യുഎഇ ആരോഗ്യരംഗത്ത് മലയാളി തിളക്കം! മികച്ച ഫിസിയോ തെറാപ്പിസ്റ്റായി ഈ മലപ്പുറത്തുകാരൻ

ദുബായ്: യുഎഇയുടെ ആരോഗ്യമേഖലയിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ച് മലപ്പുറം താനൂർ സ്വദേശിയായ സൈനുൽ ആബിദ്. യുഎഇ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള എമിറേറ്റ്‌സ് ഹെൽത്ത് സർവീസസിന്റെ (EHS) മികച്ച ഫിസിയോ തെറാപ്പിസ്റ്റായാണ് ആബിദ് തിരഞ്ഞെടുക്കപ്പെട്ടത്. ഓരോ വർഷവും ജീവനക്കാരുടെ മികച്ച പ്രകടനത്തെ ആദരിക്കുന്നതിന്റെ ഭാഗമായി നൽകുന്ന 2025-ലെ പുരസ്കാരമാണ് ഈ മലയാളി പ്രതിഭയെ തേടിയെത്തിയത്. ഇഎച്ച്എസ് ഹെൽത്ത് സപ്പോർട്ട് സർവീസസ് വിഭാഗം ഡയറക്ടർ ലത്തീഫ റാഷിദിൽ നിന്നും അദ്ദേഹം പുരസ്കാരം ഏറ്റുവാങ്ങി.

ദീർഘകാലത്തെ പ്രവൃത്തിപരിചയവും കായികരംഗത്തെ മികച്ച സേവനവുമാണ് ആബിദിനെ ഈ അംഗീകാരത്തിന് അർഹനാക്കിയത്. വെറും ചികിത്സ എന്നതിലുപരി രോഗികളുടെ ശാരീരികവും മാനസികവുമായ ആത്മവിശ്വാസം വീണ്ടെടുക്കുന്നതിലാണ് ഫിസിയോ തെറാപ്പി ശ്രദ്ധിക്കേണ്ടതെന്ന് ആബിദ് വിശ്വസിക്കുന്നു. അന്താരാഷ്ട്ര കായിക വേദികളിലും ആബിദിന്റെ സാന്നിധ്യം ശ്രദ്ധേയമാണ്. ബാഡ്മിന്റൺ വേൾഡ് ഫെഡറേഷന്റെ യുഎഇ പ്രതിനിധിയായി സേവനമനുഷ്ഠിച്ച വേളയിൽ ഇന്ത്യയുടെ ലോകോത്തര താരം പി.വി. സിന്ധു, സൈന നെഹ്‌വാൾ എന്നിവർക്ക് ഫിസിയോ സേവനങ്ങൾ നൽകാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. കൂടാതെ, 2008-ൽ ഓസ്ട്രിയയിൽ നടന്ന പാരാലിംപിക്സിൽ യുഎഇ ടീമിനൊപ്പവും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

കോഴിക്കോട് എഡബ്ല്യുഎച്ച് കോളജിൽ നിന്ന് പഠനം പൂർത്തിയാക്കി 2003-ലാണ് ആബിദ് യുഎഇയിലെത്തിയത്. ദുബായ് ആശുപത്രിയിലും പിന്നീട് കുവൈത്ത് ആശുപത്രിയിലും സേവനമനുഷ്ഠിച്ച അദ്ദേഹം തന്റെ കരിയറിലെ മികവ് ഓരോ ഘട്ടത്തിലും തെളിയിച്ചു. മാറുന്ന സാങ്കേതിക വിദ്യകൾക്കൊപ്പം സ്വയം നവീകരിക്കണമെന്നും കഠിനാധ്വാനം ചെയ്യാനുള്ള മനസ്സ് വേണമെന്നുമാണ് ഈ രംഗത്തേക്ക് വരുന്ന പുതിയ തലമുറയോട് അദ്ദേഹത്തിന് പറയാനുള്ളത്. മലയാളി പ്രവാസികൾക്കും യുവ ആരോഗ്യ പ്രവർത്തകർക്കും ഒരുപോലെ പ്രചോദനമേകുന്നതാണ് സൈനുൽ ആബിദിന്റെ ഈ രാജ്യാന്തര നേട്ടം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

റമസാനിൽ വിലക്കയറ്റത്തിന് ‘ബ്രേക്ക്’! വിപണിയിൽ പിടിമുറുക്കി യുഎഇ; ഓരോ സാധനത്തിനും വിലവിവരപ്പട്ടിക നിർബന്ധം

