കടലിൽ കുടുങ്ങിയ കപ്പലിൽ നിന്ന് 14 പേരെ രക്ഷപ്പെടുത്തി ദുബായ് മാരിടൈം റെസ്ക്യൂ ടീം. അതിശക്തമായ കാറ്റും തിരമാലകളും കാരണം നിയന്ത്രണം വിട്ട് ഒരു കപ്പൽ ബ്രേക്ക് വാട്ടറിനടുത്ത് കുടുങ്ങുകയായിരുന്നു. ദുബായ് പൊലീസിന്റെ മറൈൻ റെസ്ക്യൂ യൂണിറ്റ് മേധാവി മേജർ മർവാൻ അൽ കഅബിയാണ് ഇക്കാര്യം അറിയിച്ചത്.അപകടകരമായ കടൽ സാഹചര്യങ്ങൾക്കിടയിലും ദുബായ് മാരിടൈം റെസ്ക്യൂ ടീമിന്റെ ധീരവും വേഗമേറിയതുമായ പ്രവർത്തനം വലിയൊരു ദുരന്തം ഒഴിവാക്കി. ഈ ടീം രാപകൽ പ്രവർത്തിക്കുന്നുണ്ടെന്നും സമാന സാഹചര്യങ്ങളിൽ ഒട്ടേറെ അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ടെന്നും മേജർ മർവാൻ അൽ കഅബി കൂട്ടിച്ചേർത്തു.
നിയന്ത്രണം വിട്ട കപ്പൽ ബ്രേക്ക് വാട്ടറിന് സമീപം അപകടകരമാംവിധം ഒഴുകി നടക്കുന്നുണ്ടെന്ന് കൺട്രോൾ റൂമിൽ നിന്ന് വിവരം ലഭിച്ചതിനെ തുടർന്നാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. വിവരമറിഞ്ഞയുടൻ രക്ഷാപ്രവർത്തന യൂണിറ്റ് എല്ലാ സജ്ജീകരണങ്ങളോടും കൂടി അപകടകരമായ കടൽ സാഹചര്യങ്ങളെ നേരിടാൻ സംഭവസ്ഥലത്തേക്ക് കുതിച്ചെത്തിയപ്പോൾ വലിയ തിരമാലകളും രൂക്ഷമായ കാലാവസ്ഥയുമായിരുന്നു അവിടെ ഉണ്ടായിരുന്നത്.
ഇത് കടൽ രക്ഷാപ്രവർത്തനങ്ങൾ അതീവ അപകടകരമാക്കുന്ന സാഹചര്യമാണ്. എന്നിട്ടും ടീം മണിക്കൂറുകളോളം അക്ഷീണപ്രവർത്തനം നടത്തുകയും ശക്തമായ കാറ്റിനെ അതിജീവിച്ച് കപ്പലിലുള്ളവരുടെ അടുത്തേക്ക് എത്തുകയും ചെയ്തു. ഓരോരുത്തരായി 14 പേരെയും സുരക്ഷിതമായി പുറത്തെത്തിച്ചു. ആർക്കും പരുക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ടീമിന്റെ ധീരതയെയും അച്ചടക്കത്തെയും വേഗതയേറിയ പ്രതികരണത്തെയും അധികൃതർ അഭിനന്ദിച്ചു. രക്ഷപ്പെട്ട യാത്രക്കാർ തങ്ങളുടെ ജീവൻ രക്ഷിച്ചതിന് ടീമിനോട് നന്ദി പ്രകടിപ്പിച്ചു. പലരും തങ്ങളുടെ ജീവൻ നഷ്ടപ്പെടുമെന്ന് ഭയന്നിരുന്നുവെന്നും ടീമിന്റെ നിർഭയവും ദയയും നിറഞ്ഞ പ്രതികരണമാണ് തങ്ങളെ രക്ഷിച്ചതെന്നും പറഞ്ഞു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t