പ്രവാസികൾക്ക് പൊൻകാലം വീണ്ടും? കുതിച്ചുപായിച്ച സ്വർണവിലയ്ക്ക് ബ്രേക്ക്; ദുബായിൽ 24 കാരറ്റ് 600 ദിർഹത്തിന് താഴെ!

മാസങ്ങളായി ഉയർച്ച തുടരുകയായിരുന്ന സ്വർണവിലയിൽ ചെറിയ ഇടിവ് രേഖപ്പെടുത്തി. ദുബായിൽ 24 കാരറ്റ് സ്വർണത്തിന്റെ ഗ്രാമിന്‍റെ വില 600 ദിർഹത്തിന് താഴെയെത്തിയത് വിപണിയിൽ ശ്രദ്ധേയമായി. ചൊവ്വാഴ്ച വ്യാപാരം ആരംഭിച്ചതോടെ തന്നെ വില താഴോട്ട് നീങ്ങിയതായി വ്യാപാരികൾ അറിയിച്ചു. ഇന്നത്തെ നിരക്കിൽ 24 കാരറ്റ് സ്വർണം ഗ്രാമിന് 598.50 ദിർഹമാണ്. കഴിഞ്ഞ ദിവസം ഇത് 602 ദിർഹമായിരുന്നു.

22 കാരറ്റ് സ്വർണവിലയും കുറവിലേക്കാണ് പോയത്. ഗ്രാമിന് 557.50 ദിർഹമായിരുന്ന വില 554.25 ദിർഹമായി കുറഞ്ഞു. ആഗോള വിപണിയിൽ ഔൺസിന് 5,000 ഡോളർ എന്ന നിർണായക നിലയ്ക്ക് താഴേക്ക് സ്വർണം ഇടിഞ്ഞതാണ് പ്രാദേശിക വിപണിയിലും പ്രതിഫലിച്ചത്. അമേരിക്കൻ പണപ്പെരുപ്പ കണക്കുകൾ, പലിശനിരക്കുമായി ബന്ധപ്പെട്ട പ്രതീക്ഷകൾ എന്നിവ അടുത്തിടെ വിപണിയെ സ്വാധീനിച്ചിരുന്നെങ്കിലും, പുതിയ ആഗോള സാഹചര്യങ്ങളാണ് ഇപ്പോഴത്തെ വില ഇടിവിന് പ്രധാന കാരണമെന്നാണ് വിലയിരുത്തൽ.

വിവാഹ–ആഘോഷ വിപണിക്ക് ആശ്വാസം

വില കുറയുന്നത് യുഎഇയിലെ പ്രവാസി സമൂഹത്തിനും ആഭരണ വ്യാപാരികൾക്കും ആശ്വാസമായി. പ്രത്യേകിച്ച് റമസാനും തുടർന്ന് വരുന്ന പെരുന്നാൾ, വിവാഹ സീസണും മുന്നിൽ കണ്ടുള്ള വാങ്ങലുകൾക്ക് ഇത് പ്രോത്സാഹനമാകുമെന്നാണ് പ്രതീക്ഷ. റമസാനിന്റെ ആദ്യഘട്ടത്തിൽ വിപണി ശാന്തമായിരിക്കാറുണ്ടെങ്കിലും, പെരുന്നാൾ അടുത്തുവരുമ്പോൾ ആഭരണ വാങ്ങൽ വർധിക്കുമെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ.

ദക്ഷിണേഷ്യൻ, അറബ് സമൂഹങ്ങളിൽ പെരുന്നാൾ സമ്മാനമായി സ്വർണം നൽകുന്ന പതിവ് വിപണിക്ക് കൂടുതൽ ഉണർവ് നൽകാറുണ്ട്. കഴിഞ്ഞ ആഴ്ച ഉയർന്ന നിരക്കിലെത്തിയ സ്വർണവിലയിൽ കറൻസി മൂല്യത്തിലെ മാറ്റങ്ങളും സ്വാധീനം ചെലുത്തിയിരുന്നു. ഇനി വില ഇനിയും താഴെയിറങ്ങുമോ, അതോ വീണ്ടും ഉയരുമോ എന്ന ആശങ്കയും ആകാംക്ഷയും ഒരുപോലെ വിപണിയിൽ തുടരുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

റമസാൻ ആഘോഷം പൊളിക്കും! ഒരു ടിക്കറ്റിൽ നാല് പേർക്ക് പ്രവേശനം – കുടുംബങ്ങൾക്ക് ഗ്ലോബൽ വില്ലേജിന്റെ സൂപ്പർ ഓഫർ!

