എഐ അധിഷ്ഠിത തട്ടിപ്പുകൾ വർധിക്കുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദേശവുമായി യുഎഇ സൈബർ സുരക്ഷാ കൗൺസിൽ. വ്യാജ വിഡിയോകളും ശബ്ദങ്ങളും സൃഷ്ടിക്കുന്ന ഡീപ്‌ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഹൈടെക് തട്ടിപ്പുകൾ രാജ്യത്ത് ഏകദേശം 50 ശതമാനം വരെ ഉയർന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് മുന്നറിയിപ്പ്. യഥാർഥ വ്യക്തികൾ നേരിട്ട് സംസാരിക്കുന്നതുപോലെ തോന്നുന്ന രീതിയിലാണ് തട്ടിപ്പുകാർ സമീപിക്കുന്നതെന്നും, സംശയം തോന്നുന്നതിന് മുൻപേ തന്നെ ബാങ്ക് അക്കൗണ്ടുകളിൽ നിന്നുള്ള പണം നഷ്ടമാകുന്ന സംഭവങ്ങൾ വർധിക്കുകയാണെന്നും കൗൺസിൽ അറിയിച്ചു. ശബ്ദവും രൂപവും കൃത്യമായി അനുകരിക്കാൻ എഐ സംവിധാനങ്ങൾ ഉപയോഗിക്കുന്നതോടെ വ്യാജവാർത്തകളും സാമ്പത്തിക തട്ടിപ്പുകളും അതിവേഗം പടരുകയാണെന്ന് അധികൃതർ വ്യക്തമാക്കി. ഫോട്ടോ എഡിറ്റിങ് ആപ്പുകൾ അടക്കമുള്ള ചില ആപ്ലിക്കേഷനുകൾ വഴി വ്യക്തികളുടെ ബയോമെട്രിക് വിവരങ്ങൾ ശേഖരിച്ചാണ് ഇത്തരം കുറ്റകൃത്യങ്ങൾ നടത്തുന്നതെന്നും മുന്നറിയിപ്പിൽ പറയുന്നു. അടിയന്തര ആവശ്യമായി ആരെങ്കിലും സമീപിച്ചാൽ ഉടൻ പ്രതികരിക്കാതെ, ഒന്നിലധികം തവണ സ്ഥിരീകരണം നടത്തണമെന്നും, ഔദ്യോഗിക സ്ഥാപനങ്ങളുടെയോ പൊതുപ്രമുഖരുടെയോ പേരിൽ വരുന്ന സന്ദേശങ്ങളുടെ ഉറവിടം ഉറപ്പാക്കണമെന്നും നിർദേശമുണ്ട്.
അപരിചിതരിൽ നിന്നുള്ള ലിങ്കുകളിലേക്കോ സന്ദേശങ്ങളിലേക്കോ ക്ലിക്ക് ചെയ്യരുതെന്നും ബാങ്ക് ഇടപാടുകളിൽ ടു-ഫാക്ടർ ഓതന്റിക്കേഷൻ നിർബന്ധമാക്കണമെന്നും സൈബർ സുരക്ഷാ കൗൺസിൽ ഓർമ്മിപ്പിച്ചു. ശക്തമായ പാസ്‌വേഡുകൾ ഉപയോഗിക്കുക, മൊബൈൽ ഫോണുകളും ലാപ്‌ടോപ്പുകളും സുരക്ഷിതമാക്കുക, ഏറ്റവും പുതിയ ആന്റിവൈറസ് സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്യുക, ഔദ്യോഗിക ആപ്പ് സ്റ്റോറുകളിൽ നിന്ന് മാത്രം ആപ്പുകൾ ഡൗൺലോഡ് ചെയ്യുക എന്നിവയും നിർദേശങ്ങളിലുണ്ട്.
