സോഷ്യൽ മീഡിയ ചാറ്റ് കുടുക്കായി; 2.6 ലക്ഷം ദിർഹം മടക്കി നൽകാൻ യുഎഇ കോടതിയുടെ വിധി

സോഷ്യൽ മീഡിയയിലൂടെ കൈമാറിയ സന്ദേശങ്ങൾ കടം വാങ്ങിയതിന്റെ വ്യക്തമായ തെളിവായി കണക്കാക്കി, പരാതിക്കാരന് 2,61,500 ദിർഹം തിരികെ നൽകാൻ അൽ ഐൻ കോടതി ഉത്തരവിട്ടു. വ്യക്തിഗത വായ്പ തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തിയ യുവാവിനെതിരെയാണ് അൽ ഐൻ സിവിൽ, കൊമേഴ്‌സ്യൽ ആൻഡ് അഡ്മിനിസ്‌ട്രേറ്റീവ് കോടതി വിധി പ്രസ്താവിച്ചത്. പരാതിക്കാരൻ പ്രതിക്ക് വലിയൊരു തുക വായ്പയായി നൽകിയിരുന്നുവെന്നും, അത് ഗഡുക്കളായി തിരിച്ചടയ്ക്കാമെന്ന വ്യവസ്ഥയിലായിരുന്നു കരാറെന്നും കോടതി രേഖപ്പെടുത്തി. ധാരണ പ്രകാരം ആദ്യം 1,00,000 ദിർഹവും പിന്നീട് രണ്ട് ഘട്ടങ്ങളിലായി 1,61,500 ദിർഹവും നൽകാനായിരുന്നു തീരുമാനം. എന്നാൽ നിശ്ചിത സമയപരിധി കഴിഞ്ഞിട്ടും തുക തിരികെ ലഭിക്കാതിരുന്നതോടെയാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചത്.

പ്രതി പണം കടം വാങ്ങിയതും അത് ഗഡുക്കളായി തിരികെ നൽകാമെന്ന വാഗ്ദാനവും മെസേജിങ് ആപ്പിലൂടെ അയച്ച സന്ദേശങ്ങളിൽ വ്യക്തമായി സമ്മതിച്ചിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു. ഈ സന്ദേശങ്ങൾ കടം നിലനിൽക്കുന്നുവെന്നതിന്റെയും തിരിച്ചടവ് കരാറിന്റെയും മതിയായ തെളിവുകളാണെന്ന് കോടതി വിലയിരുത്തി. വാക്കാലുള്ള വാദങ്ങളെക്കാൾ എഴുതപ്പെട്ട ഡിജിറ്റൽ സന്ദേശങ്ങൾക്ക് നിയമപരമായ ശക്തിയുണ്ടെന്നും കോടതി വ്യക്തമാക്കി. കടത്തുകയായിരുന്ന മുഴുവൻ തുകയായ 2,61,500 ദിർഹത്തിനൊപ്പം കോടതി ചെലവുകളും മറ്റ് നിയമപരമായ ഫീസുകളും പ്രതി പരാതിക്കാരന് നൽകണമെന്നും വിധിയിൽ നിർദേശിച്ചു.

Comments

Leave a Reply

Your email address will not be published. Required fields are marked *