സമൂഹമാധ്യമങ്ങളിലെ മൈഗ്രേഷൻ പരസ്യങ്ങളിൽ വിശ്വസിച്ച് ലക്ഷങ്ങൾ കൈമാറിയ മലയാളികൾ വീണ്ടും തട്ടിപ്പിന് ഇരയായി. വിദേശ ജോലിയുടെ സ്വപ്നം കണ്ട് പണം നിക്ഷേപിച്ച നൂറുകണക്കിന് പേരിൽ നിന്നായി ഏകദേശം ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്ത സംഘത്തിന്റെ പ്രവർത്തനങ്ങളാണ് പുറത്തുവരുന്നത്. മെച്ചപ്പെട്ട ജീവിതവും കുടുംബത്തിന്റെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് മോചനവും ലക്ഷ്യമാക്കി കടൽ കടക്കാൻ ശ്രമിച്ചവരാണ് ചതിക്കുഴിയിൽ വീണത്.
‘ബിസിനസ് ബേ’യിൽ ഓഫീസ്, സോഷ്യൽ മീഡിയയിൽ വാഗ്ദാനങ്ങൾ
ദുബായിലെ ബിസിനസ് ബേ’യിൽ ‘ഗ്ലോബൽ എക്സ്പെർട്ട് മൈഗ്രേഷൻ’ എന്ന പേരിൽ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ സ്ഥാപനം ലൈസൻസ് എടുത്ത് പ്രവർത്തനം ആരംഭിച്ചതായാണ് ആരോപണം. എന്നാൽ റിക്രൂട്ട്മെന്റ് ലൈസൻസ് ഇല്ലാതെയായിരുന്നു ജോലി വാഗ്ദാനങ്ങൾ. ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്ക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, അയർലൻഡ്, ലക്സംബർഗ് എന്നിവിടങ്ങളിലേക്ക് ജോലിക്ക് അവസരം വാഗ്ദാനം ചെയ്ത് പരസ്യങ്ങൾ പ്രചരിപ്പിച്ചു.
നഴ്സുമാരാണ് പ്രധാന ഇരകളായി മാറിയത്. ചിലരിൽ നിന്ന് അഞ്ചു ലക്ഷം രൂപ വരെയും മറ്റുള്ളവരിൽ നിന്ന് നാല് ലക്ഷം രൂപ വരെയും മുൻകൂർ തുകയായി കൈപ്പറ്റിയതായി പരാതിയുണ്ട്. കരാറിൽ ‘വീസ’ എന്ന വാക്ക് പരാമർശിക്കാതിരുന്നതും സംശയം ഉയർന്നപ്പോൾ “എട്ടുമാസത്തിനകം യൂറോപ്പിൽ എത്തും” എന്ന ഉറപ്പ് നൽകിയതുമാണ് ഇവരുടെ തന്ത്രമെന്ന് ഇരകൾ പറയുന്നു.
വ്യാജപ്പേരുകളും സംഘബന്ധങ്ങളും
വിശ്വാസ്യത ഉറപ്പാക്കാൻ മലയാളികളെ ജീവനക്കാരായി ഉപയോഗിച്ചതായും വ്യാജപ്പേരുകളിൽ ആശയവിനിമയം നടത്തിയതായും വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. വിവിധ ജില്ലകളിൽ നിന്നുള്ള ചിലർ വ്യത്യസ്ത പേരുകളിൽ ഇടപെട്ടതായി അന്വേഷണത്തിൽ വ്യക്തമാകുന്നു.
ആഡംബര ജീവിതം; നാട്ടിൽ വീടും വിവാഹവും
ഇരകളുടെ പണത്തിൽ പയ്യന്നൂരിൽ ആഡംബര വീട് നിർമിച്ചുവെന്ന ആരോപണവും ഉയരുന്നു. കുടുംബാഘോഷങ്ങൾ ഉൾപ്പെടെ വലിയ ചെലവുകൾ ഇതേ പണത്തിലൂടെയാണെന്നാണ് ആരോപണം. ഇരകൾ പരാതി നൽകിയപ്പോൾ പ്രതികൂല സമീപനം നേരിട്ടുവെന്ന പരാതിയും ഉണ്ട്.