റമസാൻ മാസത്തോടനുബന്ധിച്ച് കുടുംബങ്ങൾക്ക് പ്രത്യേക ഇളവുമായി ദുബായിലെ ഗ്ലോബൽ വില്ലേജ്. ഒരാൾക്കുള്ള 30 ദിർഹം ടിക്കറ്റ് നിരക്കിൽ നാല് പേർക്ക് പ്രവേശനം അനുവദിക്കുന്ന പ്രത്യേക ഓഫർ പ്രഖ്യാപിച്ചു. നാല് പേരിൽ കൂടുതലുള്ള സംഘങ്ങൾക്ക് ഓരോ അധിക വ്യക്തിക്കും 7.50 ദിർഹം മാത്രം നൽകാൽ മതി. പരിമിതകാലത്തേക്ക് മാത്രമുള്ള ഈ ഓഫർ ഗ്ലോബൽ വില്ലേജിലെ ടിക്കറ്റ് കൗണ്ടറുകളിൽ നിന്ന് നേരിട്ട് വാങ്ങുന്നവർക്ക് മാത്രമാണ് ലഭിക്കുക. മൊബൈൽ ആപ്പിലൂടെയോ വെബ്സൈറ്റ് വഴിയോ ഈ ഇളവുള്ള ടിക്കറ്റുകൾ ലഭ്യമല്ലെന്ന് അധികൃതർ അറിയിച്ചു.

യുഎഇയിലെ ‘കുടുംബ വർഷാചരണം’ ഭാഗമായി റമസാൻ മാസത്തിൽ കുടുംബങ്ങൾ ഒരുമിച്ച് ഇഫ്താറിനും സുഹൂറിനും പങ്കെടുക്കാൻ അവസരം ഒരുക്കുന്നതിനായാണ് പദ്ധതി നടപ്പാക്കുന്നത്. വലിയ കുടുംബങ്ങൾക്കും സുഹൃത്ത് കൂട്ടായ്മകൾക്കും ഒരുമിച്ച് സമയം ചെലവഴിക്കാനായുള്ള മികച്ച അവസരമാണിതെന്ന് അധികൃതർ വ്യക്തമാക്കി.

വൈവിധ്യമാർന്ന റമസാൻ വിഭവങ്ങൾ

ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ റമസാൻ സ്പെഷ്യൽ വിഭവങ്ങൾ ഒരേ വേദിയിൽ ആസ്വദിക്കാം. ഇഫ്താറിനും അത്താഴത്തിനുമായി നിരവധി ഭക്ഷണ സ്റ്റാളുകളും പ്രത്യേക മെനുകളും ഒരുക്കിയിട്ടുണ്ട്.

സന്ദർശകരുടെ റെക്കോർഡ്

1997ൽ ആരംഭിച്ച ഗ്ലോബൽ വില്ലേജ് ഇതുവരെ 10 കോടിയിലധികം സന്ദർശകരെ സ്വീകരിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ മാത്രം 1.05 കോടി ആളുകളാണ് എത്തിയത്.

പവിലിയനുകളും വിനോദങ്ങളും

ഇത്തവണ 90ലേറെ സംസ്കാരങ്ങളെ പ്രതിനിധീകരിക്കുന്ന 30 പവിലിയനുകളാണ് ഒരുക്കിയിരിക്കുന്നത്. 3,500ലധികം ഷോപ്പിംഗ് ഔട്ട്ലറ്റുകളും 250ലധികം ഭക്ഷണശാലകളും പ്രവർത്തിക്കുന്നു. 450 രാജ്യാന്തര കലാകാരന്മാർ അവതരിപ്പിക്കുന്ന 40,500ഓളം കലാപ്രകടനങ്ങൾ സന്ദർശകർക്ക് ദൃശ്യവിരുന്നാകും. കുട്ടികൾക്കും മുതിർന്നവർക്കുമായി 200ലേറെ റൈഡുകളും സജ്ജമാണ്. വാരാന്ത്യങ്ങളിൽ രാത്രി 9 മണിക്ക് റമസാൻ സ്പെഷ്യൽ വെടിക്കെട്ടും ഉണ്ടായിരിക്കും.

