ഇനി വിമാനമിറങ്ങി ക്യൂ നിൽക്കേണ്ട; യുഎഇയിൽ നിന്ന് ഈ രാജ്യത്തേക്കുള്ള യാത്രക്കാർക്ക് ഇമിഗ്രേഷൻ ഇനി ‘വൺ ഷോട്ട്’!

യുഎഇയിൽ നിന്നും ബഹ്‌റൈനിലേക്കുള്ള വിമാനയാത്രക്കാർക്ക് ഏറെ ആശ്വാസം നൽകുന്ന ‘വൺ പോയിന്റ് എയർ ട്രാവലേഴ്‌സ്’ പദ്ധതിക്ക് തുടക്കമായി. അബുദാബിയിലെ സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലും ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലുമാണ് ഈ സ്മാർട്ട് സംവിധാനം ആദ്യമായി നടപ്പിലാക്കുന്നത്. സാധാരണയായി യാത്ര പുറപ്പെടുന്ന വിമാനത്താവളത്തിലും എത്തുന്ന വിമാനത്താവളത്തിലും പാസ്‌പോർട്ട് പരിശോധനയും ഇമിഗ്രേഷൻ നടപടികളും പൂർത്തിയാക്കേണ്ടതുണ്ട്. എന്നാൽ പുതിയ പദ്ധതി പ്രകാരം യാത്ര തിരിക്കുന്ന വിമാനത്താവളത്തിൽ വെച്ച് തന്നെ രണ്ട് രാജ്യങ്ങളിലേക്കുമുള്ള ഇമിഗ്രേഷൻ ക്ലിയറൻസ് ഒരേസമയം പൂർത്തിയാക്കാൻ യാത്രക്കാർക്ക് സാധിക്കും.

ഇതോടെ അബുദാബിയിൽ നിന്ന് നടപടികൾ പൂർത്തിയാക്കി ബഹ്‌റൈനിൽ എത്തുന്നവർക്ക് വിമാനമിറങ്ങിയ ശേഷം ഇമിഗ്രേഷൻ ക്യൂവിൽ നിൽക്കാതെ നേരിട്ട് പുറത്തേക്ക് പോകാം. ആദ്യ ഘട്ടത്തിൽ യുഎഇ, ബഹ്‌റൈൻ പൗരന്മാർക്കാണ് ഈ സൗകര്യം ലഭിക്കുന്നത്. വരും മാസങ്ങളിൽ ഇത് വിദേശികളായ താമസക്കാർക്കും മറ്റ് ജിസിസി പൗരന്മാർക്കും ലഭ്യമാക്കാനാണ് അധികൃതരുടെ ലക്ഷ്യം. നിലവിൽ എത്തിഹാദ് എയർവേയ്‌സ്, ഗൾഫ് എയർ എന്നീ വിമാനക്കമ്പനികളിലെ യാത്രക്കാർക്കാണ് ഈ സേവനം പരീക്ഷണാടിസ്ഥാനത്തിൽ ഒരുക്കിയിരിക്കുന്നത്.

പുത്തൻ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ബയോമെട്രിക് സംവിധാനങ്ങൾ, ഇ-ഗേറ്റുകൾ എന്നിവ വഴിയാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. യാത്രക്കാരന്റെ വിവരങ്ങൾ വിമാനം എത്തുന്നതിന് മുൻപ് തന്നെ അതത് വിമാനത്താവള അധികൃതർക്ക് കൈമാറുന്നതിലൂടെ സുരക്ഷയും വേഗതയും ഒരുപോലെ ഉറപ്പാക്കുന്നു. യുഎഇയിലെ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം എന്നിവർ ചേർന്നാണ് ജിസിസി രാജ്യങ്ങൾക്കിടയിലുള്ള യാത്രകൾ കൂടുതൽ സുഗമമാക്കുന്ന ഈ പദ്ധതി നടപ്പിലാക്കുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

റമസാനിൽ വിലക്കയറ്റത്തിന് ‘ബ്രേക്ക്’! വിപണിയിൽ പിടിമുറുക്കി യുഎഇ; ഓരോ സാധനത്തിനും വിലവിവരപ്പട്ടിക നിർബന്ധം