സോഷ്യൽ മീഡിയയിലൂടെയോ മറ്റ് ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെയോ സ്വകാര്യ വിവരങ്ങൾ പങ്കുവയ്ക്കുമ്പോൾ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതർ പറഞ്ഞു. തട്ടിപ്പെന്ന് സംശയിക്കുന്ന സാഹചര്യങ്ങളിൽ ഭീഷണികൾക്കോ ആവശ്യങ്ങൾക്കോ വഴങ്ങാതെ ഉടൻ പൊലീസിനെയും ബന്ധപ്പെട്ട ബാങ്കിനെയും അറിയിക്കണമെന്നും, വ്യക്തിഗത ആസ്തികളും രഹസ്യവിവരങ്ങളും സംരക്ഷിക്കുന്നതിൽ പരമാവധി കരുതൽ വേണമെന്നും കൗൺസിൽ അഭ്യർത്ഥിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
യുഎഇയിലെ ട്രാഫിക് സിഗ്നലുകൾ ഇനി ഡ്രോൺ ഉപയോഗിച്ച് വൃത്തിയാക്കും; പുതിയ പദ്ധതിക്ക് തുടക്കം
ട്രാഫിക് സംവിധാനങ്ങളുടെ പരിപാലനത്തിൽ നൂതന സാങ്കേതികവിദ്യകൾ കൂടുതൽ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി, ട്രാഫിക് സിഗ്നലുകൾ ശുചീകരിക്കാൻ ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പരീക്ഷണ പദ്ധതി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) ആരംഭിച്ചു. ഈ പദ്ധതിയിലൂടെ പ്രവർത്തന സമയം ഗണ്യമായി കുറയ്ക്കുന്നതിനൊപ്പം സുരക്ഷാ നിലവാരം ഉയർത്താനും ചെലവ് കുറയ്ക്കാനും കഴിയുമെന്നാണ് ആർടിഎയുടെ വിലയിരുത്തൽ. പരമ്പരാഗതമായി ക്ലീനിങ് ജോലികൾക്കായി ഉപയോഗിക്കുന്ന ഹെവി ഉപകരണങ്ങളെയും ‘മാൻലിഫ്റ്റ്’ പോലുള്ള സംവിധാനങ്ങളെയും ആശ്രയിക്കുന്നത് കുറയ്ക്കുന്നതിലൂടെ ഇന്ധന ഉപയോഗം, ജല വിനിയോഗം, കാർബൺ പുറന്തള്ളൽ എന്നിവ നിയന്ത്രിക്കാനാണ് ലക്ഷ്യം. കൂടാതെ, ഉയരത്തിലുള്ള ജോലികളിൽ മനുഷ്യ ഇടപെടൽ കുറയുന്നതോടെ അപകട സാധ്യതകളും കുറഞ്ഞേക്കും.
മറാക്കിഷ് സ്ട്രീറ്റ്–റീബത്ത് സ്ട്രീറ്റ് ജംഗ്ഷനിൽ നടത്തിയ പ്രാഥമിക പരീക്ഷണങ്ങൾ വിജയകരമായിരുന്നുവെന്ന് ആർടിഎ റോഡ്സ് ആൻഡ് ഫെസിലിറ്റീസ് മെയിന്റനൻസ് ഡയറക്ടർ അബ്ദുല്ല അലി ലൂത്താഹ് അറിയിച്ചു. ഡ്രോൺ ഉപയോഗിച്ചുള്ള ശുചീകരണത്തിൽ സമയം 25 മുതൽ 50 ശതമാനം വരെ ലാഭിക്കാനായതായും, പ്രവർത്തന ചെലവിൽ ഏകദേശം 15 ശതമാനം കുറവ് രേഖപ്പെടുത്തിയതായും അദ്ദേഹം വ്യക്തമാക്കി. കൂടുതൽ പുരോഗമിച്ച ഡ്രോണുകൾ ഉപയോഗിക്കുന്നതിലൂടെ ഈ ലാഭം 25 ശതമാനം വരെ ഉയരാനിടയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പദ്ധതിയുടെ ഫലപ്രാപ്തി ഉറപ്പാക്കുന്നതിനായി പൈലറ്റ് ഓപ്പറേഷൻ തുടരുമെന്നും, അടുത്ത ഘട്ടത്തിൽ ട്രാഫിക് തടസ്സങ്ങൾ പരമാവധി ഒഴിവാക്കി കൂടുതൽ സുരക്ഷിതവും കാര്യക്ഷമവുമായ സംവിധാനങ്ങൾ നടപ്പാക്കുന്നതിലാകും ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും ആർടിഎ അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
വിദേശയാത്രയ്ക്ക് മുന്‍പ് മരുന്നുകള്‍ കൈയ്യിൽ സൂക്ഷിക്കാം! യുഎഇയിലെ ഫാർമസികളിൽ ശൈത്യകാല തിരക്ക്
ശൈത്യകാല അവധികൾ ആരംഭിച്ചതോടെ വിദേശയാത്രയ്ക്ക് തയ്യാറെടുക്കുന്ന യുഎഇയിലെ നിരവധി താമസക്കാർ ‘മുൻകരുതൽ’ എന്ന ചിന്തയിൽ മരുന്നുകൾ സംഭരിക്കുന്ന പ്രവണത ശക്തമാകുന്നതായി റിപ്പോർട്ട്. യാത്രയ്ക്കിടെ അസുഖം വന്നാൽ എന്ത് ചെയ്യും എന്ന ആശങ്കയാണ് പലരെയും യാത്രയ്‌ക്ക് മുൻപേ ഫാർമസികളിലേക്ക് നയിക്കുന്നത്. ഇതിന്റെ ഭാഗമായി കോൾഡ്–ഫ്ലൂ മരുന്നുകൾ, മൾട്ടി വൈറ്റമിൻ സപ്ലിമെൻ്റുകൾ, വിറ്റാമിൻ സി, സിങ്ക്, പ്രതിരോധശേഷി വർധിപ്പിക്കുന്ന ഉത്പന്നങ്ങൾ എന്നിവയ്ക്കാണ് ഏറ്റവും കൂടുതൽ ആവശ്യക്കാരെന്ന് ദുബായിലെയും ഷാർജയിലെയും ഫാർമസിസ്റ്റുകൾ വ്യക്തമാക്കി.
