ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ ലക്ഷ്യമിട്ട് ട്രാക്ക്‌ലെസ് ട്രാം പദ്ധതിയുമായി മുന്നോട്ട്. മെട്രോയുടെ സൗകര്യവും ബസിന്റെ ഇളവുകളും ഒരുമിപ്പിക്കുന്ന ഈ പുതിയ ഗതാഗത സംവിധാനം ദുബായുടെ വിവിധ ഭാഗങ്ങളിൽ ഉടൻ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കാനാണ് പദ്ധതി.
പാളങ്ങളില്ലാത്ത ട്രാം
പരമ്പരാഗത ട്രാമുകൾക്ക് ആവശ്യമായ ഇരുമ്പ് പാളങ്ങൾ ഇതിന് വേണ്ടിവരില്ല. റോഡിൽ വരച്ചിരിക്കുന്ന പ്രത്യേക മാർക്കിംഗുകൾ ട്രാമിലെ സെൻസറുകളും ക്യാമറകളും തിരിച്ചറിഞ്ഞ് ‘വെർച്വൽ ട്രാക്ക്’ രൂപപ്പെടുത്തിയാണ് സഞ്ചാരം. ഇതുവഴി റോഡ് കുഴിച്ചുള്ള വലിയ നിർമാണങ്ങൾ ഒഴിവാക്കാനാകുകയും ചെലവ് കുറയ്ക്കാനാകുകയും ചെയ്യും.
ഡ്രൈവറില്ലാ ഭാവിയിലേക്കുള്ള ചുവടുവെയ്പ്
2030ഓടെ നഗര ഗതാഗതത്തിന്റെ 25 ശതമാനം ഡ്രൈവറില്ലാ സംവിധാനത്തിലേക്ക് മാറ്റുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് പദ്ധതി. നിലവിലുള്ള മെട്രോയും ബസ് സർവീസുകളും ഈ ട്രാമുമായി ബന്ധിപ്പിക്കും. സ്വയം നിയന്ത്രിത ടാക്സി, എയർ ടാക്സി തുടങ്ങിയ പരിസ്ഥിതി സൗഹൃദ ഗതാഗത പദ്ധതികളുടെ തുടർച്ചയായാണ് ഇത് അവതരിപ്പിക്കുന്നത്.
ശേഷിയും വേഗവും
മൂന്ന് കോച്ചുകളുള്ള ഒരു ട്രാമിൽ ഏകദേശം 300 പേർക്ക് യാത്ര ചെയ്യാം. മണിക്കൂറിൽ 70 കിലോമീറ്റർ പരമാവധി വേഗതയുണ്ടെങ്കിലും നഗരപരിധിയിൽ 25 മുതൽ 60 കിലോമീറ്റർ വേഗത്തിലാണ് സർവീസ്.
പരിസ്ഥിതി സൗഹൃദം
100 ശതമാനം വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ട്രാമുകൾ ഒറ്റത്തവണ ചാർജ് ചെയ്താൽ ഏകദേശം 100 കിലോമീറ്റർ വരെ സഞ്ചരിക്കും. പുകയോ ശബ്ദമലിനീകരണമോ ഉണ്ടാകില്ല. സ്റ്റേഷനുകളിൽ നിർത്തുമ്പോൾ തന്നെ ഫാസ്റ്റ് ചാർജിങ് സംവിധാനം വഴി മിനിറ്റുകൾക്കുള്ളിൽ ചാർജ് ചെയ്യാനാകും.
ചെലവും സൗകര്യവും
മെട്രോയേക്കാൾ പത്തിലൊന്ന് ചെലവിൽ നടപ്പാക്കാനാകുമെന്നതാണ് ആർടിഎയുടെ വിലയിരുത്തൽ. നിലവിലുള്ള റോഡുകൾ മാറ്റം വരുത്താതെ ഉപയോഗിക്കാനാകുന്നതും വലിയ നേട്ടമാണ്. ബസിനെക്കാൾ കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളാനും മെട്രോയേക്കാൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെത്താനും ഇത് സഹായിക്കും.
പരിഗണിക്കുന്ന പ്രദേശങ്ങൾ
അൽ നഹ്ദ, അൽ സത് വ, നായിഫ്, ഉംസുഖീം, ജുമൈറ, അൽ ബർഷ, ദുബായ് ഇൻവെസ്റ്റ്‌മെന്റ് പാർക്ക് (ഡിഐപി), സിറ്റി വാക്ക്/ബിസിനസ് ബേ എന്നിവിടങ്ങളിലാണ് ട്രാക്ക്‌ലെസ് ട്രാം പരിഗണിക്കുന്നത്.
പ്രത്യേക പാതകൾ
ട്രാമുകൾക്കും ബസുകൾക്കും സുഗമ സഞ്ചാരത്തിനായി 13 കിലോമീറ്റർ നീളമുള്ള പ്രത്യേക പാതകളും നിർമിക്കും. മൻഖൂലിലെ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് സ്ട്രീറ്റ്, സെക്കൻഡ് ഡിസംബർ സ്ട്രീറ്റ്, അൽ നഹ്ദ സ്ട്രീറ്റ്, അൽ സത് വ റോഡ്, ദെയ്റയിലെ ഒമർ ബിൻ അൽ ഖത്താബ് സ്ട്രീറ്റ്, നായിഫ് സ്ട്രീറ്റ് എന്നിവ പ്രധാനപ്പെട്ടവയാകും.
