ഹെന്റെ പൊന്നോ! നഷ്ടപ്പെട്ട 12.5 ലക്ഷം രൂപയുടെ സ്വർണം തിരികെ എത്തിയ അദ്ഭുതകഥ; സിനിമയെ വെല്ലുന്ന സംഭവങ്ങൾ

വീട്ടിൽ നിന്ന് നഷ്ടമായ 12.5 ലക്ഷം രൂപയിലധികം മൂല്യമുള്ള സ്വർണം അതിസാഹസികമായ വഴികളിലൂടെ ഉടമയുടെ കൈകളിലേക്ക് തിരികെ എത്തിയ സംഭവമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ചവറുകൂന മുതൽ ഗോൾഡ് സൂഖ്, പിന്നീട് പൊലീസ് സ്റ്റേഷൻ വഴി സ്വർണം തിരിച്ചുകിട്ടിയ ഈ സംഭവം സിനിമയെ വെല്ലുന്ന നിമിഷങ്ങളായിരുന്നു ഒരുക്കിയത്. പ്രവാസി കുടുംബാംഗമായ കാമിനി കണ്ണൻ, 8 ഗ്രാം വീതമുള്ള നാല് സ്വർണ നാണയങ്ങളും 24 കാരറ്റിന്റെ 50 ഗ്രാം സ്വർണ ബാറും ഒരു ചെറിയ സഞ്ചിയിൽ സൂക്ഷിച്ച് ഫ്ലാറ്റിലെ മേശപ്പുറത്ത് വെച്ചിരുന്നു. എന്നാൽ അൽപസമയം കഴിഞ്ഞപ്പോൾ ഈ സഞ്ചി കാണാതായി. ഇതേസമയം, കടലാസുകളും മറ്റു മാലിന്യങ്ങളും ബിൽഡിങ്ങിലെ ഗാർബേജ് മുറിയിലേക്ക് മാറ്റുന്നതിനിടെ, കാമിനിയുടെ മകൻ അഭിമന്യു അറിയാതെ സ്വർണ സഞ്ചിയും മാലിന്യങ്ങളോടൊപ്പം നീക്കം ചെയ്തു.

വിപണിയിൽ 50,000 ദിർഹത്തിലധികം (ഏകദേശം 12.5 ലക്ഷം ഇന്ത്യൻ രൂപ) മൂല്യമുള്ള സ്വർണം ചവറുകൂനയിൽ അകപ്പെട്ടതോടെ കുടുംബം വലിയ ആശങ്കയിലായി. ബിൽഡിങ്ങിലെ സെക്യൂരിറ്റിയെ വിവരം അറിയിച്ചപ്പോഴേക്കും മാലിന്യങ്ങൾ ശേഖരിക്കാൻ എത്തിയ ട്രക്ക് അവ സംഭരണ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. വലിയ മാലിന്യക്കൂമ്പാരത്തിൽ നിന്ന് ആ ചെറിയ സഞ്ചി കണ്ടെത്തുക അസാധ്യമായ കാര്യമെന്നായിരുന്നു ആദ്യ വിലയിരുത്തൽ. ഇതിനിടെയാണ് അപ്രതീക്ഷിതമായ വഴിത്തിരിവ് ഉണ്ടായത്. മാലിന്യങ്ങൾ വേർതിരിക്കുന്നതിനിടെ ഒരു തൊഴിലാളിക്ക് സ്വർണ സഞ്ചി ലഭിച്ചു. ഇത് വിൽക്കാനായി ഇയാൾ നേരിട്ട് ദുബായ് ഗോൾഡ് സൂഖിലെ ഒരു ജ്വല്ലറിയിലെത്തി. എന്നാൽ ഇത്രയും വിലപിടിപ്പുള്ള സ്വർണം ഒരു സാധാരണ തൊഴിലാളിയുടെ കൈവശം കണ്ടതിൽ സംശയം തോന്നിയ ജ്വല്ലറിക്കാർ ഉടൻ പൊലീസിനെ വിവരം അറിയിച്ചു.

