പഠനം ആദ്യം, എഐ പിന്നെ! 13 വയസ്സിന് താഴെയുള്ള വിദ്യാർഥികൾക്ക് സ്കൂളുകളിൽ എഐ ഉപയോഗത്തിന് യുഎഇയിൽ പൂർണ്ണ വിലക്ക്

വിദ്യാർഥികളുടെ ചിന്താശേഷി, സർഗാത്മകത, പ്രശ്നപരിഹാര കഴിവ് എന്നിവ സംരക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി യുഎഇയിൽ 13 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്ക് സ്കൂളുകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉപയോഗം വിലക്കി. അടിസ്ഥാന അറിവുകളും പഠനശേഷിയും സ്വന്തം പരിശ്രമത്തിലൂടെ വളർത്തുന്നതിനാണ് നിയന്ത്രണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. 14 മുതൽ 18 വയസ്സുവരെയുള്ള വിദ്യാർഥികൾക്ക് സ്കൂൾ പരിസരത്ത് എഐ ഉപയോഗിക്കണമെങ്കിൽ രക്ഷിതാക്കളുടെ രേഖാമൂലമുള്ള അനുമതി നിർബന്ധമാണ്. കൂടാതെ അധ്യാപകരുടെ നേരിട്ടുള്ള മേൽനോട്ടമില്ലാതെ എഐ ടൂളുകൾ ഉപയോഗിക്കാൻ പാടില്ല. മന്ത്രാലയം ഔദ്യോഗികമായി അംഗീകരിക്കാത്ത വെബ്‌സൈറ്റുകളോ ആപ്പുകളോ സ്കൂളുകളിൽ ഉപയോഗിക്കുന്നതും നിരോധിച്ചിട്ടുണ്ട്.

അതേസമയം കിന്റർഗാർട്ടൻ മുതൽ ഗ്രേഡ് 12 വരെ പാഠ്യപദ്ധതിയിൽ എഐ സംബന്ധിച്ച പഠനവിഷയങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. എഐയുടെ അടിസ്ഥാന ധാരണയും സുരക്ഷിത ഉപയോഗവുമാണ് ക്ലാസുകളിലൂടെ പഠിപ്പിക്കുന്നത്.വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ ‘സേഫ് ആൻഡ് റെസ്‌പോൺസിബിൾ യൂസ് ഓഫ് എഐ 2026’ നയരേഖയിൽ പ്രായപരിധി, അക്കാദമിക് സത്യസന്ധത, സുരക്ഷയും സ്വകാര്യതയും, അധ്യാപകരുടെ ഉത്തരവാദിത്തം, രക്ഷിതാക്കളുടെ പങ്ക് എന്നീ അഞ്ച് വിഭാഗങ്ങളായി മാർഗനിർദേശങ്ങൾ വിശദീകരിച്ചിട്ടുണ്ട്.

ജനറേറ്റീവ് എഐ പ്ലാറ്റ്‌ഫോമുകൾ ഉപയോക്തൃവിവരങ്ങൾ ശേഖരിക്കുന്ന സാഹചര്യം പരിഗണിച്ച് കുട്ടികളുടെ സ്വകാര്യത സംരക്ഷിക്കാനും സൈബർ സുരക്ഷ ഉറപ്പാക്കാനുമാണ് നിയന്ത്രണങ്ങൾ കൊണ്ടുവന്നത്. കൂടാതെ എഐ നൽകുന്ന വിവരങ്ങൾ എല്ലായ്പ്പോഴും കൃത്യമായിരിക്കണമെന്നില്ലെന്ന മുന്നറിയിപ്പും അധികൃതർ നൽകുന്നു. ശരി-തെറ്റ് തിരിച്ചറിയാനുള്ള പ്രായമാകാത്ത കുട്ടികൾ തെറ്റായ വിവരങ്ങൾ വിശ്വസിക്കുന്നത് പഠനത്തെ ബാധിക്കാമെന്നും ചൂണ്ടിക്കാട്ടുന്നു. ഹോംവർക്കുകൾക്കും അസൈൻമെന്റുകൾക്കും എഐയെ ആശ്രയിക്കുന്നത് പഠനലക്ഷ്യം നഷ്ടപ്പെടുത്തുമെന്ന വിലയിരുത്തലും നയരേഖയിൽ ഉണ്ട്. വിദ്യാർഥികൾ സ്വതന്ത്രമായി പഠിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ഈ നടപടിയെന്ന് മന്ത്രാലയം വ്യക്തമാക്കി.