നഗര ഗതാഗത രംഗത്ത് പുതിയ മാറ്റങ്ങൾക്ക് തുടക്കം കുറിക്കുന്ന ട്രാക്ക്‌ലെസ് ട്രാം, ദുബായിലെ ട്രാഫിക് പ്രശ്നങ്ങൾക്ക് വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
നോമ്പുകാരെ ശ്രദ്ധിക്കൂ; തിങ്കളും വ്യാഴവും യുഎഇ നിരത്തുകളിൽ ‘കടുപ്പം’; പുറത്തിറങ്ങുമ്പോൾ ശ്രദ്ധിക്കണം
ദുബായ്: റമസാൻ മാസത്തിൽ യുഎഇയിലെ റോഡുകളിൽ വാഹനാപകടങ്ങൾ വർധിക്കുന്നതായി ഞെട്ടിക്കുന്ന റിപ്പോർട്ട്. കഴിഞ്ഞ വർഷത്തെ റമസാൻ കാലയളവിലെ രണ്ടായിരത്തിലധികം ഇൻഷുറൻസ് ക്ലെയിമുകൾ വിശകലനം ചെയ്ത് റോഡ് സേഫ്റ്റി യുഎഇയും അൽ വത്ബ ഇൻഷുറൻസും പുറത്തുവിട്ട കണക്കുകളിലാണ് പ്രവാസികൾക്കും സ്വദേശികൾക്കും ജാഗ്രതാ നിർദ്ദേശം നൽകുന്നത്. നോമ്പ് തുറയ്ക്ക് തൊട്ടുമുമ്പുള്ള ഉച്ചയ്ക്ക് 2 മുതൽ 4 വരെയുള്ള സമയമാണ് റോഡുകളിൽ ഏറ്റവും അപകടസാധ്യതയുള്ളതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ആഴ്ചയിലെ കണക്കുകളെടുത്താൽ തിങ്കൾ, വ്യാഴം ദിവസങ്ങളിലാണ് ഏറ്റവും കൂടുതൽ അപകടങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആകെ അപകടങ്ങളുടെ 17 ശതമാനവും ഈ രണ്ട് ദിവസങ്ങളിലായാണ് നടക്കുന്നത്. എന്നാൽ ഞായറാഴ്ച താരതമ്യേന സുരക്ഷിതമായ ദിവസമാണ്. ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 6 വരെയുള്ള സമയത്താണ് ആകെ അപകടങ്ങളുടെ പകുതിയോളം (43 ശതമാനം) നടക്കുന്നത്. ഇതിൽ 36 മുതൽ 40 വയസ്സുവരെയുള്ള ഡ്രൈവർമാരാണ് അപകടങ്ങളിൽ കൂടുതൽ ഉൾപ്പെടുന്നത് എന്നതും ശ്രദ്ധേയമാണ്.
നോമ്പ് സമയത്തെ നിർജ്ജലീകരണം, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നത് മൂലമുണ്ടാകുന്ന തളർച്ച, ഉറക്കക്കുറവ് എന്നിവ ഡ്രൈവർമാരുടെ ഏകാഗ്രതയെ ബാധിക്കുന്നുണ്ടെന്ന് റോഡ് സേഫ്റ്റി യുഎഇ മാനേജിങ് ഡയറക്ടർ തോമസ് എഡൽമാൻ പറഞ്ഞു. ഇത് പെട്ടെന്ന് തീരുമാനങ്ങൾ എടുക്കാനുള്ള കഴിവിനെ കുറയ്ക്കുകയും റോഡിൽ അക്ഷമയ്ക്കും അശ്രദ്ധയ്ക്കും കാരണമാവുകയും ചെയ്യുന്നു.
