ലോകം ഇനി യുഎഇയിലേക്ക് കണ്ണുനട്ടിരിക്കും; ലോകത്തിലെ ആദ്യത്തെ ‘സ്വർണ്ണ വീഥി’ വരുന്നു!

ദുബായ്: ലോകത്തെ വിസ്മയിപ്പിക്കുന്ന നിർമ്മിതികളിലൂടെ എപ്പോഴും വാർത്തകളിൽ ഇടംപിടിക്കാറുള്ള ദുബായ് മറ്റൊരു മഹാത്ഭുതത്തിന് കൂടി സാക്ഷ്യം വഹിക്കുന്നു. ലോകത്തിലെ ആദ്യത്തെ സ്വർണ്ണ വീഥി (Gold Street) നിർമ്മിക്കാനൊരുങ്ങുകയാണ് ഈ ആഗോള നഗരം. ദുബായിലെ പുത്തൻ സ്വർണ്ണ കേന്ദ്രമായ ‘ഗോൾഡ് ഡിസ്ട്രിക്റ്റിന്റെ’ ഉദ്ഘാടനത്തോടനുബന്ധിച്ച് ഇത്ര ദുബായ് (Ithra Dubai) ആണ് ഈ വിവരം പുറത്തുവിട്ടത്. സ്വർണ്ണം ഉപയോഗിച്ച് നിർമ്മിക്കുന്ന ഈ പാതയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ വെളിപ്പെടുത്തും.

സ്വർണ്ണത്തിന്റേയും ആഭരണ വ്യാപാരത്തിന്റേയും പുത്തൻ ആസ്ഥാനമായിട്ടാണ് ഗോൾഡ് ഡിസ്ട്രിക്റ്റിനെ ദുബായ് ഒരുക്കുന്നത്. റീട്ടെയിൽ വിൽപന, ഹോൾസെയിൽ വ്യാപാരം, നിക്ഷേപം തുടങ്ങി സ്വർണ്ണവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളും ഒരൊറ്റ കുടക്കീഴിൽ ഇവിടെ ലഭ്യമാകും. പെർഫ്യൂം, കോസ്മെറ്റിക്സ്, ലൈഫ്സ്റ്റൈൽ തുടങ്ങിയ വിവിധ മേഖലകളിലായി ആയിരത്തിലധികം പ്രമുഖ ബ്രാൻഡുകൾ ഇതിനകം തന്നെ ഇവിടെ പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു.

മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്, തനിഷ്ക്, അൽ റൊമൈസാൻ തുടങ്ങിയ ലോകപ്രശസ്ത ബ്രാൻഡുകൾ ഇവിടെ സജീവമാണ്. ഇതിനുപുറമെ, മിഡിൽ ഈസ്റ്റിലെ തങ്ങളുടെ ഏറ്റവും വലിയ ഫ്ലാഗ്ഷിപ്പ് ഷോറൂം ഗോൾഡ് ഡിസ്ട്രിക്റ്റിൽ ആരംഭിക്കുമെന്ന് ജോയ് ആലുക്കാസും അറിയിച്ചിട്ടുണ്ട്. ഏകദേശം 24,000 ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് ഈ പുതിയ ഷോറൂം വരുന്നത്.

2024-25 കാലയളവിൽ ഏകദേശം 53 ബില്യൺ ഡോളറിന് മുകളിൽ സ്വർണ്ണ കയറ്റുമതി നടത്തി യുഎഇ ലോക വിപണിയിൽ തങ്ങളുടെ കരുത്ത് തെളിയിച്ചിരുന്നു. സ്വർണ്ണവില അന്താരാഷ്ട്ര വിപണിയിൽ റെക്കോർഡുകൾ ഭേദിച്ച് കുതിക്കുന്ന സാഹചര്യത്തിലാണ്, സ്വർണ്ണത്തിന്റെ നഗരമെന്ന ഖ്യാതി ഉറപ്പിക്കുന്ന തരത്തിൽ ദുബായ് ഇത്തരമൊരു വമ്പൻ പദ്ധതിയുടമായി മുന്നോട്ടുവരുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

