ദുബായ്: യുഎഇയിൽ വരും മണിക്കൂറുകളിൽ കാലാവസ്ഥയിൽ മാറ്റമുണ്ടാകുമെന്നും വിവിധ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) അറിയിച്ചു. ഡിസംബർ 18 വ്യാഴാഴ്ച രാജ്യത്തിന്റെ പല ഭാഗങ്ങളിലും ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. ചിലയിടങ്ങളിൽ നേരിയ മഴ മുതൽ ശക്തമായ ഇടിമിന്നലോടു കൂടിയ മഴ വരെ പ്രതീക്ഷിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു. അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തിന്റെ ഫലമായി വടക്കൻ, കിഴക്കൻ മേഖലകളിലും തീരപ്രദേശങ്ങളിലുമാണ് മഴയ്ക്ക് കൂടുതൽ സാധ്യതയുള്ളത്. മഴയോടൊപ്പം കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ അന്തരീക്ഷ താപനിലയിൽ ഗണ്യമായ കുറവുണ്ടാകും. രാജ്യത്തെ കുറഞ്ഞ താപനില 12 ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യതയുണ്ട്. മലയോര മേഖലകളിൽ തണുപ്പ് വർദ്ധിക്കും.
കാറ്റ് ശക്തമാകുന്നതോടെ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ കടലിൽ പോകുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ഒമാൻ കടലിലും അറബിക്കടലിലും തിരമാലകൾ ഉയരാൻ സാധ്യതയുണ്ട്. ദൂരക്കാഴ്ച കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ വേഗത കുറയ്ക്കണമെന്നും ഗതാഗത നിയമങ്ങൾ പാലിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നൽകി. വാദികൾക്കും അണക്കെട്ടുകൾക്കും സമീപം പോകുന്നവർ അതീവ ജാഗ്രത പുലർത്തണമെന്നും നിർദ്ദേശമുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
അയച്ചത് കുടുംബത്തിന്, കിട്ടിയത് തട്ടിപ്പുകാർക്ക്; കുറഞ്ഞ നിരക്കിന്റെ വലയിൽ കുടുങ്ങി പ്രവാസികൾ, കെട്ടിക്കിടക്കുന്ന സാധനങ്ങൾ വിൽപ്പനക്ക്
കുറഞ്ഞ നിരക്കിൽ നാട്ടിലേക്ക് ചരക്ക് എത്തിക്കാമെന്ന വാഗ്ദാനവുമായി അനധികൃത കാർഗോ ഏജൻസികൾ പ്രവാസികളെ വഞ്ചിക്കുന്നതായി പരാതി ഉയരുന്നു. റിയാദിലെ ഇന്ത്യൻ ഡോർ ടു ഡോർ അസോസിയേഷൻ (ഐഡിഎ) ഇതുസംബന്ധിച്ച് പ്രവാസികൾക്ക് മുന്നറിയിപ്പ് നൽകി. ഔദ്യോഗിക ലൈസൻസോ സ്ഥാപനപരമായ അടിസ്ഥാനവുമില്ലാത്ത ചില വ്യക്തികൾ മിനി പിക്കപ്പ് വാനുകളും വ്യാജ നെയിം കാർഡുകളും ബില്ലുകളും ഉപയോഗിച്ചാണ് വീടുകളിൽ നിന്നോ തൊഴിലിടങ്ങളിൽ നിന്നോ ചരക്കുകൾ ശേഖരിക്കുന്നതെന്ന് സംഘടന വ്യക്തമാക്കി. ഇങ്ങനെ ശേഖരിക്കുന്ന സാധനങ്ങൾ പലപ്പോഴും നാട്ടിലേക്ക് അയക്കാതെ ഗോഡൗണുകളിൽ കെട്ടിക്കിടക്കുകയോ, അയച്ചാലും വിതരണം ചെയ്യാതിരിക്കുകയോ ചെയ്യുന്നു. ചില സന്ദർഭങ്ങളിൽ ഈ ചരക്കുകൾ പിന്നീട് വളരെ കുറഞ്ഞ വിലക്ക് വിറ്റഴിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. കുറഞ്ഞ നിരക്ക് വാഗ്ദാനം ചെയ്ത് സമീപിക്കുന്ന ഇത്തരം അനധികൃത ഏജന്റുമാർ, ഉപഭോക്താക്കളിൽ നിന്നു വാങ്ങിയ സാധനങ്ങൾ അംഗീകൃത കാർഗോ സ്ഥാപനങ്ങളിൽ എത്തിച്ച് ഭാഗിക പേയ്മെന്റ് നൽകി മുങ്ങുന്ന സംഭവങ്ങളും ഉണ്ടാകുന്നുണ്ടെന്ന് ഐഡിഎ ചൂണ്ടിക്കാട്ടി. ബാക്കി തുക ലഭിക്കുമെന്ന് കരുതി കാത്തുനിൽക്കുന്ന ഏജൻസികൾക്ക് ഒടുവിൽ ഏൽപ്പിച്ച സാധനങ്ങൾ ഗോഡൗണിൽ തന്നെ കുടുങ്ങി കിടക്കേണ്ട സാഹചര്യമുണ്ടാകുന്നു.
ജിദ്ദ, ദമാം, റിയാദ് എന്നിവിടങ്ങളിലെ കാർഗോ പ്രവർത്തകരുടെ കൂട്ടായ്മയായാണ് ഇന്ത്യൻ ഡോർ ടു ഡോർ അസോസിയേഷൻ രൂപവത്കരിച്ചിരിക്കുന്നത്. പ്രവാസികൾ ഇത്തരം തട്ടിപ്പുകളിൽ കുടുങ്ങാതിരിക്കാൻ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് സംഘടന അഭ്യർത്ഥിച്ചു. ഐഡിഎയുടെ മേൽനോട്ടത്തിൽ എയർ കാർഗോയ്ക്ക് കിലോയ്ക്ക് 13 റിയാലും സീ കാർഗോയ്ക്ക് 7 റിയാലും എന്ന രീതിയിൽ ഡോർ ടു ഡോർ നിരക്ക് ഏകീകരിച്ചിട്ടുണ്ടെന്നും, ഇതിൽക്കുറവ് നിരക്ക് വാഗ്ദാനം ചെയ്ത് ഏജന്റുമാർ സമീപിച്ചാൽ അവയുടെ വിശ്വാസ്യത ഉറപ്പാക്കിയ ശേഷമേ സാധനങ്ങൾ കൈമാറാവൂവെന്നും മുന്നറിയിപ്പ് നൽകി. വാർത്താസമ്മേളനത്തിൽ സംഘടനാ ഭാരവാഹികളായ രാമചന്ദ്രൻ, രഞ്ജിത് മോഹൻ, കെ.ടി. റഫീഖ്, ടി.കെ. ഹാഫിസ്, സയ്യിദ് സേട്ട്, മുഹമ്മദ് തൻവീർ, നൂറുദ്ദീൻ, മുഹമ്മദ് ബഷീർ എന്നിവർ പങ്കെടുത്തു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Leave a Reply