സുരക്ഷിതമായ യാത്രയ്ക്കായി ഡ്രൈവർമാർ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അധികൃതർ ഓർമ്മിപ്പിക്കുന്നു. തിരക്ക് ഒഴിവാക്കാൻ യാത്രകൾ നേരത്തെ പ്ലാൻ ചെയ്യുകയും ഇഫ്താറിന് തൊട്ടുമുമ്പുള്ള സമയങ്ങളിൽ അമിതവേഗം ഒഴിവാക്കി ക്ഷമ പാലിക്കുകയും വേണം. സീറ്റ് ബെൽറ്റ് ധരിക്കുക, വല്ലാതെ ക്ഷീണമോ ഉറക്കമോ തോന്നിയാൽ വാഹനം സുരക്ഷിതമായ ഒരിടത്ത് ഒതുക്കി വിശ്രമിക്കുക, മുന്നിലുള്ള വാഹനവുമായി കൃത്യമായ അകലം പാലിക്കുക എന്നിവ അപകടങ്ങൾ കുറയ്ക്കാൻ സഹായിക്കും. പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ് തങ്ങളുടെ പക്കലുള്ള വിവരങ്ങൾ വിശകലനം ചെയ്ത് പുറത്തുവിടുന്നതെന്ന് അൽ വത്ബ ഇൻഷുറൻസ് സിഎഫ്ഒ മുരളീകൃഷ്ണൻ രാമൻ പറഞ്ഞു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
നാട്ടിലേക്കുള്ള പണം കൈമാറ്റത്തിന് ഇനി ക്യൂ വേണ്ട; വായ്പയും മിനിറ്റുകൾക്കകം! യുഎഇ പ്രവാസികൾക്ക് ഡിജിറ്റൽ വഴിയിൽ ആശ്വാസം
യുഎഇയിലെ പ്രവാസികൾക്ക് ഇനി ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെ എളുപ്പത്തിൽ വായ്പകൾ ലഭ്യമാകുന്നു. പ്രമുഖ ഡിജിറ്റൽ വാലറ്റ് സേവനമായ e& money-ക്ക് Central Bank of the UAE ഫിനാൻസ് കമ്പനി ലൈസൻസ് അനുവദിച്ചു. ഇതോടെ ആപ്പ് വഴിയുള്ള ക്രെഡിറ്റ് സേവനങ്ങൾ ഔദ്യോഗികമായി ആരംഭിക്കാനൊരുങ്ങുകയാണ്. ഇതുവരെ പണം കൈമാറ്റം, ബിൽ പേയ്‌മെന്റ് തുടങ്ങിയ സേവനങ്ങൾക്കായി ഉപയോഗിച്ചിരുന്ന പ്ലാറ്റ്‌ഫോം ഇനി വായ്പകളും മറ്റ് ധനകാര്യ സേവനങ്ങളും നൽകുന്ന സമ്പൂർണ്ണ ഫിനാൻഷ്യൽ സ്ഥാപനമായി പ്രവർത്തിക്കും. രാജ്യത്തെ ഇരുപത് ലക്ഷത്തിലധികം ഉപയോക്താക്കൾക്ക് ആപ്പ് വഴിയായി വായ്പയ്ക്കും ക്രെഡിറ്റ് സൗകര്യങ്ങൾക്കും അപേക്ഷിക്കാനാകും.
ശമ്പളത്തിന് മുൻകൂർ ലഭ്യതയും തവണ സംവിധാനവും
ഷോപ്പിംഗ് ഇടപാടുകൾ തവണകളായി അടയ്ക്കുന്നതിനുള്ള ‘ബൈ നൗ പേ ലേറ്റർ’ സൗകര്യം, ശമ്പളത്തിന്റെ ഒരു ഭാഗം മുൻകൂട്ടി ലഭിക്കുന്ന സംവിധാനം, ചെറിയ തുകകളുടെ ക്ഷണിക വായ്പകൾ തുടങ്ങിയ സേവനങ്ങൾ ആപ്പിലൂടെ ലഭ്യമാകും. മാസാവസാന സാമ്പത്തിക ബുദ്ധിമുട്ടുകൾ മറികടക്കാൻ ഇത് സഹായകരമാകും.
കുറഞ്ഞ വരുമാനക്കാർക്കും ആശ്വാസം
യുഎഇയിൽ പുതുതായി എത്തിയവർക്കും കുറഞ്ഞ ശമ്പളമുള്ള തൊഴിലാളികൾക്കും ബാങ്കുകളിൽ ക്രെഡിറ്റ് ഹിസ്റ്ററി ഇല്ലാത്തതിനാൽ വായ്പ ലഭിക്കുന്നത് പലപ്പോഴും പ്രയാസകരമാണ്. ഉയർന്ന ശമ്പളപരിധി, കർശന രേഖകൾ തുടങ്ങിയ മാനദണ്ഡങ്ങൾ പല ബാങ്കുകളും ആവശ്യപ്പെടാറുണ്ട്. എന്നാൽ ആപ്പിലെ ഇടപാട് ചരിത്രം അടിസ്ഥാനമാക്കി ക്രെഡിറ്റ് യോഗ്യത വിലയിരുത്തി വായ്പ അനുവദിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
സെൻട്രൽ ബാങ്കിന്റെ നിയന്ത്രണത്തിൽ
എല്ലാ വായ്പാ സേവനങ്ങളും യുഎഇ സെൻട്രൽ ബാങ്കിന്റെ നിയമങ്ങൾക്കും നിയന്ത്രണങ്ങൾക്കും വിധേയമായിരിക്കും. ഡിജിറ്റൽ ഫിനാൻഷ്യൽ സേവന മേഖലയിൽ വലിയ മാറ്റത്തിന് വഴിയൊരുക്കുന്ന നീക്കമായാണ് ഈ ലൈസൻസ് വിലയിരുത്തപ്പെടുന്നത്. പ്രവാസികൾക്ക് വേഗത്തിൽ, ലളിതമായി ധനസഹായം ലഭ്യമാക്കുന്നതിലൂടെ ഡിജിറ്റൽ ബാങ്കിംഗ് രംഗത്ത് പുതിയ അധ്യായം തുറക്കുകയാണ് ഈ തീരുമാനം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Leave a Reply