ഷാർജയിലെ അൽ ദൈദ് മേഖലയിലുള്ള ജബൽ ഒമർ പരിസരത്ത് നിർമ്മിച്ച ‘അൽ നസർ മസ്ജിദ്’ ഔദ്യോഗികമായി തുറന്നു നൽകി. ഷാർജ ഡെപ്യൂട്ടി റൂളർ ഷെയ്ഖ് സുൽത്താൻ ബിൻ അഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയാണ് ചൊവ്വാഴ്ച നടന്ന ചടങ്ങിൽ പള്ളി ഉദ്ഘാടനം ചെയ്തു. ആധുനിക വാസ്തുവിദ്യയും ആത്മീയ അന്തരീക്ഷവും ചേർന്നു നിൽക്കുന്ന ശില്പകലയാണ് പള്ളിയുടെ പ്രധാന സവിശേഷത. 20 മീറ്റർ വ്യാസമുള്ള ഗ്ലാസ് താഴികക്കുടം പള്ളിയുടെ മേൽക്കൂരയുടെ ഭൂരിഭാഗവും മറയ്ക്കുന്നു. തേനീച്ചക്കൂടിന്റെ മാതൃകയിലുള്ള ആയിരക്കണക്കിന് ഹെക്സഗണൽ കണ്ണാടികൾ ചേർത്ത് രൂപകൽപ്പന ചെയ്ത ഈ താഴികക്കുടത്തിലൂടെ അസ്തമയ സൂര്യന്റെ കിരണങ്ങൾ അകത്തേക്ക് പതിക്കുന്നത് വിസ്മയകരമായ കാഴ്ചയാണെന്ന് സന്ദർശകർ പറയുന്നു. പരമ്പരാഗത നേർരേഖകളിൽ നിന്നു വ്യത്യസ്തമായി, 38 മീറ്റർ ഉയരമുള്ള മിനാരം വളവുകളോടുകൂടിയ ആധുനിക രൂപത്തിലാണ്. ലളിതവും മനോഹരവുമായ ലൈറ്റിംഗ് സംവിധാനത്തോടെ സജ്ജീകരിച്ച മിംബറും പള്ളിയുടെ ആകർഷക ഘടകങ്ങളിലൊന്നാണ്.
ഒരേസമയം 1,325 പേർക്ക് പ്രാർത്ഥിക്കാനാകുന്ന രീതിയിലാണ് സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. പ്രധാന ഹാളിൽ 470 പേർക്ക് സൗകര്യമുള്ളപ്പോൾ, പുറത്തെ മുറ്റം ഉൾപ്പെടെ പുരുഷന്മാർക്കായി 1,180 പേർക്ക് പ്രാർത്ഥിക്കാം. സ്ത്രീകൾക്കായി 145 പേർക്ക് പ്രത്യേക ഹാൾ സജ്ജീകരിച്ചിട്ടുണ്ട്. വിശാലമായ പാർക്കിംഗ്, ഇമാമിന്റെ താമസ സൗകര്യം, ലൈബ്രറി, വായനശാല, മയ്യത്ത് പരിപാലന വിഭാഗം എന്നിവയും പള്ളിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചുറ്റുമുള്ള പൂന്തോട്ടവും ജലധാരയും സന്ധ്യസമയങ്ങളിൽ ശാന്തവും സമാധാനപരവുമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. അൽ ദൈദ് സ്വദേശികൾ ഉൾപ്പെടെ നിരവധി വിശ്വാസികൾ പള്ളിയുടെ ആന്തരിക ശാന്തതയും പ്രകാശ സംവിധാനവും പ്രത്യേകം പ്രശംസിച്ചു. പുറംകാഴ്ചയിൽ ആധുനികതയും അകത്ത് ആത്മീയതയും ഒരുമിക്കുന്ന അനുഭവമാണ് ഇവിടെ ലഭ്യമാകുന്നതെന്ന് ഭക്തർ പറയുന്നു. റമദാൻ കാലത്ത് ഇഫ്താർ വേളയിൽ അസ്തമയ കാഴ്ചകളോട് കൂടിയ പ്രാർത്ഥനാനുഭവത്തിനായി അനുയോജ്യമായ കേന്ദ്രമായി ‘അൽ നസർ മസ്ജിദ്’ മാറിയിരിക്കുകയാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