യുഎഇയിൽ ടെന്റ് സ്ഥാപിക്കുന്നതിന് പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് യുഎഇ; കൂടുതൽ അറിയാം

റമസാൻ മാസത്തെ സമൂഹ നോമ്പുതുറകൾക്കായി സ്ഥാപിക്കുന്ന കൂടാരങ്ങൾക്കായി യുഎഇ അധികൃതർ പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി. പൊതുജന സുരക്ഷ മുൻനിർത്തിയാണ് ഇത്തവണ കർശന നിബന്ധനകൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഓരോ എമിറേറ്റിലെയും മുനിസിപ്പാലിറ്റിയുടെയും സിവിൽ ഡിഫൻസ് അതോറിറ്റിയുടെയും മുൻകൂർ അനുമതി നിർബന്ധമാണെന്ന് അധികൃതർ അറിയിച്ചു.
ചന്ദ്രദർശനത്തെ ആശ്രയിച്ച് ഫെബ്രുവരി 17 അല്ലെങ്കിൽ 18 നാണ് റമസാൻ വ്രതം ആരംഭിക്കാനിടയുള്ളത്. ഇതോടെ വിവിധ സംഘടനകളും വ്യക്തികളും ഒരുക്കുന്ന സമൂഹ നോമ്പുതുറകൾക്ക് വേണ്ടിയുള്ള ഒരുക്കങ്ങൾ സജീവമായിരിക്കുകയാണ്.

പുതിയ മാർഗനിർദേശങ്ങൾ പ്രകാരം, കൂടാര നിർമാണത്തിന് തീപിടിക്കാത്തതും ഉയർന്ന നിലവാരമുള്ളതുമായ വസ്തുക്കൾ മാത്രമേ ഉപയോഗിക്കാവൂ. കൂടാരങ്ങളുടെ വലുപ്പത്തിന് അനുസരിച്ച് ആവശ്യമായ അഗ്നിശമന ഉപകരണങ്ങൾ നിർബന്ധമായി ഒരുക്കണം. ടെന്റിനകത്തെ ഇലക്ട്രിക്കൽ വയറിങ് അംഗീകൃത സാങ്കേതിക വിദഗ്ധർ മുഖേന മാത്രമേ നടത്താവൂ. കൂടാരത്തിനകത്തെ താപനില നിയന്ത്രിക്കുന്നതിനായി എയർകണ്ടീഷനുകൾ സുരക്ഷിത അകലത്തിൽ സ്ഥാപിക്കണമെന്നും നിർദേശമുണ്ട്. സുരക്ഷാ കാരണങ്ങളാൽ ടെന്റിനകത്ത് പാചകം പൂർണമായും നിരോധിച്ചിട്ടുണ്ട്. ഭക്ഷണം അംഗീകൃത കേറ്ററിങ് കേന്ദ്രങ്ങളിൽ നിന്ന് മാത്രമേ എത്തിക്കാവൂ.

കൂടാരങ്ങൾ സ്ഥാപിക്കുമ്പോൾ റോഡുകൾക്കും കാൽനട യാത്രക്കാർക്കും ഗതാഗതത്തിനും തടസ്സമുണ്ടാകരുതെന്നും അധികൃതർ വ്യക്തമാക്കി. അടിയന്തര സാഹചര്യങ്ങളിൽ എമർജൻസി വാഹനങ്ങൾക്ക് എളുപ്പത്തിൽ പ്രവേശിക്കാൻ കഴിയുന്ന വിധത്തിലായിരിക്കണം ടെന്റ് ക്രമീകരണമെന്നും നിർദേശങ്ങളിൽ പറയുന്നു. നിബന്ധനകൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധനകൾ ശക്തമാക്കുമെന്നും നിയമലംഘനങ്ങൾ കണ്ടെത്തിയാൽ നടപടി സ്വീകരിക്കുമെന്നും ബന്ധപ്പെട്ട വകുപ്പുകൾ മുന്നറിയിപ്പ് നൽകി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

