തടവുപോലെ നീണ്ട ബസ് യാത്രക്ക് വിരാമം! കുട്ടികളുടെ യാത്രാസമയം നിശ്ചയിച്ച് യുഎഇയുടെ നിർണായക നീക്കം; പുതിയ തീരുമാനത്തിന് കയ്യടിച്ച് രക്ഷിതാക്കൾ

കുട്ടികൾ മണിക്കൂറുകളോളം സ്കൂൾ ബസുകളിൽ ചെലവഴിക്കേണ്ടി വരുന്നത് ഒഴിവാക്കാൻ കർശന നിർദേശവുമായി യുഎഇ വിദ്യാഭ്യാസ മന്ത്രാലയം. യാത്രാസമയം സംബന്ധിച്ച് രക്ഷിതാക്കളിൽ നിന്ന് വ്യാപകമായി പരാതികൾ ഉയർന്ന പശ്ചാത്തലത്തിൽ ഫെഡറൽ നാഷനൽ കൗൺസിലിൽ (എഫ്എൻസി) വിദ്യാഭ്യാസ മന്ത്രി സാറാ അൽ അമീരിയാണ് പുതിയ സമയപരിധി പ്രഖ്യാപിച്ചത്. പുതിയ നിർദേശപ്രകാരം കെജി വിദ്യാർഥികൾക്ക് പരമാവധി യാത്രാസമയം 45 മിനിറ്റായിരിക്കും. മറ്റ് ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഇത് 60 മിനിറ്റായി നിശ്ചയിച്ചു. ചില പ്രദേശങ്ങളിൽ കുട്ടികൾക്ക് രണ്ട് മണിക്കൂറിലേറെ ബസിൽ യാത്ര ചെയ്യേണ്ടി വരുന്നതായി എഫ്എൻസി അംഗം നാമ അബ്ദുല്ല അൽ ഷർഹാൻ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് കുട്ടികളുടെ ആരോഗ്യത്തെയും പഠന നിലവാരത്തെയും ബാധിക്കുന്നുവെന്നും അവർ പറഞ്ഞു. എന്നാൽ നിലവിൽ ഔദ്യോഗികമായി ഒരു റൂട്ടിലും യാത്രാസമയം രണ്ട് മണിക്കൂർ കടക്കുന്നില്ലെന്ന് മന്ത്രി സാറാ അൽ അമീരി വ്യക്തമാക്കി. ഈ അധ്യയന വർഷത്തിന്റെ ആദ്യ പാദത്തിൽ 98.5 ശതമാനം സ്കൂൾ ബസുകളും നിശ്ചിത സമയപരിധി പാലിച്ചതായും അവർ പറഞ്ഞു.

യാത്രാസമയം നീളുന്നതിനുള്ള പ്രധാന കാരണങ്ങളിൽ വൈകിയുള്ള രജിസ്ട്രേഷൻ ഒന്നാണെന്ന് മന്ത്രി വിശദീകരിച്ചു. രക്ഷിതാക്കൾ കുട്ടികളെ സ്കൂൾ ബസിനായി വൈകി രജിസ്റ്റർ ചെയ്യുന്നത് റൂട്ടുകൾ ആസൂത്രണം ചെയ്യുന്നതിൽ ബുദ്ധിമുട്ടുണ്ടാക്കുന്നു. കൂടാതെ, വാഹനാപകടങ്ങൾ, മോശം കാലാവസ്ഥ തുടങ്ങിയ അസാധാരണ സാഹചര്യങ്ങളിൽ യാത്രാസമയം നീണ്ടുപോകാനിടയുണ്ടെന്നും അറിയിച്ചു.
സ്കൂൾ ഗതാഗത സംവിധാനത്തിന്റെ ഗുണനിലവാരം നിരീക്ഷിക്കാൻ പ്രത്യേക ട്രാൻസ്പോർട്ട് ക്വാളിറ്റി യൂണിറ്റ് രൂപീകരിച്ചിട്ടുണ്ടെന്നും ലഭിക്കുന്ന പരാതികൾ സമയബന്ധിതമായി പരിഹരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

ജീവനക്കാർക്ക് ‘ലോട്ടറി’; 30% ശമ്പളവർധനയും പുത്തൻ കാറുകളും പ്രഖ്യാപിച്ച് ഞെട്ടിച്ച് യുഎഇയിലെ ഈ മലയാളി കമ്പനി

ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിസിസി ഗ്രൂപ്പ് തങ്ങളുടെ ജീവനക്കാർക്കായി ആവേശകരമായ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. പ്രമുഖ മലയാളി സംരംഭകൻ അംജദ് സിതാരയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പ്, തങ്ങളുടെ മുഴുവൻ ജീവനക്കാർക്കും 30 ശതമാനം ശമ്പളവർധനയാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇതിനുപുറമെ, കമ്പനിയിലെ മുഴുവൻ മാനേജർമാർക്കും പ്രീമിയം എസ്‌യുവി കാറുകൾ സമ്മാനമായി നൽകുമെന്ന ചെയർമാന്റെ പ്രഖ്യാപനം പ്രവാസലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്.

