റമദാൻ എത്തി; യുഎഇയിലെ സൂപ്പർമാർക്കറ്റുകളിൽ ജനസാഗരം! മണിക്കൂറുകൾ നീണ്ട ക്യൂ, ട്രാഫിക് കുരുക്ക്; അവസാന നിമിഷം സാധനങ്ങൾ വാങ്ങാൻ തിരക്ക്

കുവൈറ്റ് സിറ്റി: മാസപ്പിറവി ദൃശ്യമായതോടെ യുഎഇയിലെങ്ങും വിശ്വാസികൾ റമദാൻ വ്രതത്തിലേക്ക് കടന്നു. ഇതിനു പിന്നാലെ രാജ്യത്തെ സൂപ്പർമാർക്കറ്റുകളിലും ഗ്രോസറി ഷോപ്പുകളിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ബുധനാഴ്ച തന്നെ നോമ്പ് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കാത്ത പലരും അവസാന നിമിഷം സാധനങ്ങൾ വാങ്ങാൻ തിരക്ക് കൂട്ടിയതോടെ പലയിടങ്ങളിലും മണിക്കൂറുകൾ നീണ്ട ക്യൂ ദൃശ്യമായി. ദുബായ്, ഷാർജ തുടങ്ങിയ ഇടങ്ങളിലെ ഷോപ്പിംഗ് സെന്ററുകൾക്ക് മുന്നിൽ വാഹനങ്ങളുടെ നീണ്ട നിര കാരണം ഗതാഗതം മന്ദഗതിയിലായി.

രാത്രി ഒൻപത് മണിയോടെ ആരംഭിച്ച തിരക്ക് പത്ത് മണിയായപ്പോഴേക്കും നിയന്ത്രിക്കാനാവാത്ത വിധം വർദ്ധിച്ചു. ആദ്യത്തെ ഇഫ്താറിനും അത്താഴത്തിനുമുള്ള വിഭവങ്ങൾ ഒരുക്കാൻ കുടുംബസമേതമാണ് പലരും എത്തിയത്. അരി, എണ്ണ, പാൽ, മുട്ട, പഴങ്ങൾ, ഈന്തപ്പഴം തുടങ്ങിയ അവശ്യ സാധനങ്ങൾ വാങ്ങാനായിരുന്നു കൂടുതൽ പേരും മുൻഗണന നൽകിയത്. പെട്ടെന്നുണ്ടായ പ്രഖ്യാപനം കാരണം കൃത്യമായ പ്ലാനിംഗ് ഇല്ലാതെയാണ് പലരും എത്തിയതെങ്കിലും റമദാനിലെ പ്രധാന വിഭവങ്ങൾക്കായുള്ള സാധനങ്ങളെല്ലാം ട്രോളികളിൽ നിറഞ്ഞു.

ഷാർജയിലെയും ദുബായിലെയും പ്രധാന സൂപ്പർമാർക്കറ്റുകളിൽ ബില്ലിംഗ് കൗണ്ടറുകൾക്ക് മുന്നിൽ ഒരു മണിക്കൂറോളം കാത്തുനിൽക്കേണ്ടി വന്നതായാണ് ഉപഭോക്താക്കൾ പറയുന്നത്. തിരക്ക് സഹിക്കാനാവാതെ ചിലർ സാധനങ്ങൾ നിറച്ച ട്രോളികൾ പാതിവഴിയിൽ ഉപേക്ഷിച്ചു മടങ്ങുന്ന കാഴ്ചയും ഉണ്ടായിരുന്നു. സെൽഫ് ചെക്ക്ഔട്ട് കൗണ്ടറുകളിലും സമാനമായ തിരക്കാണ് അനുഭവപ്പെട്ടത്. ഭക്ഷണസാധനങ്ങൾ കൂടാതെ നിസ്കാര പായകൾ, വസ്ത്രങ്ങൾ എന്നിവ വാങ്ങാനും ആളുകൾ ഏറെയുണ്ടായിരുന്നു.

ബേക്കറി വിഭാഗങ്ങളിൽ സാധനങ്ങൾ തീരുന്ന മുറയ്ക്ക് ജീവനക്കാർ പുതിയ സ്റ്റോക്കുകൾ എത്തിച്ചുകൊണ്ടിരുന്നു. റമദാൻ ദിനചര്യയിലേക്ക് മാറുന്നതോടെ വരും ദിവസങ്ങളിൽ തിരക്ക് കുറയുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.

റമസാൻ ആഘോഷം പൊളിക്കും! ഒരു ടിക്കറ്റിൽ നാല് പേർക്ക് പ്രവേശനം – കുടുംബങ്ങൾക്ക് ഗ്ലോബൽ വില്ലേജിന്റെ സൂപ്പർ ഓഫർ!

