റമദാൻ; യുഎഇയിലെ ഈ ടോൾ ഗേറ്റ് നിരക്കും സമയക്രമവും പ്രഖ്യാപിച്ചു

റമദാൻ മാസത്തെ മുന്നിൽകണ്ട് അബുദാബി ഡാർബ് ടോൾ സംവിധാനത്തിന്റെയും പൊതുപാർക്കിംഗിന്റെയും പുതുക്കിയ സമയക്രമവും നിരക്കുകളും അധികൃതർ പ്രഖ്യാപിച്ചു.
തിങ്കളാഴ്ച മുതൽ ശനിയാഴ്ച വരെ, രാവിലെ 8 മുതൽ 10 വരെയും വൈകുന്നേരം 2 മുതൽ 6 വരെയും തിരക്കേറിയ സമയങ്ങളിൽ ടോൾ നിരക്ക് ഈടാക്കും. ഓരോ ടോൾ ഗേറ്റും കടക്കുമ്പോൾ 4 ദിർഹം വരെ അടയ്ക്കേണ്ടിവരും. ഞായറാഴ്ചകളിൽ ടോൾ പൂർണമായും ഒഴിവാക്കിയിരിക്കുകയാണ്.

പൊതുപാർക്കിംഗിനും റമദാനിൽ പ്രത്യേക സമയക്രമമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തിങ്കളാഴ്ച മുതൽ ശനിയാഴ്ച വരെ രണ്ട് ഘട്ടങ്ങളിലായാണ് പണമടച്ചുള്ള പാർക്കിംഗ് പ്രവർത്തിക്കുക — രാവിലെ 9 മുതൽ വൈകുന്നേരം 6 വരെയും, രാത്രി 9 മുതൽ പുലർച്ചെ 2 വരെയും. സ്റ്റാൻഡേർഡ് പാർക്കിംഗ് സ്ഥലങ്ങൾക്ക് മണിക്കൂറിന് 2 ദിർഹവും, പ്രീമിയം പാർക്കിംഗിന് മണിക്കൂറിന് 3 ദിർഹവുമാണ് നിരക്ക്. ഞായറാഴ്ചകളിൽ പാർക്കിംഗ് ഫീസ് ഈടാക്കില്ലെന്ന് ബന്ധപ്പെട്ട വകുപ്പ് വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

വിമാനത്തിനുള്ളിൽ ആകാശച്ചുഴിയിൽ ശ്വാസംമുട്ടി മൂന്നു വയസ്സുകാരൻ; രക്ഷകനായി മലയാളി ഡോക്ടർ

ദുബായ്/കൊച്ചി: മുപ്പതിനായിരം അടി ഉയരത്തിൽ പറക്കുന്ന വിമാനത്തിനുള്ളിൽ മരണത്തോട് ഗുസ്തി പിടിച്ച മൂന്ന് വയസ്സുകാരന് രക്ഷകനായി മലയാളി ഡോക്ടർ. ദുബായിലെ അൽ ഫുത്തൈം ഹെൽത്ത് കെയറിലെ സർജനായ ഡോ. സെസിൽ കുന്നപ്പിള്ളിയാണ് കൃത്യസമയത്തെ ഇടപെടലിലൂടെ സ്റ്റീവ് എന്ന കുരുന്നിന്റെ ജീവൻ തിരികെ നൽകിയത്. അമേരിക്കയിൽ നിന്ന് കൊച്ചിയിലേക്ക് വരികയായിരുന്ന അക്കര കുടുംബത്തിലെ കുട്ടിക്ക് ദുബായ്-കൊച്ചി യാത്രയ്ക്കിടെയാണ് ശ്വാസതടസ്സം അനുഭവപ്പെട്ടത്.

അവധിക്ക് നാട്ടിലേക്ക് വരികയായിരുന്ന ഡോ. സെസിൽ വിമാനത്തിലെ അടിയന്തര സഹായത്തിനായുള്ള അനൗൺസ്മെന്റ് കേട്ടാണ് ഉണർന്നത്. ഉടൻ തന്നെ കുട്ടിയുടെ അടുത്തേക്ക് എത്തിയ അദ്ദേഹം, ഓക്സിജൻ നില അപകടകരമാംവിധം താഴുന്നത് തിരിച്ചറിഞ്ഞു. ഇതിനിടെ കുട്ടിക്ക് അപസ്മാര ലക്ഷണങ്ങൾ കണ്ടെങ്കിലും, വിമാനത്തിലെ ജീവനക്കാർ നൽകിയ അപസ്മാരത്തിനുള്ള മരുന്ന് നൽകേണ്ടെന്ന് ഡോക്ടർ ഉറച്ച തീരുമാനമെടുത്തു. ആ മരുന്ന് നൽകിയാൽ കുട്ടിയുടെ ശ്വാസോച്ഛ്വാസം പൂർണ്ണമായും നിലച്ചുപോകാൻ സാധ്യതയുണ്ടെന്ന ഡോക്ടറുടെ നിരീക്ഷണമാണ് ഇവിടെ നിർണ്ണായകമായത്.