റമസാനിൽ വിലക്കയറ്റത്തിന് ‘ബ്രേക്ക്’! വിപണിയിൽ പിടിമുറുക്കി യുഎഇ; ഓരോ സാധനത്തിനും വിലവിവരപ്പട്ടിക നിർബന്ധം
റമസാൻ മാസത്തെ മുന്നോടിയായി വിപണിയിലെ വിലക്കയറ്റം തടയാൻ ശക്തമായ ഇടപെടലുമായി യുഎഇ സാമ്പത്തിക മന്ത്രാലയം രംഗത്ത്. കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്ന പ്രവണതകൾക്കും അനാവശ്യമായ വില വർധനയ്ക്കും കർശന നിയന്ത്രണങ്ങളാണ് പ്രഖ്യാപിച്ചത്. 1,000 ചതുരശ്ര മീറ്ററിലധികം വിസ്തീർണമുള്ള എല്ലാ റീട്ടെയിൽ കടകളിലും ഓരോ ഉൽപ്പന്നത്തിന്റെയും ആകെ വിലയ്ക്കൊപ്പം യൂണിറ്റ് വില (ഉദാഹരണത്തിന് കിലോയ്ക്ക് എത്ര) വ്യക്തമായി പ്രദർശിപ്പിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു. ഉപഭോക്താക്കൾക്ക് വ്യക്തമായ വില താരതമ്യം സാധ്യമാക്കുക എന്നതാണ് ലക്ഷ്യം. ഓൺലൈൻ വ്യാപാര സ്ഥാപനങ്ങൾക്കും ഈ നിർദേശം ബാധകമാണ്. അബ്ദുല്ല ബിൻ തൗഖ് അൽ മർറി യുഎഇ സാമ്പത്തിക-വിനോദസഞ്ചാര മന്ത്രിയും ഉപഭോക്തൃ സംരക്ഷണ സമിതി അധ്യക്ഷനും, രാജ്യത്തെ ഭക്ഷ്യശേഖരം സുരക്ഷിതമാണെന്നും ദീർഘകാല വിതരണത്തിൽ തടസ്സമുണ്ടാകില്ലെന്നും വ്യക്തമാക്കി. വിപണിയിലെ അവശ്യവസ്തുക്കളുടെ ലഭ്യതയും വിലസ്ഥിരതയും വിലയിരുത്താൻ അദ്ദേഹം എമിറേറ്റ്‌സ് കോ-ഓപറേറ്റീവ് സൊസൈറ്റി, സ്പിന്നീസ് തുടങ്ങിയ പ്രധാന ഔട്ട്‌ലെറ്റുകൾ സന്ദർശിച്ചു. 2022 ലെ കാബിനറ്റ് പ്രമേയം (നമ്പർ 120) പ്രകാരം, ഉൽപ്പന്നങ്ങളുടെ ആകെ വിലയ്ക്കൊപ്പം യൂണിറ്റ് വിലയും നിർബന്ധമായും പ്രദർശിപ്പിക്കണം. നിയമലംഘനം കണ്ടെത്തിയാൽ പൊതുജനങ്ങൾക്ക് പരാതി നൽകാം.
ഇതിനോടകം തന്നെ പാചകഎണ്ണ, മുട്ട, പാൽ ഉൽപ്പന്നങ്ങൾ, അരി, പഞ്ചസാര, ചിക്കൻ, ഗോതമ്പ് തുടങ്ങിയ അടിസ്ഥാന സാധനങ്ങൾക്ക് മുൻകൂർ അനുമതിയില്ലാതെ വില വർധിപ്പിക്കുന്നത് മന്ത്രാലയം നിരോധിച്ചിട്ടുണ്ട്. റമസാൻ പ്രത്യേക ഓഫറുകളും ഡിസ്കൗണ്ടുകളും യാഥാർഥ്യമാണോയെന്ന് ഉറപ്പാക്കാൻ വിപണിയിൽ നേരിട്ടുള്ള നിരീക്ഷണവും തുടരും. വിപണിയിൽ ന്യായമായ മത്സരം ഉറപ്പാക്കുകയും അനാവശ്യ വിലക്കയറ്റം തടയുകയും ചെയ്യുക എന്നതാണ് ഈ നടപടികളുടെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. റമസാൻ മാസപ്പിറവി നിരീക്ഷണത്തിനായി ചൊവ്വാഴ്ച കമ്മിറ്റി യോഗം ചേരാനിരിക്കെയാണ് മന്ത്രാലയത്തിന്റെ ഈ അടിയന്തര ഇടപെടൽ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Leave a Reply