയ്ക്കിടെ നഷ്ടപ്പെട്ട വിലപ്പെട്ട രേഖകളടങ്ങിയ ബാഗ് പ്രവാസിക്ക് മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി നൽകി പൊലീസ്. നെടുമ്പാശ്ശേരി എയർപോർട്ടിലെ പൊലീസ് ലെയ്സൺ ഓഫീസറും എസ്‌ഐയുമായ സാബു വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സിസിടിവി ദൃശ്യങ്ങളും ഡിജിറ്റൽ തെളിവുകളും പിന്തുടർന്ന് നടത്തിയ കൃത്യമായ അന്വേഷണത്തിലൂടെ ബാഗ് വീണ്ടെടുത്തത്. ഫോർട്ട് കൊച്ചിയിൽ നിന്നാണ് ബാഗ് കണ്ടെത്തിയത്.
നവംബർ 17 തിങ്കളാഴ്ച രാവിലെ പത്തനംതിട്ട റാന്നി സ്വദേശി എബ്രഹാം മാത്യുവും കുടുംബവും നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് ആലുവയിലേക്ക് പോകുന്നതിനായി മെട്രോ ഫീഡർ ബസിൽ കയറിയപ്പോഴാണ് സംഭവം. യാത്രയ്ക്കിടെ എബ്രഹാമിന്റെ വിലപ്പെട്ട രേഖകൾ ഉൾപ്പെട്ട ബാഗ് ബസിൽ വെച്ച് നഷ്ടപ്പെട്ടു. ആലുവയിൽ എത്തിച്ചേർന്നതോടെയാണ് ബാഗ് നഷ്ടപ്പെട്ട വിവരം ശ്രദ്ധയിൽപ്പെട്ടത്.
വിവരം ലഭിച്ചതിന് പിന്നാലെ പൊലീസ് ഫീഡർ ബസിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. സഹയാത്രികനായ ഒരാൾ ബാഗ് കൈക്കലാക്കി ആലുവയിൽ ഇറങ്ങിപ്പോകുന്നതായി ദൃശ്യങ്ങളിൽ വ്യക്തമായി. തുടർന്ന് വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചതോടെ, ഇയാൾ ഒരു സുഹൃത്തിനെ യാത്രയാക്കാൻ എത്തിയതും വിമാനത്താവളത്തിൽ നിന്നുതന്നെയാണ് ബസിൽ കയറിയതെന്നും കണ്ടെത്തി.
ഇയാൾ വിമാനത്താവളത്തിലെത്തിയ വാഹനത്തിന്റെ ഡ്രൈവറെ കണ്ടെത്തിയെങ്കിലും യാത്രക്കാരനെ വ്യക്തിപരമായി അറിയില്ലെന്നായിരുന്നു മറുപടി. എന്നാൽ, ഇയാളെ വാഹനത്തിൽ കയറ്റിയ ലൊക്കേഷൻ അന്വേഷണത്തിൽ നിർണായകമായി. ഈ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ പ്രതിയുടെ ഫോൺ സ്വിച്ച് ഓഫ് ആയതായി കണ്ടെത്തി. തുടർന്ന് നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിൽ ഇയാൾ ഫോർട്ട് കൊച്ചിയിലുണ്ടെന്ന സൂചന ലഭിച്ചു. ഇയാളുടെ സുഹൃത്തുക്കളെ കണ്ടെത്തി അവരുടെ സഹായത്തോടെ പ്രതിയെ ഫോർട്ട് കൊച്ചി പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. നഷ്ടപ്പെട്ടതിന് 12 മണിക്കൂറിനുള്ളിൽ തന്നെ, വൈകിട്ട് 7 മണിയോടെ ബാഗ് ഉടമയ്ക്ക് തിരികെ ലഭിച്ചു. സമയബന്ധിതവും ഉത്തരവാദിത്തപരവുമായ അന്വേഷണത്തിന് നേതൃത്വം നൽകിയ എസ്‌ഐ സാബു വർഗീസിനെ കൊച്ചി മെട്രോയ്ക്ക് വേണ്ടി ലോക്നാഥ് ബെഹ്റയും കേരള പൊലീസിന് വേണ്ടി ആലുവ റൂറൽ എസ്‌പി എം. ഹേമലതയും പ്രശസ്തിപത്രം നൽകി അഭിനന്ദിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
യുഎഇയിൽ ടെന്റ് സ്ഥാപിക്കുന്നതിന് പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് യുഎഇ; കൂടുതൽ അറിയാം
റമസാൻ മാസത്തെ സമൂഹ നോമ്പുതുറകൾക്കായി സ്ഥാപിക്കുന്ന കൂടാരങ്ങൾക്കായി യുഎഇ അധികൃതർ പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി. പൊതുജന സുരക്ഷ മുൻനിർത്തിയാണ് ഇത്തവണ കർശന നിബന്ധനകൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഓരോ എമിറേറ്റിലെയും മുനിസിപ്പാലിറ്റിയുടെയും സിവിൽ ഡിഫൻസ് അതോറിറ്റിയുടെയും മുൻകൂർ അനുമതി നിർബന്ധമാണെന്ന് അധികൃതർ അറിയിച്ചു.