റമസാൻ സമയക്രമം

ഞായർ മുതൽ ബുധൻ വരെ വൈകിട്ട് 5 മുതൽ പുലർച്ചെ 1 വരെ, വ്യാഴം മുതൽ ശനി വരെ വൈകിട്ട് 5 മുതൽ പുലർച്ചെ 2 വരെ ഗ്ലോബൽ വില്ലേജ് പ്രവർത്തിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

റമസാനിൽ വിലക്കയറ്റത്തിന് ‘ബ്രേക്ക്’! വിപണിയിൽ പിടിമുറുക്കി യുഎഇ; ഓരോ സാധനത്തിനും വിലവിവരപ്പട്ടിക നിർബന്ധം

റമസാൻ മാസത്തെ മുന്നോടിയായി വിപണിയിലെ വിലക്കയറ്റം തടയാൻ ശക്തമായ ഇടപെടലുമായി യുഎഇ സാമ്പത്തിക മന്ത്രാലയം രംഗത്ത്. കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്ന പ്രവണതകൾക്കും അനാവശ്യമായ വില വർധനയ്ക്കും കർശന നിയന്ത്രണങ്ങളാണ് പ്രഖ്യാപിച്ചത്. 1,000 ചതുരശ്ര മീറ്ററിലധികം വിസ്തീർണമുള്ള എല്ലാ റീട്ടെയിൽ കടകളിലും ഓരോ ഉൽപ്പന്നത്തിന്റെയും ആകെ വിലയ്ക്കൊപ്പം യൂണിറ്റ് വില (ഉദാഹരണത്തിന് കിലോയ്ക്ക് എത്ര) വ്യക്തമായി പ്രദർശിപ്പിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു. ഉപഭോക്താക്കൾക്ക് വ്യക്തമായ വില താരതമ്യം സാധ്യമാക്കുക എന്നതാണ് ലക്ഷ്യം. ഓൺലൈൻ വ്യാപാര സ്ഥാപനങ്ങൾക്കും ഈ നിർദേശം ബാധകമാണ്. അബ്ദുല്ല ബിൻ തൗഖ് അൽ മർറി യുഎഇ സാമ്പത്തിക-വിനോദസഞ്ചാര മന്ത്രിയും ഉപഭോക്തൃ സംരക്ഷണ സമിതി അധ്യക്ഷനും, രാജ്യത്തെ ഭക്ഷ്യശേഖരം സുരക്ഷിതമാണെന്നും ദീർഘകാല വിതരണത്തിൽ തടസ്സമുണ്ടാകില്ലെന്നും വ്യക്തമാക്കി. വിപണിയിലെ അവശ്യവസ്തുക്കളുടെ ലഭ്യതയും വിലസ്ഥിരതയും വിലയിരുത്താൻ അദ്ദേഹം എമിറേറ്റ്‌സ് കോ-ഓപറേറ്റീവ് സൊസൈറ്റി, സ്പിന്നീസ് തുടങ്ങിയ പ്രധാന ഔട്ട്‌ലെറ്റുകൾ സന്ദർശിച്ചു. 2022 ലെ കാബിനറ്റ് പ്രമേയം (നമ്പർ 120) പ്രകാരം, ഉൽപ്പന്നങ്ങളുടെ ആകെ വിലയ്ക്കൊപ്പം യൂണിറ്റ് വിലയും നിർബന്ധമായും പ്രദർശിപ്പിക്കണം. നിയമലംഘനം കണ്ടെത്തിയാൽ പൊതുജനങ്ങൾക്ക് പരാതി നൽകാം.

ഇതിനോടകം തന്നെ പാചകഎണ്ണ, മുട്ട, പാൽ ഉൽപ്പന്നങ്ങൾ, അരി, പഞ്ചസാര, ചിക്കൻ, ഗോതമ്പ് തുടങ്ങിയ അടിസ്ഥാന സാധനങ്ങൾക്ക് മുൻകൂർ അനുമതിയില്ലാതെ വില വർധിപ്പിക്കുന്നത് മന്ത്രാലയം നിരോധിച്ചിട്ടുണ്ട്. റമസാൻ പ്രത്യേക ഓഫറുകളും ഡിസ്കൗണ്ടുകളും യാഥാർഥ്യമാണോയെന്ന് ഉറപ്പാക്കാൻ വിപണിയിൽ നേരിട്ടുള്ള നിരീക്ഷണവും തുടരും. വിപണിയിൽ ന്യായമായ മത്സരം ഉറപ്പാക്കുകയും അനാവശ്യ വിലക്കയറ്റം തടയുകയും ചെയ്യുക എന്നതാണ് ഈ നടപടികളുടെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. റമസാൻ മാസപ്പിറവി നിരീക്ഷണത്തിനായി ചൊവ്വാഴ്ച കമ്മിറ്റി യോഗം ചേരാനിരിക്കെയാണ് മന്ത്രാലയത്തിന്റെ ഈ അടിയന്തര ഇടപെടൽ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Comments

Leave a Reply

Your email address will not be published. Required fields are marked *