കൊച്ചി വരെ യാത്ര തുടരുന്നത് അപകടമാണെന്ന് ബോധ്യപ്പെട്ട ഡോക്ടർ വിമാനം അടിയന്തരമായി ഇറക്കാൻ പൈലറ്റിനോട് നിർദ്ദേശിച്ചു. തുടർന്ന് വിമാനം മുംബൈയിൽ ഇറക്കുകയും കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. വിദഗ്ധ ചികിത്സയ്ക്ക് ശേഷം സ്റ്റീവ് പൂർണ്ണ ആരോഗ്യവാനായി ജീവിതത്തിലേക്ക് മടങ്ങിയെത്തി. തന്റെ മകനെ തിരികെ കിട്ടിയത് ഡോക്ടറുടെ കൃത്യമായ തീരുമാനങ്ങൾ കൊണ്ടാണെന്ന് പിതാവ് പിന്റോ അക്കര നന്ദിയോടെ സ്മരിച്ചു. എന്നാൽ താൻ തന്റെ കടമ മാത്രമാണ് ചെയ്തതെന്നായിരുന്നു ഡോ. സെസിലിന്റെ വിനയപൂർവ്വമായ പ്രതികരണം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

നോമ്പുകാരെ ശ്രദ്ധിക്കൂ; തിങ്കളും വ്യാഴവും യുഎഇ നിരത്തുകളിൽ ‘കടുപ്പം’; പുറത്തിറങ്ങുമ്പോൾ ശ്രദ്ധിക്കണം

ദുബായ്: റമസാൻ മാസത്തിൽ യുഎഇയിലെ റോഡുകളിൽ വാഹനാപകടങ്ങൾ വർധിക്കുന്നതായി ഞെട്ടിക്കുന്ന റിപ്പോർട്ട്. കഴിഞ്ഞ വർഷത്തെ റമസാൻ കാലയളവിലെ രണ്ടായിരത്തിലധികം ഇൻഷുറൻസ് ക്ലെയിമുകൾ വിശകലനം ചെയ്ത് റോഡ് സേഫ്റ്റി യുഎഇയും അൽ വത്ബ ഇൻഷുറൻസും പുറത്തുവിട്ട കണക്കുകളിലാണ് പ്രവാസികൾക്കും സ്വദേശികൾക്കും ജാഗ്രതാ നിർദ്ദേശം നൽകുന്നത്. നോമ്പ് തുറയ്ക്ക് തൊട്ടുമുമ്പുള്ള ഉച്ചയ്ക്ക് 2 മുതൽ 4 വരെയുള്ള സമയമാണ് റോഡുകളിൽ ഏറ്റവും അപകടസാധ്യതയുള്ളതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

ആഴ്ചയിലെ കണക്കുകളെടുത്താൽ തിങ്കൾ, വ്യാഴം ദിവസങ്ങളിലാണ് ഏറ്റവും കൂടുതൽ അപകടങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആകെ അപകടങ്ങളുടെ 17 ശതമാനവും ഈ രണ്ട് ദിവസങ്ങളിലായാണ് നടക്കുന്നത്. എന്നാൽ ഞായറാഴ്ച താരതമ്യേന സുരക്ഷിതമായ ദിവസമാണ്. ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 6 വരെയുള്ള സമയത്താണ് ആകെ അപകടങ്ങളുടെ പകുതിയോളം (43 ശതമാനം) നടക്കുന്നത്. ഇതിൽ 36 മുതൽ 40 വയസ്സുവരെയുള്ള ഡ്രൈവർമാരാണ് അപകടങ്ങളിൽ കൂടുതൽ ഉൾപ്പെടുന്നത് എന്നതും ശ്രദ്ധേയമാണ്.

നോമ്പ് സമയത്തെ നിർജ്ജലീകരണം, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നത് മൂലമുണ്ടാകുന്ന തളർച്ച, ഉറക്കക്കുറവ് എന്നിവ ഡ്രൈവർമാരുടെ ഏകാഗ്രതയെ ബാധിക്കുന്നുണ്ടെന്ന് റോഡ് സേഫ്റ്റി യുഎഇ മാനേജിങ് ഡയറക്ടർ തോമസ് എഡൽമാൻ പറഞ്ഞു. ഇത് പെട്ടെന്ന് തീരുമാനങ്ങൾ എടുക്കാനുള്ള കഴിവിനെ കുറയ്ക്കുകയും റോഡിൽ അക്ഷമയ്ക്കും അശ്രദ്ധയ്ക്കും കാരണമാവുകയും ചെയ്യുന്നു.

സുരക്ഷിതമായ യാത്രയ്ക്കായി ഡ്രൈവർമാർ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അധികൃതർ ഓർമ്മിപ്പിക്കുന്നു. തിരക്ക് ഒഴിവാക്കാൻ യാത്രകൾ നേരത്തെ പ്ലാൻ ചെയ്യുകയും ഇഫ്താറിന് തൊട്ടുമുമ്പുള്ള സമയങ്ങളിൽ അമിതവേഗം ഒഴിവാക്കി ക്ഷമ പാലിക്കുകയും വേണം. സീറ്റ് ബെൽറ്റ് ധരിക്കുക, വല്ലാതെ ക്ഷീണമോ ഉറക്കമോ തോന്നിയാൽ വാഹനം സുരക്ഷിതമായ ഒരിടത്ത് ഒതുക്കി വിശ്രമിക്കുക, മുന്നിലുള്ള വാഹനവുമായി കൃത്യമായ അകലം പാലിക്കുക എന്നിവ അപകടങ്ങൾ കുറയ്ക്കാൻ സഹായിക്കും. പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ് തങ്ങളുടെ പക്കലുള്ള വിവരങ്ങൾ വിശകലനം ചെയ്ത് പുറത്തുവിടുന്നതെന്ന് അൽ വത്ബ ഇൻഷുറൻസ് സിഎഫ്ഒ മുരളീകൃഷ്ണൻ രാമൻ പറഞ്ഞു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Comments

Leave a Reply

Your email address will not be published. Required fields are marked *