റമസാൻ മാസത്തോടനുബന്ധിച്ച് കുടുംബങ്ങൾക്ക് പ്രത്യേക ഇളവുമായി ദുബായിലെ ഗ്ലോബൽ വില്ലേജ്. ഒരാൾക്കുള്ള 30 ദിർഹം ടിക്കറ്റ് നിരക്കിൽ നാല് പേർക്ക് പ്രവേശനം അനുവദിക്കുന്ന പ്രത്യേക ഓഫർ പ്രഖ്യാപിച്ചു. നാല് പേരിൽ കൂടുതലുള്ള സംഘങ്ങൾക്ക് ഓരോ അധിക വ്യക്തിക്കും 7.50 ദിർഹം മാത്രം നൽകാൽ മതി. പരിമിതകാലത്തേക്ക് മാത്രമുള്ള ഈ ഓഫർ ഗ്ലോബൽ വില്ലേജിലെ ടിക്കറ്റ് കൗണ്ടറുകളിൽ നിന്ന് നേരിട്ട് വാങ്ങുന്നവർക്ക് മാത്രമാണ് ലഭിക്കുക. മൊബൈൽ ആപ്പിലൂടെയോ വെബ്സൈറ്റ് വഴിയോ ഈ ഇളവുള്ള ടിക്കറ്റുകൾ ലഭ്യമല്ലെന്ന് അധികൃതർ അറിയിച്ചു.

യുഎഇയിലെ ‘കുടുംബ വർഷാചരണം’ ഭാഗമായി റമസാൻ മാസത്തിൽ കുടുംബങ്ങൾ ഒരുമിച്ച് ഇഫ്താറിനും സുഹൂറിനും പങ്കെടുക്കാൻ അവസരം ഒരുക്കുന്നതിനായാണ് പദ്ധതി നടപ്പാക്കുന്നത്. വലിയ കുടുംബങ്ങൾക്കും സുഹൃത്ത് കൂട്ടായ്മകൾക്കും ഒരുമിച്ച് സമയം ചെലവഴിക്കാനായുള്ള മികച്ച അവസരമാണിതെന്ന് അധികൃതർ വ്യക്തമാക്കി.

വൈവിധ്യമാർന്ന റമസാൻ വിഭവങ്ങൾ

ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ റമസാൻ സ്പെഷ്യൽ വിഭവങ്ങൾ ഒരേ വേദിയിൽ ആസ്വദിക്കാം. ഇഫ്താറിനും അത്താഴത്തിനുമായി നിരവധി ഭക്ഷണ സ്റ്റാളുകളും പ്രത്യേക മെനുകളും ഒരുക്കിയിട്ടുണ്ട്.

സന്ദർശകരുടെ റെക്കോർഡ്

1997ൽ ആരംഭിച്ച ഗ്ലോബൽ വില്ലേജ് ഇതുവരെ 10 കോടിയിലധികം സന്ദർശകരെ സ്വീകരിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ മാത്രം 1.05 കോടി ആളുകളാണ് എത്തിയത്.

പവിലിയനുകളും വിനോദങ്ങളും

ഇത്തവണ 90ലേറെ സംസ്കാരങ്ങളെ പ്രതിനിധീകരിക്കുന്ന 30 പവിലിയനുകളാണ് ഒരുക്കിയിരിക്കുന്നത്. 3,500ലധികം ഷോപ്പിംഗ് ഔട്ട്ലറ്റുകളും 250ലധികം ഭക്ഷണശാലകളും പ്രവർത്തിക്കുന്നു. 450 രാജ്യാന്തര കലാകാരന്മാർ അവതരിപ്പിക്കുന്ന 40,500ഓളം കലാപ്രകടനങ്ങൾ സന്ദർശകർക്ക് ദൃശ്യവിരുന്നാകും. കുട്ടികൾക്കും മുതിർന്നവർക്കുമായി 200ലേറെ റൈഡുകളും സജ്ജമാണ്. വാരാന്ത്യങ്ങളിൽ രാത്രി 9 മണിക്ക് റമസാൻ സ്പെഷ്യൽ വെടിക്കെട്ടും ഉണ്ടായിരിക്കും.