എംബസി സ്ഥിരീകരണം: ലൈസൻസ് ഇല്ല
സംശയം തോന്നിയതിനെ തുടർന്ന് യുഎഇയിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരെ സമീപിച്ചപ്പോൾ സ്ഥാപനത്തിന് റിക്രൂട്ട്മെന്റ് ലൈസൻസ് ഇല്ലെന്നും ജോലി വാഗ്ദാനങ്ങൾ വ്യാജമാണെന്നും സ്ഥിരീകരിച്ചതായാണ് വിവരം. വ്യാജനാമങ്ങൾ ഉപയോഗിച്ച് നിരവധി പേരെ ചതിച്ചതായും പരാതിയിൽ പറയുന്നു.
നീതി തേടി ഇരകൾ
മുഖ്യമന്ത്രിക്കും ഡിജിപിക്കുമടക്കം പരാതി നൽകിയ ശേഷമാണ് വിവിധ പൊലീസ് സ്റ്റേഷനുകളിൽ കേസുകൾ രജിസ്റ്റർ ചെയ്തത്. അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികൾ ഒളിവിലാണെന്നുമാണ് സൂചന. തട്ടിപ്പിനിരയായവർ കൂട്ടായ്മയായി നീതി തേടുകയാണ്.
വിദേശ ജോലി തേടുന്നവർക്ക് മുന്നറിയിപ്പ്
അംഗീകൃത റിക്രൂട്ട്മെന്റ് ഏജൻസികളിലൂടെ മാത്രമേ വിദേശ ജോലിക്ക് അപേക്ഷിക്കാവൂ. സോഷ്യൽ മീഡിയ പരസ്യങ്ങൾ മാത്രം വിശ്വസിച്ച് പണം കൈമാറുന്നത് അപകടകരമാണ്. നോർക്കയോ ബന്ധപ്പെട്ട എംബസികളോ വഴി വിവരങ്ങൾ ഉറപ്പാക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
റമസാൻ ആഘോഷം പൊളിക്കും! ഒരു ടിക്കറ്റിൽ നാല് പേർക്ക് പ്രവേശനം – കുടുംബങ്ങൾക്ക് ഗ്ലോബൽ വില്ലേജിന്റെ സൂപ്പർ ഓഫർ!
റമസാൻ മാസത്തോടനുബന്ധിച്ച് കുടുംബങ്ങൾക്ക് പ്രത്യേക ഇളവുമായി ദുബായിലെ ഗ്ലോബൽ വില്ലേജ്. ഒരാൾക്കുള്ള 30 ദിർഹം ടിക്കറ്റ് നിരക്കിൽ നാല് പേർക്ക് പ്രവേശനം അനുവദിക്കുന്ന പ്രത്യേക ഓഫർ പ്രഖ്യാപിച്ചു. നാല് പേരിൽ കൂടുതലുള്ള സംഘങ്ങൾക്ക് ഓരോ അധിക വ്യക്തിക്കും 7.50 ദിർഹം മാത്രം നൽകാൽ മതി. പരിമിതകാലത്തേക്ക് മാത്രമുള്ള ഈ ഓഫർ ഗ്ലോബൽ വില്ലേജിലെ ടിക്കറ്റ് കൗണ്ടറുകളിൽ നിന്ന് നേരിട്ട് വാങ്ങുന്നവർക്ക് മാത്രമാണ് ലഭിക്കുക. മൊബൈൽ ആപ്പിലൂടെയോ വെബ്സൈറ്റ് വഴിയോ ഈ ഇളവുള്ള ടിക്കറ്റുകൾ ലഭ്യമല്ലെന്ന് അധികൃതർ അറിയിച്ചു.
