റമസാൻ മാസത്തിൽ സമൂഹ നോമ്പുതുറയ്ക്കായി കൂടാരങ്ങൾ (ടെന്റുകൾ) സ്ഥാപിക്കുന്നവർക്ക് കർശന നിർദ്ദേശങ്ങളുമായി അബുദാബി മുനിസിപ്പാലിറ്റി. പൊതുസ്ഥലങ്ങളിലോ വില്ലകൾക്ക് മുന്നിലോ ടെന്റുകൾ ഉയർത്തുന്നതിന് മുൻപായി ഔദ്യോഗിക പെർമിറ്റ് എടുത്തിരിക്കണം. TAMM പ്ലാറ്റ്‌ഫോം വഴി യുഎഇ പാസ് ഉപയോഗിച്ച് സൗജന്യമായി ഈ പെർമിറ്റ് സ്വന്തമാക്കാം.
റമസാൻ മാസത്തേക്ക് മാത്രമായിരിക്കും ഈ അനുമതി ലഭിക്കുക. കാലാവധി കഴിഞ്ഞാലുടൻ ടെന്റുകൾ നീക്കം ചെയ്യണം. ഒരു വില്ലയ്ക്ക് അല്ലെങ്കിൽ പ്ലോട്ടിന് ഒരു ടെന്റ് മാത്രമേ അനുവദിക്കൂ. സ്വന്തം വില്ലയുടെ മുൻവശത്ത് നടപ്പാതയ്ക്കും പ്ലോട്ടിനും ഇടയിലുള്ള സ്ഥലത്ത് മാത്രമേ ഇത് സ്ഥാപിക്കാവൂ. പരമാവധി 60 ചതുരശ്ര മീറ്റർ വിസ്തീർണ്ണവും 4.5 മീറ്റർ ഉയരവും മാത്രമേ പാടുള്ളൂ. പൊതുജനങ്ങൾക്കോ വാഹനങ്ങൾക്കോ തടസ്സമുണ്ടാക്കുന്ന രീതിയിലോ കുഴികൾ എടുത്തോ ടെന്റുകൾ നിർമ്മിക്കാൻ പാടില്ല.
സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ടെന്റിനുള്ളിൽ പാചകം ചെയ്യുന്നതിനും ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നതിനും കർശന വിലക്കുണ്ട്. കൂടാരത്തിനുള്ളിൽ ഫയർ എക്സ്റ്റിംഗുഷറുകളും സ്മോക്ക് ഡിറ്റക്ടറുകളും നിർബന്ധമായും സ്ഥാപിച്ചിരിക്കണം. കൂടാതെ ടെന്റുകൾ കച്ചവടത്തിനോ വാടകയ്ക്ക് നൽകാനോ ഉപയോഗിക്കരുത്. നിയമങ്ങൾ ലംഘിക്കുകയോ അനുമതിയില്ലാതെ ടെന്റ് സ്ഥാപിക്കുകയോ ചെയ്താൽ 10,000 ദിർഹം വരെ പിഴ ഒടുക്കേണ്ടി വരും. പൊതുജന പരാതിയോ സുരക്ഷാ പ്രശ്നങ്ങളോ ഉണ്ടായാൽ പെർമിറ്റ് റദ്ദാക്കി ടെന്റ് ഉടൻ നീക്കം ചെയ്യാൻ അധികൃതർക്ക് അധികാരമുണ്ടായിരിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
റമസാനിൽ വിലക്കയറ്റത്തിന് ‘ബ്രേക്ക്’! വിപണിയിൽ പിടിമുറുക്കി യുഎഇ; ഓരോ സാധനത്തിനും വിലവിവരപ്പട്ടിക നിർബന്ധം