റമസാൻ മാസത്തെ മുന്നോടിയായി വിപണിയിലെ വിലക്കയറ്റം തടയാൻ ശക്തമായ ഇടപെടലുമായി യുഎഇ സാമ്പത്തിക മന്ത്രാലയം രംഗത്ത്. കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്ന പ്രവണതകൾക്കും അനാവശ്യമായ വില വർധനയ്ക്കും കർശന നിയന്ത്രണങ്ങളാണ് പ്രഖ്യാപിച്ചത്. 1,000 ചതുരശ്ര മീറ്ററിലധികം വിസ്തീർണമുള്ള എല്ലാ റീട്ടെയിൽ കടകളിലും ഓരോ ഉൽപ്പന്നത്തിന്റെയും ആകെ വിലയ്ക്കൊപ്പം യൂണിറ്റ് വില (ഉദാഹരണത്തിന് കിലോയ്ക്ക് എത്ര) വ്യക്തമായി പ്രദർശിപ്പിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു. ഉപഭോക്താക്കൾക്ക് വ്യക്തമായ വില താരതമ്യം സാധ്യമാക്കുക എന്നതാണ് ലക്ഷ്യം. ഓൺലൈൻ വ്യാപാര സ്ഥാപനങ്ങൾക്കും ഈ നിർദേശം ബാധകമാണ്. അബ്ദുല്ല ബിൻ തൗഖ് അൽ മർറി യുഎഇ സാമ്പത്തിക-വിനോദസഞ്ചാര മന്ത്രിയും ഉപഭോക്തൃ സംരക്ഷണ സമിതി അധ്യക്ഷനും, രാജ്യത്തെ ഭക്ഷ്യശേഖരം സുരക്ഷിതമാണെന്നും ദീർഘകാല വിതരണത്തിൽ തടസ്സമുണ്ടാകില്ലെന്നും വ്യക്തമാക്കി. വിപണിയിലെ അവശ്യവസ്തുക്കളുടെ ലഭ്യതയും വിലസ്ഥിരതയും വിലയിരുത്താൻ അദ്ദേഹം എമിറേറ്റ്‌സ് കോ-ഓപറേറ്റീവ് സൊസൈറ്റി, സ്പിന്നീസ് തുടങ്ങിയ പ്രധാന ഔട്ട്‌ലെറ്റുകൾ സന്ദർശിച്ചു. 2022 ലെ കാബിനറ്റ് പ്രമേയം (നമ്പർ 120) പ്രകാരം, ഉൽപ്പന്നങ്ങളുടെ ആകെ വിലയ്ക്കൊപ്പം യൂണിറ്റ് വിലയും നിർബന്ധമായും പ്രദർശിപ്പിക്കണം. നിയമലംഘനം കണ്ടെത്തിയാൽ പൊതുജനങ്ങൾക്ക് പരാതി നൽകാം.

ഇതിനോടകം തന്നെ പാചകഎണ്ണ, മുട്ട, പാൽ ഉൽപ്പന്നങ്ങൾ, അരി, പഞ്ചസാര, ചിക്കൻ, ഗോതമ്പ് തുടങ്ങിയ അടിസ്ഥാന സാധനങ്ങൾക്ക് മുൻകൂർ അനുമതിയില്ലാതെ വില വർധിപ്പിക്കുന്നത് മന്ത്രാലയം നിരോധിച്ചിട്ടുണ്ട്. റമസാൻ പ്രത്യേക ഓഫറുകളും ഡിസ്കൗണ്ടുകളും യാഥാർഥ്യമാണോയെന്ന് ഉറപ്പാക്കാൻ വിപണിയിൽ നേരിട്ടുള്ള നിരീക്ഷണവും തുടരും. വിപണിയിൽ ന്യായമായ മത്സരം ഉറപ്പാക്കുകയും അനാവശ്യ വിലക്കയറ്റം തടയുകയും ചെയ്യുക എന്നതാണ് ഈ നടപടികളുടെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. റമസാൻ മാസപ്പിറവി നിരീക്ഷണത്തിനായി ചൊവ്വാഴ്ച കമ്മിറ്റി യോഗം ചേരാനിരിക്കെയാണ് മന്ത്രാലയത്തിന്റെ ഈ അടിയന്തര ഇടപെടൽ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Comments

Leave a Reply

Your email address will not be published. Required fields are marked *