ആശയവിനിമയ രംഗത്ത് തുടർച്ചയായ മാറ്റങ്ങളും സുരക്ഷാ അപ്‌ഡേറ്റുകളും കൊണ്ടുവരികയാണ് വാട്സാപ്പ്. ഉപയോക്തൃ സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി നിരവധി ഫീച്ചറുകൾ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും, മറ്റുള്ളവർക്ക് സ്വന്തം ഫോൺ നമ്പർ പൂർണമായി മറച്ചുവയ്ക്കാൻ കഴിയുന്ന പ്രത്യേക ഓപ്ഷൻ ഇതുവരെ വാട്സാപ്പ് അവതരിപ്പിച്ചിട്ടില്ല. ഇത്തരമൊരു സൗകര്യം ലഭ്യമാകുന്നതുവരെ സ്പാം കോളർമാരിൽ നിന്നും അനാവശ്യ സന്ദേശങ്ങളിൽ നിന്നും രക്ഷ നേടാൻ ചില മുൻകരുതലുകൾ സ്വീകരിക്കാമെന്ന് സൈബർ സുരക്ഷാ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പരിചയമില്ലാത്ത ആളുകൾ ഉൾപ്പെടുന്ന വലിയ വാട്സാപ്പ് ഗ്രൂപ്പുകളിൽ ചേരുന്നത് മൊബൈൽ നമ്പർ കൂടുതൽ അപരിചിതർക്കു ലഭിക്കാൻ കാരണമാകുന്നുവെന്നും അവർ മുന്നറിയിപ്പ് നൽകുന്നു. അത്തരം ഗ്രൂപ്പുകളിൽ ചേരേണ്ടിവരുന്ന സാഹചര്യത്തിൽ, സ്വകാര്യ നമ്പറിനു പകരം മറ്റൊരു നമ്പർ ഉപയോഗിക്കുന്നതാണ് ഉചിതമെന്ന് നിർദ്ദേശിക്കുന്നു.
വ്യത്യസ്ത നമ്പറിൽ വാട്സാപ്പ് രജിസ്റ്റർ ചെയ്യാം
സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന പ്രധാന നമ്പർ ഉപയോഗിച്ച് വാട്സാപ്പ് രജിസ്റ്റർ ചെയ്യാതെ, വേറിട്ട നമ്പർ ഉപയോഗിക്കുന്നതിലൂടെ സ്വകാര്യത കൂടുതൽ ഉറപ്പാക്കാനാകും. വാട്സാപ്പ് രജിസ്റ്റർ ചെയ്യാൻ ഉപയോഗിക്കാവുന്ന ചില മാർഗങ്ങൾ ഇവയാണ്:
സെക്കൻഡറി ഫോൺ നമ്പർ
വിർച്വൽ ഫോൺ നമ്പർ
ഗൂഗിൾ വോയ്സ് നമ്പർ
ബിസിനസ് ഫോൺ നമ്പർ
കൂടാതെ, ലാൻഡ്‌ലൈൻ നമ്പർ ഉപയോഗിച്ചും വാട്സാപ്പ് രജിസ്റ്റർ ചെയ്യാൻ സാധിക്കും. രജിസ്‌ട്രേഷൻ സമയത്ത് നമ്പർ നൽകിയ ശേഷം വെരിഫിക്കേഷനായി ‘സെൻഡ് എസ്‌എംഎസ്’ എന്നതിന് പകരം ‘കാൾ മീ’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കണം. ഇതുവഴി വെരിഫിക്കേഷൻ കോഡ് ഫോൺ കോൾ ആയി ലഭിക്കും.
അതേസമയം, ഇൻസ്റ്റഗ്രാം, ട്വിറ്റർ തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ പോലെ ഫോൺ നമ്പറിനു പകരം യൂസർനെയിം ഉപയോഗിച്ച് ആളുകളെ തിരയാനും ബന്ധപ്പെടാനും കഴിയുന്ന സുരക്ഷാ ഫീച്ചർ കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങളും വാട്സാപ്പ് തുടരുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ സൗകര്യം നടപ്പിലാകുന്നതോടെ ഉപയോക്താക്കളുടെ സ്വകാര്യത കൂടുതൽ ശക്തമാകുമെന്നാണ് വിലയിരുത്തൽ.

Leave a Reply