ലംഘനങ്ങൾക്ക് നടപടി

നിയമലംഘനം നടത്തിയ വിദ്യാർഥികൾക്ക് ആദ്യം രേഖാമൂലം മുന്നറിയിപ്പ് നൽകും. രക്ഷിതാക്കളെ വിളിച്ചുവരുത്തി സത്യവാങ്മൂലം എഴുതി വാങ്ങുന്നതും നിർബന്ധമാണ്. പരീക്ഷകളിൽ എഐ ഉപയോഗിച്ചതായി കണ്ടെത്തിയാൽ ബന്ധപ്പെട്ട പരീക്ഷയിൽ നിന്ന് അയോഗ്യനാക്കും. ആവർത്തിച്ചാൽ താൽക്കാലിക സസ്‌പെൻഷൻ ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

പച്ചയ്ക്ക് വിട… ഇനി വാട്‌സ്ആപ്പ് നിങ്ങളുടെ സ്റ്റൈലിൽ! ഐക്കൺ നിറവും തീമും ഇഷ്ടം പോലെ മാറ്റാം

വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് ആപ്പ് ഐക്കണിന്റെ നിറവും തീമുകളും കസ്റ്റമൈസ് ചെയ്യാനുള്ള സൗകര്യം നൽകാൻ മെറ്റ ഒരുങ്ങുന്നതായി റിപ്പോർട്ട്. ആൻഡ്രോയിഡ് പതിപ്പിൽ വികസിപ്പിച്ചു കൊണ്ടിരിക്കുന്ന ഈ ഫീച്ചറുകൾ ബീറ്റാ ടെസ്റ്റിംഗിൽ കണ്ടെത്തിയതായി ഫീച്ചർ ട്രാക്കറായ ‘വാബീറ്റ ഇൻഫോ’ വ്യക്തമാക്കി. വാട്സ്ആപ്പ് ബീറ്റാ ഫോർ ആൻഡ്രോയ്ഡ് വേർഷൻ 2.26.6.1-ലാണ് പുതിയ സവിശേഷതകൾ പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. നിലവിൽ ഡെവലപ്പർമാർക്കും തിരഞ്ഞെടുത്ത ബീറ്റാ ടെസ്റ്റർമാർക്കും മാത്രമാണ് ഈ പതിപ്പ് ലഭ്യമാക്കിയിരിക്കുന്നത്. പൊതുജനങ്ങൾക്ക് ഇത് ലഭ്യമാകുന്നത് ഭാവിയിലെ അപ്ഡേറ്റുകളിലൂടെയായിരിക്കും. വർഷങ്ങളായി വാട്സ്ആപ്പിന്റെ അടയാളമായി നിലകൊണ്ടിരുന്ന പച്ച നിറത്തിലുള്ള പരമ്പരാഗത ബ്രാൻഡിംഗിൽ നിന്ന് മാറി, ഉപയോക്താക്കൾക്ക് കൂടുതൽ വ്യക്തിഗത ദൃശ്യാനുഭവം നൽകുകയാണ് പുതിയ അപ്ഡേറ്റിന്റെ ലക്ഷ്യം. ഉപയോക്താക്കളുടെ ഇഷ്ടാനുസരണം ആപ്പിന്റെ രൂപഭാവം മാറ്റാൻ സാധിക്കുന്ന വിധത്തിൽ നിരവധി ദൃശ്യ ഘടകങ്ങൾ ഉൾപ്പെടുത്താനാണ് പദ്ധതി.

14 പുതിയ ഐക്കണുകൾ

പുതിയ അപ്ഡേറ്റിൽ 14 വ്യത്യസ്ത ആപ്പ് ഐക്കണുകൾ അവതരിപ്പിക്കാനാണ് സാധ്യത. ഇതിൽ ഏഴ് ഐക്കണുകൾ നീല, തവിട്ട്, പച്ച, മോണോക്രോം, ഓറഞ്ച്, പിങ്ക്, പർപ്പിൾ തുടങ്ങിയ ഏകവർണ്ണ ഡിസൈനുകളായിരിക്കും. ശേഷിക്കുന്ന ഐക്കണുകൾ കൂടുതൽ സ്റ്റൈലിഷ് രൂപത്തിലാണ് എത്തുക. ‘അറോറ’, ‘ഫ്ലഫി’, ‘ഗാലക്സി’, ‘ക്ലേ’, ‘സ്പാർക്കിൾ’, ‘നിയോൺ’ എന്നീ പേരുകളോടെയുള്ള ഡിസൈനുകൾ ഉപയോക്താക്കൾക്ക് പുതുമയാർന്ന ലുക്ക് നൽകും. ഈ ഐക്കണുകൾ ഉപയോഗിച്ച് ഹോം സ്ക്രീനിലും ആപ്പ് ഡ്രോയറിലും വാട്സ്ആപ്പിന്റെ രൂപഭാവം മാറ്റാനാകും. തേർഡ് പാർട്ടി ആപ്പുകൾ ആശ്രയിക്കാതെ തന്നെ ഇഷ്ടാനുസൃത കസ്റ്റമൈസേഷൻ സാധ്യമാക്കുക എന്നതാണ് ലക്ഷ്യം.