റമസാൻ സമയക്രമം

ഞായർ മുതൽ ബുധൻ വരെ വൈകിട്ട് 5 മുതൽ പുലർച്ചെ 1 വരെ, വ്യാഴം മുതൽ ശനി വരെ വൈകിട്ട് 5 മുതൽ പുലർച്ചെ 2 വരെ ഗ്ലോബൽ വില്ലേജ് പ്രവർത്തിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

റമസാനിൽ വിലക്കയറ്റത്തിന് ‘ബ്രേക്ക്’! വിപണിയിൽ പിടിമുറുക്കി യുഎഇ; ഓരോ സാധനത്തിനും വിലവിവരപ്പട്ടിക നിർബന്ധം

റമസാൻ മാസത്തെ മുന്നോടിയായി വിപണിയിലെ വിലക്കയറ്റം തടയാൻ ശക്തമായ ഇടപെടലുമായി യുഎഇ സാമ്പത്തിക മന്ത്രാലയം രംഗത്ത്. കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്ന പ്രവണതകൾക്കും അനാവശ്യമായ വില വർധനയ്ക്കും കർശന നിയന്ത്രണങ്ങളാണ് പ്രഖ്യാപിച്ചത്. 1,000 ചതുരശ്ര മീറ്ററിലധികം വിസ്തീർണമുള്ള എല്ലാ റീട്ടെയിൽ കടകളിലും ഓരോ ഉൽപ്പന്നത്തിന്റെയും ആകെ വിലയ്ക്കൊപ്പം യൂണിറ്റ് വില (ഉദാഹരണത്തിന് കിലോയ്ക്ക് എത്ര) വ്യക്തമായി പ്രദർശിപ്പിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു. ഉപഭോക്താക്കൾക്ക് വ്യക്തമായ വില താരതമ്യം സാധ്യമാക്കുക എന്നതാണ് ലക്ഷ്യം. ഓൺലൈൻ വ്യാപാര സ്ഥാപനങ്ങൾക്കും ഈ നിർദേശം ബാധകമാണ്. അബ്ദുല്ല ബിൻ തൗഖ് അൽ മർറി യുഎഇ സാമ്പത്തിക-വിനോദസഞ്ചാര മന്ത്രിയും ഉപഭോക്തൃ സംരക്ഷണ സമിതി അധ്യക്ഷനും, രാജ്യത്തെ ഭക്ഷ്യശേഖരം സുരക്ഷിതമാണെന്നും ദീർഘകാല വിതരണത്തിൽ തടസ്സമുണ്ടാകില്ലെന്നും വ്യക്തമാക്കി. വിപണിയിലെ അവശ്യവസ്തുക്കളുടെ ലഭ്യതയും വിലസ്ഥിരതയും വിലയിരുത്താൻ അദ്ദേഹം എമിറേറ്റ്‌സ് കോ-ഓപറേറ്റീവ് സൊസൈറ്റി, സ്പിന്നീസ് തുടങ്ങിയ പ്രധാന ഔട്ട്‌ലെറ്റുകൾ സന്ദർശിച്ചു. 2022 ലെ കാബിനറ്റ് പ്രമേയം (നമ്പർ 120) പ്രകാരം, ഉൽപ്പന്നങ്ങളുടെ ആകെ വിലയ്ക്കൊപ്പം യൂണിറ്റ് വിലയും നിർബന്ധമായും പ്രദർശിപ്പിക്കണം. നിയമലംഘനം കണ്ടെത്തിയാൽ പൊതുജനങ്ങൾക്ക് പരാതി നൽകാം.

ഇതിനോടകം തന്നെ പാചകഎണ്ണ, മുട്ട, പാൽ ഉൽപ്പന്നങ്ങൾ, അരി, പഞ്ചസാര, ചിക്കൻ, ഗോതമ്പ് തുടങ്ങിയ അടിസ്ഥാന സാധനങ്ങൾക്ക് മുൻകൂർ അനുമതിയില്ലാതെ വില വർധിപ്പിക്കുന്നത് മന്ത്രാലയം നിരോധിച്ചിട്ടുണ്ട്. റമസാൻ പ്രത്യേക ഓഫറുകളും ഡിസ്കൗണ്ടുകളും യാഥാർഥ്യമാണോയെന്ന് ഉറപ്പാക്കാൻ വിപണിയിൽ നേരിട്ടുള്ള നിരീക്ഷണവും തുടരും. വിപണിയിൽ ന്യായമായ മത്സരം ഉറപ്പാക്കുകയും അനാവശ്യ വിലക്കയറ്റം തടയുകയും ചെയ്യുക എന്നതാണ് ഈ നടപടികളുടെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. റമസാൻ മാസപ്പിറവി നിരീക്ഷണത്തിനായി ചൊവ്വാഴ്ച കമ്മിറ്റി യോഗം ചേരാനിരിക്കെയാണ് മന്ത്രാലയത്തിന്റെ ഈ അടിയന്തര ഇടപെടൽ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Comments

Leave a Reply

Your email address will not be published. Required fields are marked *