പ്രമുഖ സൗദി ഹാസ്യതാരവും കണ്ടന്റ് ക്രിയേറ്ററുമായ അബൂമർദാഅിന്റെ അപ്രതീക്ഷിത വിയോഗം ഗൾഫ് മേഖലയെ ദുഃഖത്തിലാഴ്ത്തി. വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ട അബൂമർദാഅ് (അബ്ദുല്ല ബിൻ മർദാഅ് അൽആതിഫ് അൽ ഖഹ്താനി) സോഷ്യൽ മീഡിയയിലൂടെ ലക്ഷക്കണക്കിന് ആളുകളെ ചിരിപ്പിച്ച ജനപ്രിയ മുഖമായിരുന്നു. സൗദിയിലെ ഹായിൽ മേഖലയിൽ രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് അബൂമർദാഅ് മരിച്ചതെന്ന് അധികൃതർ അറിയിച്ചു. അപകടത്തിൽ സ്നാപ്ചാറ്റ് സെലിബ്രിറ്റിയായ അബൂഹുസ്സക്കും അബൂമർദാഅിന്റെ പിതൃസഹോദരപുത്രനായ ദഖീലിനും പരിക്കേറ്റു. ദഖീലിന്റെ ആരോഗ്യനില ഗുരുതരമായതിനാൽ അദ്ദേഹത്തെ കിങ് ഖാലിദ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അബൂഹുസ്സയും അതേ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടവാർത്ത പുറത്ത് വന്നതോടെ സൗദി അറേബ്യയിലെ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ അബൂമർദാഅിനെ അനുസ്മരിക്കുന്ന കുറിപ്പുകളാൽ നിറഞ്ഞു. ലളിതമായ ഭാഷയും ദിനജീവിതത്തിലെ നർമ്മരംഗങ്ങളും സുഹൃത്തുക്കളുമൊത്തുള്ള സ്വാഭാവിക തമാശകളും അവതരിപ്പിക്കുന്ന വ്ലോഗുകളിലൂടെയാണ് അദ്ദേഹം വലിയ ജനപ്രീതി നേടിയത്. സ്നാപ്ചാറ്റ്, ടിക്ടോക്ക്, യൂട്യൂബ്, ഫേസ്ബുക്ക് തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ അദ്ദേഹത്തിന് വലിയ പിന്തുണയുണ്ടായിരുന്നു.
അബൂമർദാഅ് സഞ്ചരിച്ചിരുന്ന ജീപ്പ് പാർക്ക് ചെയ്തിരുന്ന മറ്റൊരു വാഹനവുമായി ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. അപകടസ്ഥലത്തുവച്ചുതന്നെ അദ്ദേഹം മരണപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇന്നലെ വൈകിട്ട് ഹായിലിലെ അൽറാജ്ഹി ജുമാ മസ്ജിദിനോടനുബന്ധിച്ചുള്ള സ്വദിയാൻ ഖബർസ്ഥാനിൽ അദ്ദേഹത്തിന്റെ ഖബറടക്കം നടന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
യുഎഇയിൽ ഇ-സ്കൂട്ടർ അപകടം; 10 വയസ്സുകാരന് ദാരുണാന്ത്യം
ഉമ്മുൽ ഖുവൈനിൽ ഇ-സ്കൂട്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പത്ത് വയസ്സുകാരൻ ദാരുണമായി മരിച്ചു. വ്യാഴാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. കിംഗ് ഫൈസൽ സ്ട്രീറ്റിലൂടെ സഞ്ചരിച്ചിരുന്ന ഇ-സ്കൂട്ടറിനെ ഒരു കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ വിവരം ലഭിച്ച ഉടൻ തന്നെ ഉമ്മുൽ ഖുവൈൻ പൊലീസ് സ്ഥലത്തെത്തി ദേശീയ ആംബുലൻസ് സംഘത്തിന്റെ സഹായത്തോടെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ട്രാഫിക് ആൻഡ് പട്രോൾസ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ കേണൽ മുഹമ്മദ് ഉബൈദ് അൽ മുഹൈരി ആണ് മരണവിവരം സ്ഥിരീകരിച്ചത്. കുട്ടിക്ക് തലയ്ക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണമെന്ന് അധികൃതർ അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് കാർ ഓടിച്ചിരുന്ന ഏഷ്യൻ വംശജനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിൽ, കുട്ടി റോഡിലൂടെ എതിർദിശയിലായാണ് സ്കൂട്ടർ ഓടിച്ചിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ബന്ധുക്കൾ രാത്രി ഭക്ഷണം കഴിക്കുന്നതിനിടയിൽ സഹോദരന്റെ ഇ-സ്കൂട്ടറുമായി കുട്ടി പുറത്തേക്ക് ഓടിപ്പോയതാകാമെന്നാണ് സംശയം. വാഹനം പാർക്ക് ചെയ്യുന്നതിനായി വേഗം കുറച്ചാണ് കാർ ഓടിച്ചിരുന്നതെന്ന് ബന്ധുക്കളിൽ ഒരാൾ പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
യുഎഇയിൽ മഴയ്ക്ക് സാധ്യത, താപനില കുറയും! ജാഗ്രതാ നിർദേശം
ദുബായ്: യുഎഇയിൽ ഡിസംബർ 14 ഞായറാഴ്ച പല ഭാഗങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നും താപനിലയിൽ നേരിയ കുറവ് രേഖപ്പെടുത്തുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) അറിയിച്ചു. ഡിസംബർ 13 (ശനിയാഴ്ച) മുതൽ 19 വരെ രാജ്യത്ത് അസ്ഥിരമായ കാലാവസ്ഥാ മാറ്റങ്ങൾ തുടരുമെന്നാണ് പ്രവചനം. ഞായറാഴ്ച തീരദേശങ്ങളിലും വടക്കൻ പ്രദേശങ്ങളിലും ഉൾപ്പെടെ പലയിടത്തും മഴയ്ക്ക് സാധ്യതയുണ്ട്. പകൽ സമയത്തെ താപനില 26°C മുതൽ 28°C വരെയായി കുറയാനും സാധ്യതയുണ്ട്. അബുദാബിയിൽ താപനില 19°C വരെ താഴാൻ സാധ്യതയുണ്ട്. കാറ്റ് തെക്ക്-കിഴക്കൻ ദിശയിൽ നിന്ന് വടക്ക്-പടിഞ്ഞാറൻ ദിശയിലേക്ക് മാറിയേക്കാം. ചില സമയങ്ങളിൽ കാറ്റ് ശക്തമാകുന്നതിനാൽ പൊടിപടലങ്ങൾ ഉണ്ടാകാനും കാഴ്ചാപരിധി കുറയാനും സാധ്യതയുണ്ട്. അറബിക്കടലും ഒമാൻ കടലും മിതമായ രീതിയിലായിരിക്കുമെങ്കിലും, മേഘാവൃതമായ സാഹചര്യങ്ങളിൽ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ട്. അധികൃതർ പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കാലാവസ്ഥാ മാറ്റങ്ങൾക്കനുസരിച്ച് എല്ലാവരും മുൻകരുതലുകൾ സ്വീകരിക്കണമെന്നും സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം ആവശ്യപ്പെട്ടു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Leave a Reply