വാഹനത്തിൽ യാത്രക്കാർ ട്രാഫിക് നിയമലംഘനങ്ങൾ നടത്തിയാൽ അതിന്റെ പൂർണ ഉത്തരവാദിത്തം ഡ്രൈവർക്കാണെന്ന് റോഡ് സുരക്ഷാ വിദഗ്ധനും റോഡ് സേഫ്റ്റി യുഎഇയുടെ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ തോമസ് എഡൽമാൻ പറഞ്ഞു. കഴിഞ്ഞ വർഷം 44,018 പേർ സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് പിഴ ചുമത്തിയതായി ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തിയ പുതിയ വിവരങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.വാഹനത്തിലുള്ള എല്ലാവരെയും ശ്രദ്ധിക്കേണ്ടത് ഡ്രൈവറുടെ ഉത്തരവാദിത്തമാണ്. ഒരു വിമാനത്തിലെ ക്യാപ്റ്റന്റെ റോളിന് സമാനമാണിത്. വിമാനത്തിലുള്ള എല്ലാവരുടെയും പൂർണ ഉത്തരവാദിത്തം ക്യാപ്റ്റനാണ്. ഇത് കാർ ഓടിക്കുമ്പോഴും ബാധകമാണ്. 2017 ജൂലൈ 1 മുതൽ യുഎഇ നിയമം അനുസരിച്ച് മുന്നിലും പിന്നിലുമുള്ള എല്ലാ യാത്രക്കാരും സീറ്റ് ബെൽറ്റ് ധരിക്കേണ്ടത് നിർബന്ധമാണ്. കുട്ടികൾക്ക് പ്രായത്തിനനുസരിച്ചുള്ള സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കണമെന്നും നിയമം അനുശാസിക്കുന്നു. പ്രത്യേകിച്ച് പിൻസീറ്റുകളിൽ നിയമം നടപ്പിലാക്കുന്നത് വെല്ലുവിളിയായി തുടരുന്നു. പല യാത്രക്കാരും ഇപ്പോഴും നിയമം അവഗണിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വാഹനത്തിലെ യാത്രക്കാർ തെറ്റായ പെരുമാറ്റം കാണിക്കുകയാണെങ്കിൽ ഡ്രൈവർക്ക് പിഴ ചുമത്തണം. നിയമങ്ങൾ നിശ്ചയിക്കുകയും എല്ലാവരും അത് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യേണ്ടത് ഡ്രൈവറുടെ ഉത്തരവാദിത്തമാണ്.
അപകടങ്ങളിൽ പരുക്ക് അല്ലെങ്കിൽ മരണം എന്നിവയുടെ സാധ്യത ഗണ്യമായി കുറയ്ക്കാൻ സീറ്റ് ബെൽറ്റുകൾ സഹായിക്കുമെന്ന് എഡൽമാൻ വ്യക്തമാക്കി. അപകടത്തിന്റെ സ്വഭാവമനുസരിച്ച് മുതിർന്നവരിൽ 40 മുതൽ 60 ശതമാനം വരെ അപകടങ്ങളിൽ സീറ്റ് ബെൽറ്റുകൾ ജീവൻ രക്ഷിക്കുന്നുണ്ടെന്നും, കുട്ടികളിൽ ശരിയായ നിയന്ത്രണങ്ങൾ 80 ശതമാനം വരെ മാരകമായ പരിക്കുകളോ മരണങ്ങളോ തടയാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
റോഡ് സേഫ്റ്റി യുഎഇ നടത്തിയ നിരവധി പഠനങ്ങളെക്കുറിച്ചും എഡൽമാൻ പരാമർശിച്ചു. ഏകദേശം 20 ശതമാനം ഡ്രൈവർമാരും മുൻസീറ്റ് യാത്രക്കാരും സീറ്റ് ബെൽറ്റ് ധരിക്കുന്നില്ലെന്നും പകുതിയിലധികം പിൻസീറ്റ് യാത്രക്കാരും ബെൽറ്റ് ധരിക്കാൻ വിമുഖത കാണിക്കുന്നുണ്ടെന്നും ഈ പഠനങ്ങൾ വെളിപ്പെടുത്തി. ടാക്സികളിലോ, ലിമോസിനുകളിലോ, അല്ലെങ്കിൽ സുഹൃത്തുക്കൾ ലിഫ്റ്റ് നൽകുമ്പോഴോ പിൻസീറ്റിൽ മുതിർന്നവർ സീറ്റ് ബെൽറ്റ് ഒഴിവാക്കുന്നത് സാധാരണമാണ്. ഈ ശീലം മാറണം.
ഏറ്റവും ആശങ്കാജനകമായ കാര്യം കുട്ടികളുടെ സുരക്ഷയുടെ അഭാവമാണെന്നും എഡൽമാൻ കൂട്ടിച്ചേർത്തു. പൂജ്യം മുതൽ നാല് വയസ്സുവരെയുള്ള കുട്ടികളുള്ള ഏകദേശം 30 ശതമാനം മാതാപിതാക്കൾക്കും നിയമം നിർബന്ധമാക്കിയ ചൈൽഡ് സീറ്റുകൾ സ്വന്തമായില്ല. ചൈൽഡ് സീറ്റുകളുള്ളവരിൽ മൂന്നിലൊന്ന് പേരും അവ ശരിയായി ഉപയോഗിക്കാറില്ല. സുരക്ഷിതമായ റോഡുകൾക്കായുള്ള യുഎഇയുടെ ശ്രമങ്ങൾ തുടരുമ്പോൾ, എല്ലാ ഡ്രൈവർമാരും യാത്രക്കാരും നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കൂടുതൽ പൊതുജന അവബോധവും കർശനമായ നിയമനിർമാണവും വേണമെന്ന് വിദഗ്ധർ ആവശ്യപ്പെടുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t