ഇറാനെതിരായ നീക്കം: യുഎസിനെ കൈവിട്ട് യുഎഇ; തങ്ങളുടെ മണ്ണും വിണ്ണും യുദ്ധത്തിന് വിട്ടുനൽകില്ലെന്ന് പ്രഖ്യാപനം

ദുബായ്: പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നതിനിടെ ഇറാനെതിരായ സൈനിക നീക്കങ്ങളിൽ നിന്ന് വിട്ടുനിൽക്കുമെന്ന് വ്യക്തമാക്കി യുഎഇ. യുഎസ് സൈന്യത്തിന് ഇറാനെ ആക്രമിക്കാനായി തങ്ങളുടെ വ്യോമപാതയോ, ഭൂപ്രദേശമോ, സമുദ്രപരിധിയോ ഉപയോഗിക്കാൻ അനുവാദം നൽകില്ലെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മേഖലയിലെ സമാധാനത്തിനും നിഷ്പക്ഷതയ്ക്കും മുൻഗണന നൽകുന്നതിനാലാണ് ഈ കടുത്ത നിലപാടെന്ന് രാജ്യം വ്യക്തമാക്കി.

അനിശ്ചിതത്വത്തിലായി ട്രംപിന്റെ നീക്കം ഇറാനിലെ ആഭ്യന്തര പ്രക്ഷോഭങ്ങളെ അടിച്ചമർത്തുന്നതിനെതിരെയും ആണവ പരിപാടികൾക്കെതിരെയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ശക്തമായ മുന്നറിയിപ്പുകൾ നൽകിയിരുന്നു. യുഎസ് വിമാനവാഹിനിക്കപ്പലുകൾ മേഖലയിലേക്ക് തിരിച്ചതിന് പിന്നാലെയാണ് തങ്ങളുടെ തന്ത്രപ്രധാനമായ ഇടം യുദ്ധത്തിനായി വിട്ടുനൽകില്ലെന്ന് യുഎഇ പ്രഖ്യാപിച്ചിരിക്കുന്നത്. സൈനിക ശക്തി ഉപയോഗിക്കേണ്ടി വരില്ലെന്ന് പ്രതീക്ഷിക്കുന്നതായി ട്രംപ് പറഞ്ഞിട്ടുണ്ടെങ്കിലും, മേഖലയിലെ സാഹചര്യം ഏറെ വഷളായിരിക്കുകയാണ്.

കൊടുങ്കാറ്റ് കൊയ്യുമെന്ന് ഇറാന്റെ മുന്നറിയിപ്പ് അമേരിക്കയുടെ നീക്കത്തിനെതിരെ ‘കാറ്റുവിതയ്ക്കുന്നവർ കൊടുങ്കാറ്റ് കൊയ്യും’ എന്ന ശക്തമായ ഭീഷണി മുഴക്കി ഇറാൻ രംഗത്തെത്തിയിട്ടുണ്ട്. ടെഹ്‌റാനിലെ പ്രധാന ചത്വരങ്ങളിൽ തകർന്ന വിമാനങ്ങളുടെ ദൃശ്യങ്ങൾ പ്രദർശിപ്പിച്ചുകൊണ്ടാണ് ഇറാൻ യുഎസിനെ നേരിടുമെന്ന് പ്രഖ്യാപിച്ചത്. ഇറാനിലെ ജനകീയ പ്രക്ഷോഭങ്ങളിൽ ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടതായി മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാട്ടുമ്പോഴും പുറത്തുനിന്നുള്ള ഇടപെടലുകളെ ശക്തമായി പ്രതിരോധിക്കാനാണ് ഇറാൻ ഭരണകൂടത്തിന്റെ തീരുമാനം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Comments

Leave a Reply

Your email address will not be published. Required fields are marked *