ചന്ദ്രദർശനത്തെ ആശ്രയിച്ച് ഫെബ്രുവരി 17 അല്ലെങ്കിൽ 18 നാണ് റമസാൻ വ്രതം ആരംഭിക്കാനിടയുള്ളത്. ഇതോടെ വിവിധ സംഘടനകളും വ്യക്തികളും ഒരുക്കുന്ന സമൂഹ നോമ്പുതുറകൾക്ക് വേണ്ടിയുള്ള ഒരുക്കങ്ങൾ സജീവമായിരിക്കുകയാണ്.
പുതിയ മാർഗനിർദേശങ്ങൾ പ്രകാരം, കൂടാര നിർമാണത്തിന് തീപിടിക്കാത്തതും ഉയർന്ന നിലവാരമുള്ളതുമായ വസ്തുക്കൾ മാത്രമേ ഉപയോഗിക്കാവൂ. കൂടാരങ്ങളുടെ വലുപ്പത്തിന് അനുസരിച്ച് ആവശ്യമായ അഗ്നിശമന ഉപകരണങ്ങൾ നിർബന്ധമായി ഒരുക്കണം. ടെന്റിനകത്തെ ഇലക്ട്രിക്കൽ വയറിങ് അംഗീകൃത സാങ്കേതിക വിദഗ്ധർ മുഖേന മാത്രമേ നടത്താവൂ. കൂടാരത്തിനകത്തെ താപനില നിയന്ത്രിക്കുന്നതിനായി എയർകണ്ടീഷനുകൾ സുരക്ഷിത അകലത്തിൽ സ്ഥാപിക്കണമെന്നും നിർദേശമുണ്ട്. സുരക്ഷാ കാരണങ്ങളാൽ ടെന്റിനകത്ത് പാചകം പൂർണമായും നിരോധിച്ചിട്ടുണ്ട്. ഭക്ഷണം അംഗീകൃത കേറ്ററിങ് കേന്ദ്രങ്ങളിൽ നിന്ന് മാത്രമേ എത്തിക്കാവൂ.
കൂടാരങ്ങൾ സ്ഥാപിക്കുമ്പോൾ റോഡുകൾക്കും കാൽനട യാത്രക്കാർക്കും ഗതാഗതത്തിനും തടസ്സമുണ്ടാകരുതെന്നും അധികൃതർ വ്യക്തമാക്കി. അടിയന്തര സാഹചര്യങ്ങളിൽ എമർജൻസി വാഹനങ്ങൾക്ക് എളുപ്പത്തിൽ പ്രവേശിക്കാൻ കഴിയുന്ന വിധത്തിലായിരിക്കണം ടെന്റ് ക്രമീകരണമെന്നും നിർദേശങ്ങളിൽ പറയുന്നു. നിബന്ധനകൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധനകൾ ശക്തമാക്കുമെന്നും നിയമലംഘനങ്ങൾ കണ്ടെത്തിയാൽ നടപടി സ്വീകരിക്കുമെന്നും ബന്ധപ്പെട്ട വകുപ്പുകൾ മുന്നറിയിപ്പ് നൽകി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Leave a Reply