റമസാൻ മാസത്തെ മുന്നോടിയായി വിപണിയിലെ വിലക്കയറ്റം തടയാൻ ശക്തമായ ഇടപെടലുമായി യുഎഇ സാമ്പത്തിക മന്ത്രാലയം രംഗത്ത്. കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്ന പ്രവണതകൾക്കും അനാവശ്യമായ വില വർധനയ്ക്കും കർശന നിയന്ത്രണങ്ങളാണ് പ്രഖ്യാപിച്ചത്. 1,000 ചതുരശ്ര മീറ്ററിലധികം വിസ്തീർണമുള്ള എല്ലാ റീട്ടെയിൽ കടകളിലും ഓരോ ഉൽപ്പന്നത്തിന്റെയും ആകെ വിലയ്ക്കൊപ്പം യൂണിറ്റ് വില (ഉദാഹരണത്തിന് കിലോയ്ക്ക് എത്ര) വ്യക്തമായി പ്രദർശിപ്പിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു. ഉപഭോക്താക്കൾക്ക് വ്യക്തമായ വില താരതമ്യം സാധ്യമാക്കുക എന്നതാണ് ലക്ഷ്യം. ഓൺലൈൻ വ്യാപാര സ്ഥാപനങ്ങൾക്കും ഈ നിർദേശം ബാധകമാണ്. അബ്ദുല്ല ബിൻ തൗഖ് അൽ മർറി യുഎഇ സാമ്പത്തിക-വിനോദസഞ്ചാര മന്ത്രിയും ഉപഭോക്തൃ സംരക്ഷണ സമിതി അധ്യക്ഷനും, രാജ്യത്തെ ഭക്ഷ്യശേഖരം സുരക്ഷിതമാണെന്നും ദീർഘകാല വിതരണത്തിൽ തടസ്സമുണ്ടാകില്ലെന്നും വ്യക്തമാക്കി. വിപണിയിലെ അവശ്യവസ്തുക്കളുടെ ലഭ്യതയും വിലസ്ഥിരതയും വിലയിരുത്താൻ അദ്ദേഹം എമിറേറ്റ്‌സ് കോ-ഓപറേറ്റീവ് സൊസൈറ്റി, സ്പിന്നീസ് തുടങ്ങിയ പ്രധാന ഔട്ട്‌ലെറ്റുകൾ സന്ദർശിച്ചു. 2022 ലെ കാബിനറ്റ് പ്രമേയം (നമ്പർ 120) പ്രകാരം, ഉൽപ്പന്നങ്ങളുടെ ആകെ വിലയ്ക്കൊപ്പം യൂണിറ്റ് വിലയും നിർബന്ധമായും പ്രദർശിപ്പിക്കണം. നിയമലംഘനം കണ്ടെത്തിയാൽ പൊതുജനങ്ങൾക്ക് പരാതി നൽകാം.
ഇതിനോടകം തന്നെ പാചകഎണ്ണ, മുട്ട, പാൽ ഉൽപ്പന്നങ്ങൾ, അരി, പഞ്ചസാര, ചിക്കൻ, ഗോതമ്പ് തുടങ്ങിയ അടിസ്ഥാന സാധനങ്ങൾക്ക് മുൻകൂർ അനുമതിയില്ലാതെ വില വർധിപ്പിക്കുന്നത് മന്ത്രാലയം നിരോധിച്ചിട്ടുണ്ട്. റമസാൻ പ്രത്യേക ഓഫറുകളും ഡിസ്കൗണ്ടുകളും യാഥാർഥ്യമാണോയെന്ന് ഉറപ്പാക്കാൻ വിപണിയിൽ നേരിട്ടുള്ള നിരീക്ഷണവും തുടരും. വിപണിയിൽ ന്യായമായ മത്സരം ഉറപ്പാക്കുകയും അനാവശ്യ വിലക്കയറ്റം തടയുകയും ചെയ്യുക എന്നതാണ് ഈ നടപടികളുടെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. റമസാൻ മാസപ്പിറവി നിരീക്ഷണത്തിനായി ചൊവ്വാഴ്ച കമ്മിറ്റി യോഗം ചേരാനിരിക്കെയാണ് മന്ത്രാലയത്തിന്റെ ഈ അടിയന്തര ഇടപെടൽ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Leave a Reply