പൊലീസ് സ്ഥലത്തെത്തി നടത്തിയ ചോദ്യം ചെയ്യലിലാണ് സ്വർണം മാലിന്യക്കൂമ്പാരത്തിൽ നിന്ന് ലഭിച്ചതാണെന്ന വിവരം പുറത്തുവന്നത്. തുടർന്ന് ഈ മാലിന്യം ശേഖരിച്ച കെട്ടിടം കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു. മാലിന്യം ശേഖരിച്ച കെട്ടിടങ്ങളുടെ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തിയിരുന്നതിനാൽ പൊലീസ് അധികസമയം ചെലവഴിക്കാതെ തന്നെ കെട്ടിടം തിരിച്ചറിഞ്ഞു.
അവിടെ താമസിക്കുന്നവരിൽ ആരെങ്കിലും സ്വർണം നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന അന്വേഷണത്തിലൂടെയാണ് കാമിനി കണ്ണന്റെ കുടുംബത്തിലേക്ക് പൊലീസ് എത്തിയത്. ആവശ്യമായ പരിശോധനകൾ പൂർത്തിയാക്കിയ ശേഷം, നഷ്ടമായ സ്വർണം മുഴുവൻ ഉടമസ്ഥയ്ക്ക് തിരികെ കൈമാറി.
ചവറുകൂനയിലൂടെ കൈവിട്ടു പോയ സ്വർണം, അദ്ഭുതത്തെ പോലും തോൽപ്പിക്കുന്ന വിധത്തിൽ ഉടമയുടെ കൈകളിലേക്ക് തിരികെ എത്തിയ ഈ സംഭവം ദുബായിൽ വലിയ ശ്രദ്ധ നേടുകയാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

യുഎഇയിൽ മെട്രോയിൽ കരുതിയിരുന്നോ! നിയമം തെറ്റിച്ചാൽ വൻ പിഴ; പരിശോധന കർശനമാക്കി ആർടിഎ

ദുബായ്: ദുബായ് മെട്രോയിലെ യാത്ര കൂടുതൽ സുരക്ഷിതവും അച്ചടക്കമുള്ളതുമാക്കാൻ നിയമലംഘകർക്കെതിരെ കടുത്ത നടപടികളുമായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). സ്റ്റേഷനുകളിലും ട്രെയിനുകളിലും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി നിയമങ്ങൾ ലംഘിക്കുന്നവരിൽ നിന്ന് 100 ദിർഹം മുതൽ 2,000 ദിർഹം വരെ പിഴ ഈടാക്കാനാണ് തീരുമാനം. യാത്രാ മര്യാദകൾ പാലിക്കാത്തവർക്കെതിരെ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് അധികൃതർ വ്യക്തമാക്കി.

മെട്രോ ക്യാബിനുകളിൽ ഭക്ഷണം കഴിക്കുകയോ പാനീയങ്ങൾ കുടിക്കുകയോ ചെയ്യുന്നത് പിഴ ലഭിക്കാവുന്ന കുറ്റമാണ്. കൂടാതെ, സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള ക്യാബിനുകളിൽ പുരുഷന്മാർ പ്രവേശിക്കുകയോ ഗോൾഡ് ക്ലാസ് ടിക്കറ്റില്ലാതെ ആ ക്യാബിനിൽ ഇരിക്കുകയോ ചെയ്യുന്നതും ശിക്ഷാർഹമാണ്. ടിക്കറ്റില്ലാതെ യാത്ര ചെയ്യുക, ട്രെയിനിലും സ്റ്റേഷനിലും പുകവലിക്കുക, പൊതുമുതൽ നശിപ്പിക്കുക എന്നിവ ഗുരുതരമായ നിയമലംഘനങ്ങളുടെ പരിധിയിൽ വരും.