റമസാൻ മാസത്തെ മുന്നോടിയായി വിപണിയിലെ വിലക്കയറ്റം തടയാൻ ശക്തമായ ഇടപെടലുമായി യുഎഇ സാമ്പത്തിക മന്ത്രാലയം രംഗത്ത്. കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്ന പ്രവണതകൾക്കും അനാവശ്യമായ വില വർധനയ്ക്കും കർശന നിയന്ത്രണങ്ങളാണ് പ്രഖ്യാപിച്ചത്. 1,000 ചതുരശ്ര മീറ്ററിലധികം വിസ്തീർണമുള്ള എല്ലാ റീട്ടെയിൽ കടകളിലും ഓരോ ഉൽപ്പന്നത്തിന്റെയും ആകെ വിലയ്ക്കൊപ്പം യൂണിറ്റ് വില (ഉദാഹരണത്തിന് കിലോയ്ക്ക് എത്ര) വ്യക്തമായി പ്രദർശിപ്പിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു. ഉപഭോക്താക്കൾക്ക് വ്യക്തമായ വില താരതമ്യം സാധ്യമാക്കുക എന്നതാണ് ലക്ഷ്യം. ഓൺലൈൻ വ്യാപാര സ്ഥാപനങ്ങൾക്കും ഈ നിർദേശം ബാധകമാണ്. അബ്ദുല്ല ബിൻ തൗഖ് അൽ മർറി യുഎഇ സാമ്പത്തിക-വിനോദസഞ്ചാര മന്ത്രിയും ഉപഭോക്തൃ സംരക്ഷണ സമിതി അധ്യക്ഷനും, രാജ്യത്തെ ഭക്ഷ്യശേഖരം സുരക്ഷിതമാണെന്നും ദീർഘകാല വിതരണത്തിൽ തടസ്സമുണ്ടാകില്ലെന്നും വ്യക്തമാക്കി. വിപണിയിലെ അവശ്യവസ്തുക്കളുടെ ലഭ്യതയും വിലസ്ഥിരതയും വിലയിരുത്താൻ അദ്ദേഹം എമിറേറ്റ്‌സ് കോ-ഓപറേറ്റീവ് സൊസൈറ്റി, സ്പിന്നീസ് തുടങ്ങിയ പ്രധാന ഔട്ട്‌ലെറ്റുകൾ സന്ദർശിച്ചു. 2022 ലെ കാബിനറ്റ് പ്രമേയം (നമ്പർ 120) പ്രകാരം, ഉൽപ്പന്നങ്ങളുടെ ആകെ വിലയ്ക്കൊപ്പം യൂണിറ്റ് വിലയും നിർബന്ധമായും പ്രദർശിപ്പിക്കണം. നിയമലംഘനം കണ്ടെത്തിയാൽ പൊതുജനങ്ങൾക്ക് പരാതി നൽകാം.

ഇതിനോടകം തന്നെ പാചകഎണ്ണ, മുട്ട, പാൽ ഉൽപ്പന്നങ്ങൾ, അരി, പഞ്ചസാര, ചിക്കൻ, ഗോതമ്പ് തുടങ്ങിയ അടിസ്ഥാന സാധനങ്ങൾക്ക് മുൻകൂർ അനുമതിയില്ലാതെ വില വർധിപ്പിക്കുന്നത് മന്ത്രാലയം നിരോധിച്ചിട്ടുണ്ട്. റമസാൻ പ്രത്യേക ഓഫറുകളും ഡിസ്കൗണ്ടുകളും യാഥാർഥ്യമാണോയെന്ന് ഉറപ്പാക്കാൻ വിപണിയിൽ നേരിട്ടുള്ള നിരീക്ഷണവും തുടരും. വിപണിയിൽ ന്യായമായ മത്സരം ഉറപ്പാക്കുകയും അനാവശ്യ വിലക്കയറ്റം തടയുകയും ചെയ്യുക എന്നതാണ് ഈ നടപടികളുടെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. റമസാൻ മാസപ്പിറവി നിരീക്ഷണത്തിനായി ചൊവ്വാഴ്ച കമ്മിറ്റി യോഗം ചേരാനിരിക്കെയാണ് മന്ത്രാലയത്തിന്റെ ഈ അടിയന്തര ഇടപെടൽ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Comments

Leave a Reply

Your email address will not be published. Required fields are marked *