റമസാൻ മാസത്തിൽ നോമ്പ് തുറക്കാൻ വീട്ടിലെത്താനുള്ള തിരക്കിൽ റോഡുകളിൽ അമിതവേഗതയും അക്ഷമയും കാണിക്കുന്ന ഡ്രൈവർമാർക്ക് ഷാർജ പൊലീസിന്റെ കർശന മുന്നറിയിപ്പ്. സൂര്യാസ്തമയത്തിന് തൊട്ടുമുമ്പുള്ള മിനിറ്റുകളിൽ ലക്ഷ്യസ്ഥാനത്തെത്താനുള്ള അമിതവേഗം പലപ്പോഴും ഗുരുതരമായ വാഹനാപകടങ്ങൾക്കാണ് കാരണമാകുന്നത്. റമസാൻ പുണ്യപ്രവൃത്തികൾക്കുള്ള മത്സരമാണെന്നും അത് റോഡിലെ മത്സരയോട്ടമാകരുതെന്നും അധികൃതർ ഓർമിപ്പിച്ചു.
പകൽ മുഴുവൻ നീളുന്ന വ്രതം മൂലമുള്ള ശാരീരിക തളർച്ചയും നിർജ്ജലീകരണവും ഡ്രൈവർമാരുടെ ഏകാഗ്രതയെ ബാധിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ യാത്രകൾ നേരത്തെ പ്ലാൻ ചെയ്യാനും അനാവശ്യ സമ്മർദ്ദം ഒഴിവാക്കാനും പൊലീസ് നിർദ്ദേശിക്കുന്നു. അഥവാ യാത്രയ്ക്കിടയിലാണ് ബാങ്ക് വിളിക്കുന്നതെങ്കിൽ റോഡരികിൽ വാഹനം സുരക്ഷിതമായി നിർത്തി കൈവശമുള്ള വെള്ളമോ ഈന്തപ്പഴമോ ഉപയോഗിച്ച് നോമ്പ് തുറന്ന ശേഷം ശാന്തമായി യാത്ര തുടരുന്നതാണ് ഉചിതം.
റോഡ് സുരക്ഷ ഓരോ പൗരന്റെയും ഉത്തരവാദിത്തമാണെന്ന് വ്യക്തമാക്കിയ പൊലീസ്, ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അറിയിച്ചു. പ്രത്യേകിച്ച് ഇരുചക്ര വാഹനയാത്രികർ ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ ഡ്രൈവർക്കും യാത്രക്കാരനും 500 ദിർഹം വീതം പിഴയും ലൈസൻസിൽ നാല് ബ്ലാക്ക് പോയിന്റുകളും ചുമത്തും. ഏതാനും മിനിറ്റുകൾ വൈകിയാലും സുരക്ഷിതമായി വീട്ടിലെത്തുക എന്നതിനായിരിക്കണം വിശ്വാസികൾ മുൻഗണന നൽകേണ്ടത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
റമസാനിൽ വിലക്കയറ്റത്തിന് ‘ബ്രേക്ക്’! വിപണിയിൽ പിടിമുറുക്കി യുഎഇ; ഓരോ സാധനത്തിനും വിലവിവരപ്പട്ടിക നിർബന്ധം
റമസാൻ മാസത്തെ മുന്നോടിയായി വിപണിയിലെ വിലക്കയറ്റം തടയാൻ ശക്തമായ ഇടപെടലുമായി യുഎഇ സാമ്പത്തിക മന്ത്രാലയം രംഗത്ത്. കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്ന പ്രവണതകൾക്കും അനാവശ്യമായ വില വർധനയ്ക്കും കർശന നിയന്ത്രണങ്ങളാണ് പ്രഖ്യാപിച്ചത്. 1,000 ചതുരശ്ര മീറ്ററിലധികം വിസ്തീർണമുള്ള എല്ലാ റീട്ടെയിൽ കടകളിലും ഓരോ ഉൽപ്പന്നത്തിന്റെയും ആകെ വിലയ്ക്കൊപ്പം യൂണിറ്റ് വില (ഉദാഹരണത്തിന് കിലോയ്ക്ക് എത്ര) വ്യക്തമായി പ്രദർശിപ്പിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു. ഉപഭോക്താക്കൾക്ക് വ്യക്തമായ വില താരതമ്യം സാധ്യമാക്കുക എന്നതാണ് ലക്ഷ്യം. ഓൺലൈൻ വ്യാപാര സ്ഥാപനങ്ങൾക്കും ഈ നിർദേശം ബാധകമാണ്. അബ്ദുല്ല ബിൻ തൗഖ് അൽ മർറി യുഎഇ സാമ്പത്തിക-വിനോദസഞ്ചാര മന്ത്രിയും ഉപഭോക്തൃ സംരക്ഷണ സമിതി അധ്യക്ഷനും, രാജ്യത്തെ ഭക്ഷ്യശേഖരം സുരക്ഷിതമാണെന്നും ദീർഘകാല വിതരണത്തിൽ തടസ്സമുണ്ടാകില്ലെന്നും വ്യക്തമാക്കി. വിപണിയിലെ അവശ്യവസ്തുക്കളുടെ ലഭ്യതയും വിലസ്ഥിരതയും വിലയിരുത്താൻ അദ്ദേഹം എമിറേറ്റ്‌സ് കോ-ഓപറേറ്റീവ് സൊസൈറ്റി, സ്പിന്നീസ് തുടങ്ങിയ പ്രധാന ഔട്ട്‌ലെറ്റുകൾ സന്ദർശിച്ചു. 2022 ലെ കാബിനറ്റ് പ്രമേയം (നമ്പർ 120) പ്രകാരം, ഉൽപ്പന്നങ്ങളുടെ ആകെ വിലയ്ക്കൊപ്പം യൂണിറ്റ് വിലയും നിർബന്ധമായും പ്രദർശിപ്പിക്കണം. നിയമലംഘനം കണ്ടെത്തിയാൽ പൊതുജനങ്ങൾക്ക് പരാതി നൽകാം.
ഇതിനോടകം തന്നെ പാചകഎണ്ണ, മുട്ട, പാൽ ഉൽപ്പന്നങ്ങൾ, അരി, പഞ്ചസാര, ചിക്കൻ, ഗോതമ്പ് തുടങ്ങിയ അടിസ്ഥാന സാധനങ്ങൾക്ക് മുൻകൂർ അനുമതിയില്ലാതെ വില വർധിപ്പിക്കുന്നത് മന്ത്രാലയം നിരോധിച്ചിട്ടുണ്ട്. റമസാൻ പ്രത്യേക ഓഫറുകളും ഡിസ്കൗണ്ടുകളും യാഥാർഥ്യമാണോയെന്ന് ഉറപ്പാക്കാൻ വിപണിയിൽ നേരിട്ടുള്ള നിരീക്ഷണവും തുടരും. വിപണിയിൽ ന്യായമായ മത്സരം ഉറപ്പാക്കുകയും അനാവശ്യ വിലക്കയറ്റം തടയുകയും ചെയ്യുക എന്നതാണ് ഈ നടപടികളുടെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. റമസാൻ മാസപ്പിറവി നിരീക്ഷണത്തിനായി ചൊവ്വാഴ്ച കമ്മിറ്റി യോഗം ചേരാനിരിക്കെയാണ് മന്ത്രാലയത്തിന്റെ ഈ അടിയന്തര ഇടപെടൽ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Leave a Reply