അടിയന്തര സാഹചര്യങ്ങളിലല്ലാതെ എമർജൻസി സംവിധാനങ്ങളിൽ അനാവശ്യമായി ഇടപെടുന്നവർക്ക് 2,000 ദിർഹം വരെയാണ് പിഴ ഒടുക്കേണ്ടി വരിക. കുറ്റങ്ങൾ ആവർത്തിക്കുന്ന സാഹചര്യമുണ്ടായാൽ കർശനമായ മറ്റ് നിയമനടപടികളും നേരിടേണ്ടി വരും. യാത്രക്കാരെ ബുദ്ധിമുട്ടിക്കാനല്ല, മറിച്ച് ലോകോത്തര നിലവാരമുള്ള ദുബായ് മെട്രോയുടെ സൗകര്യങ്ങൾ സംരക്ഷിക്കാനും യാത്രക്കാർക്ക് മികച്ച അനുഭവം ഉറപ്പാക്കാനുമാണ് ഈ നടപടികളെന്ന് ആർടിഎ അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

പ്രവാസികൾക്ക് ആശ്വാസം: കേരളത്തിലേക്കുള്ള വിമാന സർവീസുകൾ കൂട്ടാൻ ഇന്ത്യ-യുഎഇ ധാരണ

യുഎഇയിൽ നിന്നും കേരളത്തിലെ വിവിധ നഗരങ്ങളിലേക്ക് കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കുന്നതിനുള്ള നിർണായക ചർച്ചകൾ പൂർത്തിയായി. ഹൈദരാബാദിൽ നടന്ന ‘വിങ്സ് ഓഫ് ഇന്ത്യ 2026’ സമ്മേളനത്തിനിടെ കേന്ദ്ര വ്യോമയാന മന്ത്രി കെ. റാംമോഹൻ നായിഡുവും യുഎഇ മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറിയുമാണ് പ്രവാസികൾക്ക് പ്രതീക്ഷ നൽകുന്ന ഈ കൂടിക്കാഴ്ച നടത്തിയത്.

നിലവിലുള്ള വിമാന സീറ്റ് ക്വോട്ട കരാർ പൂർണ്ണമായും വിനിയോഗിക്കപ്പെട്ട സാഹചര്യത്തിൽ, യാത്രക്കാരുടെ വർധനവ് കണക്കിലെടുത്ത് കരാർ പുതുക്കാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചു. ഇത് നിലവിൽ വരുന്നതോടെ കണ്ണൂർ, കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്ക് കൂടുതൽ വിമാനങ്ങൾ എത്തും. 2014-ന് ശേഷം കരാർ പുതുക്കാത്തത് സർവീസുകളുടെ എണ്ണം വർധിപ്പിക്കുന്നതിന് തടസ്സമായിരുന്നു. പുതിയ കരാർ പ്രാബല്യത്തിൽ വരുന്നതോടെ കൂടുതൽ സീറ്റുകൾ ലഭ്യമാകുകയും വിമാന കമ്പനികൾ തമ്മിലുള്ള മത്സരം കാരണം ടിക്കറ്റ് നിരക്ക് കുറയാൻ സാധ്യത തെളിയുകയും ചെയ്യും.

കൊച്ചി ആസ്ഥാനമായുള്ള അൽ ഹിന്ദ് എയർ ഉൾപ്പെടെയുള്ള പുതിയ വിമാന കമ്പനികൾ ഈ വർഷം പ്രവർത്തനം തുടങ്ങുന്നതും പ്രവാസികൾക്ക് വലിയ ഗുണകരമാകും. ഉഭയകക്ഷി വ്യാപാര ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വ്യോമയാന മേഖലയിൽ വലിയ മാറ്റങ്ങളാണ് വരാനിരിക്കുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Comments

Leave a Reply

Your email address will not be published. Required fields are marked *