യുഎഇയിലെ ‘കുടുംബ വർഷാചരണം’ ഭാഗമായി റമസാൻ മാസത്തിൽ കുടുംബങ്ങൾ ഒരുമിച്ച് ഇഫ്താറിനും സുഹൂറിനും പങ്കെടുക്കാൻ അവസരം ഒരുക്കുന്നതിനായാണ് പദ്ധതി നടപ്പാക്കുന്നത്. വലിയ കുടുംബങ്ങൾക്കും സുഹൃത്ത് കൂട്ടായ്മകൾക്കും ഒരുമിച്ച് സമയം ചെലവഴിക്കാനായുള്ള മികച്ച അവസരമാണിതെന്ന് അധികൃതർ വ്യക്തമാക്കി.
വൈവിധ്യമാർന്ന റമസാൻ വിഭവങ്ങൾ
ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ റമസാൻ സ്പെഷ്യൽ വിഭവങ്ങൾ ഒരേ വേദിയിൽ ആസ്വദിക്കാം. ഇഫ്താറിനും അത്താഴത്തിനുമായി നിരവധി ഭക്ഷണ സ്റ്റാളുകളും പ്രത്യേക മെനുകളും ഒരുക്കിയിട്ടുണ്ട്.
സന്ദർശകരുടെ റെക്കോർഡ്
1997ൽ ആരംഭിച്ച ഗ്ലോബൽ വില്ലേജ് ഇതുവരെ 10 കോടിയിലധികം സന്ദർശകരെ സ്വീകരിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ മാത്രം 1.05 കോടി ആളുകളാണ് എത്തിയത്.
പവിലിയനുകളും വിനോദങ്ങളും
ഇത്തവണ 90ലേറെ സംസ്കാരങ്ങളെ പ്രതിനിധീകരിക്കുന്ന 30 പവിലിയനുകളാണ് ഒരുക്കിയിരിക്കുന്നത്. 3,500ലധികം ഷോപ്പിംഗ് ഔട്ട്ലറ്റുകളും 250ലധികം ഭക്ഷണശാലകളും പ്രവർത്തിക്കുന്നു. 450 രാജ്യാന്തര കലാകാരന്മാർ അവതരിപ്പിക്കുന്ന 40,500ഓളം കലാപ്രകടനങ്ങൾ സന്ദർശകർക്ക് ദൃശ്യവിരുന്നാകും. കുട്ടികൾക്കും മുതിർന്നവർക്കുമായി 200ലേറെ റൈഡുകളും സജ്ജമാണ്. വാരാന്ത്യങ്ങളിൽ രാത്രി 9 മണിക്ക് റമസാൻ സ്പെഷ്യൽ വെടിക്കെട്ടും ഉണ്ടായിരിക്കും.