കഴിഞ്ഞ സാമ്പത്തിക വർഷം കൈവരിച്ച 130 ശതമാനമെന്ന അമ്പരപ്പിക്കുന്ന വളർച്ചയുടെ പശ്ചാത്തലത്തിലാണ് ഈ നീക്കം. നിർമാണം, റിയൽ എസ്റ്റേറ്റ് തുടങ്ങി വിവിധ മേഖലകളിലായി യുഎഇയിൽ മാത്രം 20,000-ലേറെ പേർ ജോലി ചെയ്യുന്ന ഈ കമ്പനി, തങ്ങളുടെ വളർച്ചയ്ക്ക് പിന്നിൽ പ്രവർത്തിച്ച ജീവനക്കാരെ ചേർത്തുപിടിക്കുകയാണ്. ഖത്തർ, സൗദി, ഇന്ത്യ എന്നിവിടങ്ങളിലും ശക്തമായ സാന്നിധ്യമുള്ള ബിസിസി ഗ്രൂപ്പ്, റിയൽ എസ്റ്റേറ്റ് മേഖലയിൽ ഏജന്റുമാർക്ക് നൂറ് ശതമാനം കമ്മീഷൻ നൽകുന്ന പുതിയ ബിസിനസ് മാതൃകയും അടുത്തിടെ അവതരിപ്പിച്ചിരുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

വിസ ഇടപാടുകൾക്ക് ‘ഏജന്റുമാരെ’ വിശ്വസിക്കല്ലേ; യുഎഇയിൽ കർശന മുന്നറിയിപ്പ്

ദുബായിലെ വിസ, റസിഡൻസി, യാത്രാ രേഖകൾ തുടങ്ങിയ സർക്കാർ സേവനങ്ങൾക്കായി ഔദ്യോഗിക ചാനലുകൾ മാത്രം ഉപയോഗിക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) പൊതുജനങ്ങൾക്ക് കർശന നിർദ്ദേശം നൽകി. വ്യാജ ഇടനിലക്കാരെയും അനൗദ്യോഗിക വെബ്സൈറ്റുകളെയും ആശ്രയിക്കുന്നത് വഴി വ്യക്തിവിവരങ്ങൾ ചോരാനും സാമ്പത്തിക തട്ടിപ്പുകൾക്ക് ഇരയാകാനും സാധ്യതയുള്ളതിനാലാണ് ഈ മുൻകരുതൽ.

സർക്കാർ അംഗീകരിച്ച ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെയോ ഔദ്യോഗിക സേവന കേന്ദ്രങ്ങളിലൂടെയോ മാത്രം അപേക്ഷകൾ സമർപ്പിക്കുന്നത് നടപടിക്രമങ്ങൾ സുതാര്യവും സുരക്ഷിതവുമാക്കാൻ സഹായിക്കും. സുരക്ഷിതമല്ലാത്ത വഴികൾ തേടുന്നത് വഴി അനാവശ്യമായ നിയമക്കുരുക്കുകളിലും തെറ്റിദ്ധാരണകളിലും ചെന്നുചാടാൻ സാധ്യതയുണ്ടെന്ന് അധികൃതർ ഓർമ്മിപ്പിക്കുന്നു. സമയബന്ധിതമായി വിശ്വസനീയമായ സേവനം ഉറപ്പാക്കാൻ അംഗീകൃത ഡിജിറ്റൽ ചാനലുകൾ തന്നെയാണ് ഏറ്റവും മികച്ച മാർഗ്ഗം.

പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ് ജിഡിആർഎഫ്എ ഇത്തരമൊരു ബോധവൽക്കരണം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. ദുബായിലെ വിസ സംബന്ധമായ എന്ത് സംശയങ്ങൾക്കും അന്വേഷണങ്ങൾക്കും 8005111 എന്ന ടോൾ ഫ്രീ നമ്പറിലേക്ക് വിളിച്ച് കൃത്യമായ വിവരങ്ങൾ തേടാവുന്നതാണ്. ശരിയായ സർക്കാർ മാർഗ്ഗങ്ങൾ പിന്തുടരുന്നത് വഴി പ്രവാസികൾക്ക് തങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനും സുരക്ഷിതമായി സേവനങ്ങൾ ആസ്വദിക്കാനും സാധിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Comments

Leave a Reply

Your email address will not be published. Required fields are marked *