19 വരെ നിറങ്ങൾ തിരഞ്ഞെടുക്കാം

ഐക്കണുകൾക്ക് പുറമെ ആപ്പിന്റെ പ്രധാന ബ്രാൻഡിംഗ് നിറവും മാറ്റാനുള്ള സൗകര്യം ലഭ്യമാകാനിടയുണ്ട്. 19 വരെ നിറങ്ങൾ തിരഞ്ഞെടുക്കാൻ സാധിക്കുമെന്നാണ് റിപ്പോർട്ട്. റോയൽ ബ്ലൂ, വയലറ്റ്, കോറൽ, ടീൽ, തവിട്ട്, ബീജ്, മഞ്ഞ, പിങ്ക്, ചുവപ്പ്, ഓറഞ്ച്, ഡാർക്ക് ഒലീവ് ഗ്രീൻ തുടങ്ങിയ നിറങ്ങൾ ഡിഫോൾട്ട് പച്ചയ്ക്കൊപ്പം ലഭ്യമാകാം. പഴയ പതിപ്പുകളുടെ ക്ലാസിക് ഡിസൈൻ തിരിച്ചെത്താനും സാധ്യതയുണ്ട്.

തിരഞ്ഞെടുക്കുന്ന നിറങ്ങൾ ടാബുകൾ, ഫിൽറ്ററുകൾ, ഫ്ലോട്ടിംഗ് ആക്ഷൻ ബട്ടണുകൾ എന്നിവയിൽ പ്രതിഫലിക്കുമെന്നാണ് സൂചന. ഇതുവഴി ആപ്പിന്റെ മുഴുവൻ ഭാഗത്തും ഏകോപിതമായ തീം അനുഭവം ലഭ്യമാകും. പുതിയ ഫീച്ചറുകളുടെ ഔദ്യോഗിക ലോഞ്ച് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും ഉപയോക്താക്കളുടെ വ്യക്തിഗത അനുഭവം മെച്ചപ്പെടുത്താനുള്ള വാട്സ്ആപ്പിന്റെ പുതിയ നീക്കമായാണ് ഈ അപ്ഡേറ്റ് വിലയിരുത്തപ്പെടുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

ജീവനക്കാർക്ക് ‘ലോട്ടറി’; 30% ശമ്പളവർധനയും പുത്തൻ കാറുകളും പ്രഖ്യാപിച്ച് ഞെട്ടിച്ച് യുഎഇയിലെ ഈ മലയാളി കമ്പനി

ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിസിസി ഗ്രൂപ്പ് തങ്ങളുടെ ജീവനക്കാർക്കായി ആവേശകരമായ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. പ്രമുഖ മലയാളി സംരംഭകൻ അംജദ് സിതാരയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പ്, തങ്ങളുടെ മുഴുവൻ ജീവനക്കാർക്കും 30 ശതമാനം ശമ്പളവർധനയാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇതിനുപുറമെ, കമ്പനിയിലെ മുഴുവൻ മാനേജർമാർക്കും പ്രീമിയം എസ്‌യുവി കാറുകൾ സമ്മാനമായി നൽകുമെന്ന ചെയർമാന്റെ പ്രഖ്യാപനം പ്രവാസലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്.

കഴിഞ്ഞ സാമ്പത്തിക വർഷം കൈവരിച്ച 130 ശതമാനമെന്ന അമ്പരപ്പിക്കുന്ന വളർച്ചയുടെ പശ്ചാത്തലത്തിലാണ് ഈ നീക്കം. നിർമാണം, റിയൽ എസ്റ്റേറ്റ് തുടങ്ങി വിവിധ മേഖലകളിലായി യുഎഇയിൽ മാത്രം 20,000-ലേറെ പേർ ജോലി ചെയ്യുന്ന ഈ കമ്പനി, തങ്ങളുടെ വളർച്ചയ്ക്ക് പിന്നിൽ പ്രവർത്തിച്ച ജീവനക്കാരെ ചേർത്തുപിടിക്കുകയാണ്. ഖത്തർ, സൗദി, ഇന്ത്യ എന്നിവിടങ്ങളിലും ശക്തമായ സാന്നിധ്യമുള്ള ബിസിസി ഗ്രൂപ്പ്, റിയൽ എസ്റ്റേറ്റ് മേഖലയിൽ ഏജന്റുമാർക്ക് നൂറ് ശതമാനം കമ്മീഷൻ നൽകുന്ന പുതിയ ബിസിനസ് മാതൃകയും അടുത്തിടെ അവതരിപ്പിച്ചിരുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Comments

Leave a Reply

Your email address will not be published. Required fields are marked *