പെൺകുട്ടിയുടെ ഭാവി സുരക്ഷിതമാക്കാം, 55 ലക്ഷം രൂപ സമ്പാദ്യം; അറിയാം ഈ പദ്ധതിയെക്കുറിച്ച്

ഉപരിപഠനം ഉൾപ്പെടെ ഭാവിയിൽ പെൺകുട്ടികളുടെ വിവിധ ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്ന ലഘുസമ്പാദ്യ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. 2015ലാണ് പെൺകുട്ടികളുടെ ക്ഷേമം മുൻനിർത്തി പദ്ധതി ആരംഭിച്ചത്.

പത്തുവയസ് വരെയുള്ള പെൺകുട്ടികളുടെ പേരിൽ പോസ്റ്റ് ഓഫീസ് വഴിയോ ബാങ്ക് മുഖേനയോ മാതാപിതാക്കൾക്ക് അക്കൗണ്ട് തുടങ്ങാവുന്നതാണ്. വർഷം 250 രൂപയാണ് കുറഞ്ഞ നിക്ഷേപം. പ്രതിവർഷം ഒന്നരലക്ഷം രൂപ വരെ കുട്ടികളുടെ പേരിൽ അക്കൗണ്ടിൽ നിക്ഷേപിക്കാം. 8.2 ശതമാനമാണ് പലിശ. 15 വർഷമാണ് നിക്ഷേപ കാലാവധി.

നിക്ഷേപിക്കുന്ന മുഴുവൻ തുകയും ആദാനികുതി ഇളവിനായി പ്രയോജനപ്പെടുത്താവുന്നതാണ്. പണപ്പെരുപ്പനിരക്കുമായി താരതമ്യം ചെയ്യുമ്പോൾ റിട്ടേൺ മെച്ചപ്പെട്ടതാണെന്നാണ് വിദഗ്ധർ പറയുന്നത്.

ആദ്യത്തെ 15 വർഷത്തേക്ക് മാത്രമേ നിക്ഷേപം നടത്തേണ്ടതുള്ളൂ. അക്കൗണ്ട് തുറന്ന് 21 വർഷം ആകുമ്പോഴാണ് കാലാവധി പൂർത്തിയാകുന്നത്. എന്നാൽ നിക്ഷേപ കാലാവധിയായ 15 വർഷം കഴിഞ്ഞാലും അക്കൗണ്ടിൽ പലിശ വരവ് വെയ്ക്കും. കുട്ടിക്ക് 18 വയസ്സ് തികയുമ്പോഴോ പത്താം ക്ലാസ് പാസാകുമ്പോഴോ അക്കൗണ്ടിൽ നിന്ന് 50 ശതമാനം വരെ പണം പിൻവലിക്കാം. പെൺകുട്ടിക്ക് 18 വയസ്സ് തികയുകയും വിവാഹിതയാകുകയും ചെയ്താൽ, അക്കൗണ്ടിൽ നിന്ന് മുഴുവൻ പണവും എടുത്ത് അക്കൗണ്ട് അവസാനിപ്പിക്കാനുള്ള ഓപ്ഷനും ഉണ്ട്.

ഉദാഹരണത്തിന്, പ്രതിമാസം 10,000 രൂപ വീതം പദ്ധതിയിൽ നിക്ഷേപിക്കുകയാണെങ്കിൽ 15 വർഷം കൊണ്ട് മൊത്തം നിക്ഷേപം 18 ലക്ഷമാകും. 8.20 ശതമാനം പലിശ കൂടി കൂട്ടുമ്പോൾ അക്കൗണ്ടിൽ 37.42 ലക്ഷം രൂപ ഉണ്ടാവും. അക്കൗണ്ട് തുറന്ന് 21 വർഷമാകുമ്പോൾ പലിശസഹിതം ആകെ 55.42 ലക്ഷം രൂപ സമ്പാദിക്കാം.

Comments

Leave a Reply

Your email address will not be published. Required fields are marked *