യാത്രാ സീസൺ ആരംഭിക്കുന്നതിന് മുൻപുള്ള ആഴ്ചകളിൽ തന്നെ ‘ട്രാവൽ മെഡിസിൻ കിറ്റ്’ തയ്യാറാക്കാനായി നിരവധി പേർ ഫാർമസികളെ സമീപിക്കുന്നതായി ഫാർമസിസ്റ്റുകൾ പറയുന്നു. വേദനസംഹാരികൾ, പനി–ചുമ മരുന്നുകൾ തുടങ്ങിയ അടിസ്ഥാന മരുന്നുകളോടൊപ്പം വിറ്റാമിനുകൾക്കും സപ്ലിമെൻ്റുകൾക്കും വലിയ ഡിമാൻഡാണ് അനുഭവപ്പെടുന്നത്. തണുപ്പുള്ള സ്ഥലങ്ങളിലേക്കുള്ള യാത്രയിൽ അസുഖം ഒഴിവാക്കാമെന്ന വിശ്വാസത്തിലാണ് പലരും ഇത്തരം ഉത്പന്നങ്ങൾ തിരഞ്ഞെടുക്കുന്നതെന്നും ഫാർമസിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ സപ്ലിമെൻ്റുകൾ പൊതുവായ ആരോഗ്യത്തെ പിന്തുണയ്ക്കുമെങ്കിലും അണുബാധകൾക്കെതിരെ ഉറപ്പുള്ള സംരക്ഷണം നൽകില്ലെന്ന കാര്യം ഉപഭോക്താക്കൾക്ക് ബോധ്യപ്പെടുത്തുന്നുണ്ടെന്നും അവർ പറഞ്ഞു. അതേസമയം, കുറിപ്പടി ഇല്ലാതെ ആൻ്റിബയോട്ടിക്കുകൾ ആവശ്യപ്പെടുന്നവരുടെ അപേക്ഷകൾ കർശനമായി നിരസിക്കുന്നതായും ഫാർമസിസ്റ്റുകൾ വ്യക്തമാക്കി. സപ്ലിമെൻ്റുകൾ ഉപയോഗിച്ചുള്ള അനാവശ്യ സ്വയംചികിത്സ അപകടകരമാണെന്നും, പ്രത്യേകിച്ച് മരുന്നുകൾ അമിതമായി ഉപയോഗിക്കുകയോ തെറ്റായി സംയോജിപ്പിക്കുകയോ ചെയ്താൽ ആരോഗ്യപ്രശ്നങ്ങൾ ഗുരുതരമാകാമെന്നും ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. യാത്രക്കായി വേദനയും പനിയും കുറയ്ക്കുന്ന മരുന്നുകൾ, ഓറൽ റീഹൈഡ്രേഷൻ സാൾട്ടുകൾ, അലർജി മരുന്നുകൾ, അത്യാവശ്യ പ്രഥമ ശുശ്രൂഷാ സാമഗ്രികൾ എന്നിവ മാത്രം കൈവശം വെക്കുന്നതാണ് സുരക്ഷിതമെന്ന് ഡോക്ടർമാർ നിർദേശിക്കുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Leave a Reply