റമസാൻ സമയക്രമം
ഞായർ മുതൽ ബുധൻ വരെ വൈകിട്ട് 5 മുതൽ പുലർച്ചെ 1 വരെ, വ്യാഴം മുതൽ ശനി വരെ വൈകിട്ട് 5 മുതൽ പുലർച്ചെ 2 വരെ ഗ്ലോബൽ വില്ലേജ് പ്രവർത്തിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
റമസാനിൽ വിലക്കയറ്റത്തിന് ‘ബ്രേക്ക്’! വിപണിയിൽ പിടിമുറുക്കി യുഎഇ; ഓരോ സാധനത്തിനും വിലവിവരപ്പട്ടിക നിർബന്ധം
റമസാൻ മാസത്തെ മുന്നോടിയായി വിപണിയിലെ വിലക്കയറ്റം തടയാൻ ശക്തമായ ഇടപെടലുമായി യുഎഇ സാമ്പത്തിക മന്ത്രാലയം രംഗത്ത്. കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്ന പ്രവണതകൾക്കും അനാവശ്യമായ വില വർധനയ്ക്കും കർശന നിയന്ത്രണങ്ങളാണ് പ്രഖ്യാപിച്ചത്. 1,000 ചതുരശ്ര മീറ്ററിലധികം വിസ്തീർണമുള്ള എല്ലാ റീട്ടെയിൽ കടകളിലും ഓരോ ഉൽപ്പന്നത്തിന്റെയും ആകെ വിലയ്ക്കൊപ്പം യൂണിറ്റ് വില (ഉദാഹരണത്തിന് കിലോയ്ക്ക് എത്ര) വ്യക്തമായി പ്രദർശിപ്പിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു. ഉപഭോക്താക്കൾക്ക് വ്യക്തമായ വില താരതമ്യം സാധ്യമാക്കുക എന്നതാണ് ലക്ഷ്യം. ഓൺലൈൻ വ്യാപാര സ്ഥാപനങ്ങൾക്കും ഈ നിർദേശം ബാധകമാണ്. അബ്ദുല്ല ബിൻ തൗഖ് അൽ മർറി യുഎഇ സാമ്പത്തിക-വിനോദസഞ്ചാര മന്ത്രിയും ഉപഭോക്തൃ സംരക്ഷണ സമിതി അധ്യക്ഷനും, രാജ്യത്തെ ഭക്ഷ്യശേഖരം സുരക്ഷിതമാണെന്നും ദീർഘകാല വിതരണത്തിൽ തടസ്സമുണ്ടാകില്ലെന്നും വ്യക്തമാക്കി. വിപണിയിലെ അവശ്യവസ്തുക്കളുടെ ലഭ്യതയും വിലസ്ഥിരതയും വിലയിരുത്താൻ അദ്ദേഹം എമിറേറ്റ്‌സ് കോ-ഓപറേറ്റീവ് സൊസൈറ്റി, സ്പിന്നീസ് തുടങ്ങിയ പ്രധാന ഔട്ട്‌ലെറ്റുകൾ സന്ദർശിച്ചു. 2022 ലെ കാബിനറ്റ് പ്രമേയം (നമ്പർ 120) പ്രകാരം, ഉൽപ്പന്നങ്ങളുടെ ആകെ വിലയ്ക്കൊപ്പം യൂണിറ്റ് വിലയും നിർബന്ധമായും പ്രദർശിപ്പിക്കണം. നിയമലംഘനം കണ്ടെത്തിയാൽ പൊതുജനങ്ങൾക്ക് പരാതി നൽകാം.
ഇതിനോടകം തന്നെ പാചകഎണ്ണ, മുട്ട, പാൽ ഉൽപ്പന്നങ്ങൾ, അരി, പഞ്ചസാര, ചിക്കൻ, ഗോതമ്പ് തുടങ്ങിയ അടിസ്ഥാന സാധനങ്ങൾക്ക് മുൻകൂർ അനുമതിയില്ലാതെ വില വർധിപ്പിക്കുന്നത് മന്ത്രാലയം നിരോധിച്ചിട്ടുണ്ട്. റമസാൻ പ്രത്യേക ഓഫറുകളും ഡിസ്കൗണ്ടുകളും യാഥാർഥ്യമാണോയെന്ന് ഉറപ്പാക്കാൻ വിപണിയിൽ നേരിട്ടുള്ള നിരീക്ഷണവും തുടരും. വിപണിയിൽ ന്യായമായ മത്സരം ഉറപ്പാക്കുകയും അനാവശ്യ വിലക്കയറ്റം തടയുകയും ചെയ്യുക എന്നതാണ് ഈ നടപടികളുടെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. റമസാൻ മാസപ്പിറവി നിരീക്ഷണത്തിനായി ചൊവ്വാഴ്ച കമ്മിറ്റി യോഗം ചേരാനിരിക്കെയാണ് മന്ത്രാലയത്തിന്റെ ഈ അടിയന്തര ഇടപെടൽ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Leave a Reply